|    Dec 13 Thu, 2018 4:38 am
FLASH NEWS

തൊടുപുഴ നഗരസഭാ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് ബഹളം

Published : 6th May 2018 | Posted By: kasim kzm

തൊടുപുഴ: കോളജ് നിര്‍മിച്ചത് റോഡ് കൈയേറിയാണെന്നും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ച് തൊടുപുഴ നഗരസഭാ കൗണ്‍സിലില്‍ ബഹളം. കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് ബഹളമുണ്ടാക്കിയതോടെ കൗണ്‍സില്‍ യോഗം അലങ്കോലപ്പെട്ടു. തൊടുപുഴ ന്യൂമാന്‍ കോളജിന്റെ പ്രവേശന കവാടത്തില്‍ നിന്ന്കാഞ്ഞിരമറ്റം-മങ്ങാട്ടുകവല ബൈപാസ് വരെ 18 മീറ്റര്‍ നീളത്തിലും 4.60 മീറ്റര്‍ വീതിയിലും മുന്‍സിപ്പല്‍ റോഡ് കൈയേറിയിട്ടുണ്ടെന്ന സബ് കമ്മിറ്റിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചയാണ് ബഹളത്തില്‍ കലാശിച്ചത്.
നിലവില്‍ കോളജിന്റെ പ്രവേശന കവാടം മാറ്റി സ്ഥാപിച്ചതായും പ്രസ്തുത ഭാഗത്ത് നഗരസഭ റോഡിന് 4.60 മീറ്റര്‍ വീതിയുള്ളതായും നഗരസഭയുടെ ആസ്തി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. നഗരസഭയുടെ അനുമതി വാങ്ങാതെയാണ് റോഡ് നിര്‍മിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ റിപോര്‍ട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്ത് വന്നു. വര്‍ഷങ്ങളായി കോളജ് ഉപയേഗിക്കുന്ന റോഡാണിതെന്ന നിലപാടാണ് ജെസി ആന്റണി സ്വീകരിച്ചത്. എന്നാല്‍, ആര്‍ ഹരി ഇത് ശക്തമായി എതിര്‍ത്തു. കൈയേറ്റം മൂടിവയ്ക്കാന്‍ ശ്രമിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടി വാരിയിടുന്ന പരിപാടിയാണെന്ന് അദേഹം ആരോപിച്ചു.
വൈസ് ചെയര്‍മാനുള്‍പ്പെട്ട സബ് കമ്മിറ്റിയായിട്ടുകൂടി വേണ്ട നടപടിയെടുക്കാത്തതില്‍ ഭൂരിഭാഗം കൗണ്‍സിലര്‍മാരും രൂക്ഷ വിമര്‍ശനം നടത്തി. 2016 ല്‍ കൗണ്‍സില്‍ പരിഗണനയ്ക്കു വെച്ച വിഷയം ഇത്രയും കാലതാമസമെടുത്ത് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയെടുക്കാന്‍ കഴിയാത്തത്തിലും ഈ വിഷയത്തിലെ ചര്‍ച്ച പിന്നീടേയ്ക്ക് മാറ്റിയതിനെയും കൗണ്‍സിലര്‍ ഷിംനാസ് രൂക്ഷമായി വിമര്‍ശിച്ചു. ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെവര്‍ക്ക് ജനകീയ വിഷയത്തില്‍ പ്രതിവിധി കണ്ടെത്താന്‍ കഴിയാത്തത് കഴിവുകേട് തന്നെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
കൈയേറ്റ ഭൂമി തിരിച്ചെടുക്കാന്‍ ശ്രമിക്കാതെ ന്യായീകരിക്കാന്‍ അഞ്ചോളം ശുപാര്‍ശകള്‍ കൗണ്‍സിലില്‍ അവതരിപ്പിച്ചതിനെ രേണുക രാജശേഖരന്‍ ചോദ്യം ചെയ്തു. കൈയേറ്റ വിഷയത്തില്‍ അന്തിമ നിലപാട് ഉടന്‍ സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ പറഞ്ഞു.
ഗാന്ധി സ്‌ക്വയറിലെ നഗരസഭ ഷോപ്പിങ് കോംപ്ലക്‌സ് പുതുക്കിപ്പണിയാനുള്ള പദ്ധതിയുടെ പുതിയ രൂപരേഖ കൗണ്‍സില്‍ അംഗീകരിച്ചു. സബ് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമുള്ള ഭേദഗതികളോടെയാണ് രൂപരേഖ  അവതരിപ്പിച്ചത്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാന്‍ കോട്ടയം ഗവര്‍ണ്‍മെന്റ് എന്‍ജിനീയറിങ് കോളജിലെ ആര്‍ക്കിടെക്ചര്‍ വിഭാഗം അധ്യാപിക അമ്പിളിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു. കഴിഞ്ഞ മാസം19ന് രൂപരേഖ കൗണ്‍സിലില്‍ അവതരിപ്പിച്ചിരുന്നു.
കൊമേഷ്യല്‍ ഏരിയക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കണമെന്ന അഭിപ്രായം കൗണ്‍സിലില്‍ ഉയര്‍ന്നതും മറ്റു നിര്‍ദേശങ്ങളുണ്ടായതും രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതമാക്കുകയായിരുന്നു. തുടര്‍ന്നാണ് പ്ലാന്‍ പരിശോധിക്കാന്‍ സബ് കമ്മിറ്റിയെ നിയോഗിച്ചത്. 28ന് സബ് കമ്മിറ്റി ചേരുകയും ഭേദഗതികള്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
34 സെന്റില്‍ അഞ്ച് നിലകളിലായി 36,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള ഷോപ്പിങ് കോംപ്ലക്‌സാണ് രൂപരേഖ പ്രകാരം വിഭാവനം ചെയ്യുന്നത്. ഇതില്‍ 20,000 സ്‌ക്വയര്‍ ഫീറ്റും വാണിജ്യ മേഖലയ്ക്കായാണ് മാറ്റി വച്ചിരിക്കുന്നത്. സബ് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം കെട്ടിടത്തിലെ രണ്ട് ലിഫ്റ്റുകളുടെ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. ആറു പേര്‍ക്ക് കയറാവുന്നതിന് പകരം 12 പേര്‍ക്ക് വീതം കയറാവുന്ന രീതിയിലാണ് ലിഫ്റ്റുകള്‍ പുതിയ രൂപരേഖയിലുള്ളത്.
ആദ്യ പ്ലാനിലുണ്ടായിരുന്ന ബേസ്‌മെന്റിലേക്കുള്ള ആക്‌സസ് റാമ്പ് പിന്നീട് മാറ്റിയിരുന്നു. അത് നിലനിര്‍ത്താനും തീരുമാനമായി. ജോഗിങ് പാത്തിന്റെ കുറഞ്ഞ വീതി 1.5ല്‍ നിന്ന് രണ്ട് മീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. സ്ട്രക്ചറല്‍ ഫാക്കേഡ് ഒഴിവാക്കാനും സബ് കമ്മിറ്റി തീരുമാനിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss