|    Sep 25 Tue, 2018 10:15 pm
FLASH NEWS

കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതിയെ ബിജെപി പരിപാടിയാക്കിയെന്ന് ആക്ഷേപം : തൊടുപുഴ നഗരസഭയെ അവഗണിച്ചെന്ന് കൗണ്‍സില്‍

Published : 13th June 2017 | Posted By: fsq

 

തൊടുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതിയെ ബിജെപി  പരിപാടിയാക്കിയെന്ന് ആക്ഷേപം. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ നേതൃത്വത്തില്‍ പിഎംഎവൈ ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് ഇന്ന് തൊടുപുഴയില്‍ സംഘടിപ്പിക്കുന്ന സബ്കാ സാത്ത് സബ്കാ വികാസ് പരിപാടിയില്‍ നഗരസഭയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പങ്കെടുക്കുന്ന പരിപാടിയിലാണ് നഗരസഭയെ അവഗണിച്ചതായി എല്‍ഡിഎഫ്-യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വിമര്‍ശനം ഉന്നയിച്ചത്. യുഡിഎഫ് കൗണ്‍സിലര്‍ എ എം ഹാരിദാണ് ആദ്യം പ്രശ്‌നം ഉന്നയിച്ചത്. പിഎംഎവൈ പദ്ധതി നടപ്പാക്കുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ്. നഗരസഭ പദ്ധതി നടപ്പിലാക്കാന്‍ പ്രത്യേക താല്‍പ്പര്യം എടുക്കുകയും ചെയ്തു. എന്നാല്‍ ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മുഖാന്തിരം കഴിഞ്ഞ ദിവസമാണ് മുനിസിപ്പാലിറ്റിക്ക് ഇന്നു നടക്കുന്ന പരിപാടിയേക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പ് ലഭിക്കുന്നത്. പദ്ധതി നിര്‍വഹണത്തിന് പ്രധാന പങ്കു വഹിച്ച നഗരസഭയെ ഇങ്ങനെയായിരുന്നില്ല ക്ഷണിക്കേണ്ടിയിരുന്നത്. പരിപാടി സംഘടിപ്പിക്കാനായി നഗരസഭാ ജീവനക്കാര്‍ ഇപ്പോള്‍ ഓടി നടക്കുകയാണ്. ഫലത്തില്‍ നോഡല്‍ ഏജന്‍സിക്ക് പകരം ബിജെപി നേതാക്കളാണ് കൗണ്‍സിലര്‍മാരെയും ഗുണഭോക്താക്കളേയും ക്ഷണിക്കുന്നതെന്നും ഹാരിദ് കുറ്റപ്പെടുത്തി.എല്‍ഡിഎഫ് കൗണ്‍സിലര്‍ രാജീവ് പുഷ്പാംഗദനും എ എം ഹാരിദിന്റെ അഭിപ്രായത്തെ പിന്താങ്ങി. കേന്ദ്ര സര്‍ക്കാരിനൊപ്പം സംസ്ഥാന സര്‍ക്കാരും മുനിസിപ്പാലിറ്റിയും രാഷ്ട്രീയത്തിന് അതീതമായി നിന്നതിനാലാണ് പദ്ധതി വിജയമായത്. അതിനാല്‍ നഗരസഭയ്ക്ക് അര്‍ഹമായ പരിഗണന നല്‍കാഞ്ഞത് പ്രതിഷേധാര്‍ഹമാണെന്നും രാജീവ് പുഷ്പാംഗദന്‍ പറഞ്ഞു. എന്നാല്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു. കിട്ടാനുള്ള കേന്ദ്രഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് നഗരസഭയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭ പാര്‍ക്കിലെ ഐസ്‌ക്രീം പാര്‍ലര്‍ പ്രവര്‍ത്തിച്ച് വന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ ഐസ്‌ക്രീം പാര്‍ലറാക്കാനും ഒന്നാം നില ആര്‍ക്കൈവ്‌സ് മ്യൂസിയമാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. മ്യൂസിയത്തിന്റെ നിര്‍മാണത്തിനായി സബ് കമ്മിറ്റി രൂപീകരിച്ചു.ഉറുമ്പില്‍ പാലത്തിന് സമീപം ഉറുമ്പിത്തോട്ടിലെ സംരക്ഷണ ഭിത്തി കനത്ത മഴയില്‍ തകര്‍ന്നതും കൗണ്‍സിലില്‍ ചര്‍ച്ചയായി. വാര്‍ഡ് കൗണ്‍സിലര്‍ രേണുക രാജശേഖരന്‍ വാര്‍ഡ് ഫണ്ടുപയോഗിച്ച് സംരക്ഷണ ഭിത്തി കെട്ടിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പാലത്തിന് ബലക്ഷയം വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ പാലം ബലവത്താക്കാനുള്ള നടപടി ചെയ്യണമെന്നും രേണുക രാജശേഖരന്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss