|    Nov 14 Wed, 2018 12:06 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തൊടുപുഴ കൂട്ടക്കൊലപാതകം: രണ്ടുപേര്‍ കസ്റ്റഡിയില്‍

Published : 4th August 2018 | Posted By: kasim kzm

തൊടുപുഴ: കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ തൊടുപുഴ, പാമ്പാടുംപാറ സ്വദേശികള്‍ കസ്റ്റഡിയില്‍. ജ്യോതിഷവും മന്ത്രവാദം തുടങ്ങിയവയുമായി ബന്ധപ്പെട്ട രണ്ടുപേരെയാണ് കസ്റ്റഡിയില്‍ ചോദ്യംചെയ്തുവരുന്നത്.
ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുമായി കൂട്ടുചേര്‍ന്നാണ് കൊല്ലപ്പെട്ട കൃഷ്ണന്‍ മന്ത്രവാദവും മറ്റ് ആഭിചാരക്രിയകളും നടത്തിയിരുന്നത്. ഇവരിലൊരാള്‍ നെടുങ്കണ്ടത്തും മറ്റൊരാള്‍ ഒളമറ്റത്തുമാണ് താമസം. ഒളമറ്റത്തെ ജ്യോതിഷനുമായി വളരെ അടുത്ത സൗഹൃദമാണ് കൃഷ്ണനുണ്ടായിരുന്നത്. ഇയാളുടെ വീട്ടിലെ പതിവ് സന്ദര്‍ശകനുമായിരുന്നു കൃഷ്ണന്‍. നെടുങ്കണ്ടം പാമ്പാടുംപാറ സ്വദേശിയാണ് പോലിസ് കസ്റ്റഡിയിലുള്ള മറ്റൊരാള്‍. കൃഷ്ണനുമായി കൂടുതല്‍തവണ ഫോണില്‍ ബന്ധപ്പെട്ടത് ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്. കൃഷ്ണനുമായി മന്ത്രവാദവുമായി ബന്ധപ്പെട്ടുള്ള ഏര്‍പ്പാടുകള്‍ ഇയാള്‍ നടത്തിയിരുന്നതായും വസ്തു, പണമിടപാടുകള്‍ ഉണ്ടായിരുന്നതായും വിവരം ലഭിച്ചു. ചോദ്യംചെയ്യാനായി സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ലാ പോലിസ് ചീഫ് കെ ബി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പോലിസ് ഇയാളെ ചോദ്യം ചെയ്തത്. ഇതിനിടെ കൃഷ്ണന്റെ സന്തതസഹചാരിയായി താടി വച്ച ഒരാള്‍ പതിവായി ബൈക്കില്‍ വീട്ടില്‍ എത്താറുണ്ടായിരുന്നതായി സഹോദരന്‍ പോലിസിനോട് വെളിപ്പെടുത്തി. എന്നാല്‍ സംഭവത്തിനു ശേഷം ഇയാളെ കണ്ടിട്ടില്ലെന്നും കൂടുതല്‍ ഒന്നുമറിയില്ലെന്നും പറയുന്നു.
തൊടുപുഴ ഡിവൈഎസ്പി കെ പി ജോസിന്റെ നേതൃത്വത്തില്‍ മൂന്ന് സിഐമാര്‍ ഉള്‍പ്പെടുന്ന 25 അംഗ സംഘമാണ് അന്വേഷണത്തിനു നേതൃത്വം ന ല്‍കുന്നത്. ഇതുവരെ 120ഓളം പേരെ മൂന്ന് ടീമുകളും ചോദ്യംചെയ്തിട്ടുണ്ട്. ഇതിനു പുറമേ സംശയമുള്ള 15 പേരുടെ പട്ടിക കൂടി പോലിസ് തയ്യാറാക്കി. ഞായറാഴ്ച രാത്രിയാണു കാനാട്ടു വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവരുടെ കൊലപാതകം നടന്നത്. കുറ്റവാളികള്‍ ഉടന്‍ കുടുങ്ങുമെന്ന് ഡിവൈഎസ്പി തേജസിനോട് പറഞ്ഞു. കൊലപാതക കാരണം വ്യക്തമല്ല. കൃഷ്ണന്റെ വീട്ടില്‍ നിന്ന് 30 പവനിലധികം സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായും പോലിസ് സംശയിക്കുന്നു. പൂജ ചെയ്തു കിട്ടുന്ന പണംകൊണ്ടു കൃഷ്ണന്‍ സ്വര്‍ണാഭരണങ്ങള്‍ ധാരാളമായി വാങ്ങിയിരുന്നുവെന്ന് പോലിസിന് തെളിവു ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച ഇവരുടെ വീട്ടിലും പരിസരത്തും വന്ന വാഹനങ്ങളും ഫോ ണ്‍ കോളുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ പ്രദേശത്തുള്ള സിസിടിവികളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കൃഷ്ണന്റെയും ഭാര്യയുടെയും മകളുടെയും മൊബൈല്‍ ഫോണുകള്‍ ലഭിച്ചു. ഇതിലെ കോള്‍ വിവരങ്ങള്‍ അടുത്തദിവസം പരിശോധിക്കും. പ്രവര്‍ത്തനക്ഷമമല്ലാത്ത നാലാമതൊരു ഫോണ്‍ കൂടി ലഭിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss