|    Jan 24 Tue, 2017 6:30 am

തൊടുപുഴയില്‍ പി ജെ ജോസഫിനെതിരേ മാണി ഗ്രൂപ്പ് നേതാവ് പരിഗണനയില്‍

Published : 26th March 2016 | Posted By: RKN

സി എ സജീവന്‍തൊടുപുഴ: തൊടുപുഴയില്‍ പി ജെ ജോസഫിനെതിരെ സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് പരിഗണിക്കുന്നത് മാണി ഗ്രൂപ്പ് നേതാവിനെ. ഇദ്ദേഹവുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ജയം ഉറപ്പില്ലാത്ത മണ്ഡലത്തില്‍ എതിരാളിയുടെ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി വോട്ടു ചോര്‍ത്താനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. പുറമേ മുനിസിപ്പല്‍ ഭരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ലക്ഷ്യവും ഇതിനുണ്ടെന്നറിയുന്നു.അതിനിടെ, തൊടുപുഴയിലെ സിപിഎം നേതാക്കള്‍ തമ്മിലുള്ള ശീതസമരം സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനു തടസ്സമാവുന്നതായും പിന്നാമ്പുറമുണ്ട്. തൊടുപുഴയില്‍ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റംഗം ഏരിയാ സെക്രട്ടറിയുമായി അത്ര നല്ല യോജിപ്പിലല്ല. പാര്‍ട്ടി സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെ വെട്ടിനിരത്തിയതാണ് ഇതിനു കാരണമായത്. സെക്രട്ടേറിയറ്റംഗത്തിന്റെ നീക്കങ്ങള്‍ ഒന്നും അറിയാന്‍ കഴിയുന്നില്ലെന്ന് ഏരിയാ സെക്രട്ടറി പാര്‍ട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു.എക്കാലത്തും കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ വിളനിലമാണ് തൊടുപുഴ. രണ്ടു മുന്നണികളില്‍ മാറിമാറി നിന്നപ്പോഴും ഒരിക്കലൊഴിച്ച് പി ജെ ജോസഫിനെ തൊടുപുഴ കൈവിട്ടിട്ടില്ല. പാര്‍ട്ടിയിലെ ഇപ്പോഴത്തെ വിമതരുടെ വേര്‍പിരിയല്‍ മണ്ഡലത്തിലെ ജോസഫിനുള്ള വോട്ടുകണക്കില്‍ കാര്യമായ മാറ്റമുണ്ടാക്കില്ലെന്നാണ് കരുതുന്നത്.തൊടുപുഴ മുനിസിപ്പാലിറ്റി, ആലക്കോട്, ഇടവെട്ടി, കരിമണ്ണൂര്‍, കരിങ്കുന്നം, കുമാരമംഗലം, ഉടുമ്പന്നൂര്‍, വണ്ണപ്പുറം(എല്ലാം യുഡിഎഫ്), മുട്ടം (യുഡിഎഫ് പിന്തുണയോടെ വിമത), പുറപ്പുഴ(കേരളാ കോണ്‍ഗസ് ഒറ്റയ്ക്ക്), വെള്ളിയാമറ്റം, മണക്കാട്, കോടിക്കുളം (എല്ലാം എല്‍ഡിഎഫ്) എന്നിങ്ങനെയാണ് ജില്ലയിലെ ലോറേഞ്ചിലെ ഏക നിയമസഭാ മണ്ഡലത്തിനു കീഴിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ സ്ഥിതി. നഗരസഭയിലും മറ്റും എല്‍ഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കിയിരുന്നു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തും അവര്‍ നേടി. നഗരസഭയില്‍ എട്ടു കൗണ്‍സിലര്‍മാരുള്ള തൊടുപുഴയെ ശക്തികേന്ദ്രമായാണ് ബിജെപി കണക്കാക്കുന്നത്.കോണ്‍ഗസ്സിലെ സി എ മാത്യുവാണ് തൊടുപുഴയുടെ പ്രഥമ എംഎല്‍എ. 1957ല്‍ സിപിഐയിലെ കെ നാരായണന്‍ നായരെയാണ് മാത്യു തോല്‍പിച്ചത്. 1960ലും മാത്യു വിജയം ആവര്‍ത്തിച്ചു. സിപിഐയിലെ ജോസ് എബ്രഹാമായിരുന്നു എതിരാളി. 1965ല്‍ കേരളാ കോണ്‍ഗ്രസ് ടിക്കറ്റില്‍ സി എ മാത്യു ഹാട്രിക് വിജയം നേടി. സ്വതന്ത്ര സ്ഥാനാര്‍ഥി കെ സി സക്കറിയയെയാണ് തോല്‍പിച്ചത്. 1967ലെ തിരഞ്ഞെടുപ്പില്‍ സക്കറിയ തിരിച്ചടിച്ചു. കേരളാ കോണ്‍ഗ്രസ്സിലെ ഇ എം ജോസഫിനെ തോല്‍പിച്ചു. 1970ല്‍ പി ജെ ജോസഫിന്റെ കന്നിയങ്കം. 1635 വോട്ടിന് സിപിഎം സ്വതന്ത്രന്‍ യു കെ ചാക്കോയെ തോല്‍പിച്ചു. 1977, 80, 82, 87 തിരഞ്ഞെടുപ്പുകളില്‍ ജോസഫ് വിജയം ആവര്‍ത്തിച്ചു. 1991ല്‍ മണ്ഡലം കേരളാ കോണ്‍ഗ്രസ്സിലെ പി സി ജോസഫിനെ കൈവിട്ടു. പി ടി തോമസ് ജയിച്ചു. 1996ല്‍ വീണ്ടും പി ജെ വിജയം നേടി. 2001ല്‍ പി ജെ ജോസഫിന് കാലിടറി. പി ടി തോമസ് ജയിച്ചു. 2006ല്‍ പി ജെ വിജയം തിരിച്ചു പിടിച്ചു. 2011ല്‍ പി ജെ സിപിഎം സ്വതന്ത്രനായ ജോസഫ് അഗസ്റ്റിനെയാണ് വീഴ്ത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 85 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക