|    May 23 Tue, 2017 10:55 am
FLASH NEWS

തൊടുപുഴയില്‍ നിലംനികത്താന്‍മാഫിയാസംഘങ്ങള്‍

Published : 18th October 2016 | Posted By: Abbasali tf

തൊടുപുഴ: തൊടുപുഴ മേഖലയില്‍ അനധികൃത മണ്ണെടുപ്പും നിലംനികത്തലും വ്യാപകമാവുന്നു. തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളായ കുമാരമംഗലം, ഇടവെട്ടി, കരിങ്കുന്നം, ആലക്കോട് എന്നിവിടങ്ങളിലാണ് രാഷ്ട്രീയ ഉദ്യോഗസ്ഥ ഒത്താശയോടെ ഏക്കര്‍ കണക്കിന് പാടശേഖരങ്ങള്‍ അപ്രത്യക്ഷമായത് .പരാതിയുമായി പ്രദേശവാസികള്‍ രംഗത്തെത്തിയാല്‍ ഇവരെ മണ്ണ് മാഫിയ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണ്.തൊടുപുഴക്ക് സമീപപ്രദേശത്തെ പല പഞ്ചായത്തുകളിലും വയല്‍നികത്തല്‍ സജീവമാണ്.വീട് നിര്‍മിക്കാനെന്ന പേരിലാണ് നികത്തല്‍ എങ്കിലും ഒറ്റ രാത്രി കൊണ്ട് ഒരു പ്രദേശം തന്നെ വെളുപ്പിച്ചെടുക്കും.ആരെങ്കിലും വിവരമറിയിച്ച് ഉദ്യോഗസ്ഥരെത്തിയാല്‍ അവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ പ്രാദേശിക നേതാക്കളുമുണ്ട്.തൊടുപുഴ നഗരത്തിലെ മിക്ക നെല്‍പാടങ്ങളും ഭൂമാഫിയ നികത്തി കൂറ്റന്‍ കെട്ടിടങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്.തൊടുപുഴ, മുവാറ്റുപുഴ റോഡിലെ നികത്തപ്പെട്ട പാടങ്ങളില്‍ കുറ്റന്‍ കോണ്‍ക്രീറ്റ് മന്ദിരങ്ങളാണ് ഉയരുന്നത്. മുതലക്കോടത്തും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ ഏക്കര്‍ കണക്കിന് പാട ശേഖരമാണ് അടുത്തിടെ തുടച്ചുനീക്കപ്പെട്ടത്. പരാതിയുമായി എത്തിയവരെയൊക്കെ ഭൂമാഫിയ ഭീഷണിപ്പെടുത്തിയും നിശബ്ദരാക്കിയും മടക്കിയയച്ചു.  കഴിഞ്ഞദിവസം കുമാരമംഗലം ഉരിയരിക്കുന്ന് ഭാഗത്ത് അനധികൃതമായി മണ്ണെടുപ്പ് നടത്തിയിരുന്ന ടിപ്പര്‍ റവന്യൂ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. കലക്ടറുടെയും തഹസില്‍ദാരുടെയും നിര്‍ദേശ പ്രകാരം നടത്തിയ പരിശോധയിലാണ് മണ്ണെടുപ്പ് കണ്ടെത്തിയത്.പാടം നികത്തലിനൊപ്പം ഭീഷണിയാണ് കുന്നിടിക്കലും. കുന്നിടിച്ചെടുക്കുന്ന മണ്ണ് സമീപ ജില്ലകളിലേക്കും വന്‍തോതില്‍ പാടം നികത്തുന്നതിനും മറ്റും കൊണ്ടുപോകുകയാണ് ചെയ്യുന്നത്. കൃഷിയിറക്കാതെ കിടക്കുന്ന നെല്‍വയലുകളും ചതുപ്പും കൂട്ടമായി വാങ്ങിയ ശേഷം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കുന്നുകളിടിച്ച് മണ്ണിട്ട് നികത്തുകയാണ് ചെയ്യുന്നത്. പരാതിയുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചെന്നാല്‍ സ്‌റ്റോപ് മെമ്മോ നല്‍കി രംഗം ശാന്തമാക്കുന്നതാണ് പതിവ് രീതി. കുറച്ച് ദിവസത്തേയ്ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാക്കിയ ശേഷം വീണ്ടും മണ്ണിടല്‍ തുടരും.നികത്തേണ്ട വയലുകളില്‍ മാലിന്യവും ഉപയോഗശൂന്യമായ വസ്തുക്കളും തള്ളുകയാണ് ചെയ്തുവരുന്നത്. തുടര്‍ന്ന് മലിനമാകുന്ന പാടം കെട്ടിയടച്ച് മണ്ണിട്ട് നികത്തിയെടുക്കും. പാടം നികത്തലിനും കുന്നുകള്‍ ഇടിച്ച് മണ്ണ് ഖനനം ചെയ്യന്നതിനുമെതിരെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും പലതും പാതിയില്‍ നിലക്കുകയാണ് ചെയ്യാറുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day