|    Sep 26 Wed, 2018 4:30 pm
FLASH NEWS

തൊടുപുഴയിലെ വഴിയോരക്കച്ചവടക്കാരുടെ കണക്കെടുക്കുന്നു

Published : 19th January 2017 | Posted By: fsq

 

തൊടുപുഴ: നഗരസഭാ പരിധിയിലുള്ള വഴിയോരക്കച്ചവടക്കാരുടെ സര്‍വേയെടുക്കാന്‍ കൗണ്‍സില്‍ തീരുമാനം. ദേശീയ ഉപജീവന മിഷന്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നഗര കച്ചവട സമിതി രൂപീകരിച്ച് വഴിയോരക്കച്ചവടക്കാരുടെ സര്‍വേയെടുക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. ഇതിനു മുന്നോടിയായി നഗരസഭ സെക്രട്ടറി ചെയര്‍മാനായും സിറ്റി പ്രൊജക്ട് ഓഫിസര്‍ കണ്‍വീനറുമായുള്ള സമിതിയേയും തിരഞ്ഞെടുത്തു. കൗണ്‍സിലില്‍ നിന്ന് തിരഞ്ഞെടുക്കുന്ന രണ്ട് അംഗങ്ങള്‍, കലക്ടറുടെ പ്രതിനിധി (തഹസില്‍ദാറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍), നഗരത്തില്‍ ട്രാഫിക്കിന്റെയും ക്രമസമാധാനത്തിന്റെയും ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്‍, ജില്ലാ നഗരാസൂത്രകന്റെ പ്രതിനിധി, മുനിസിപ്പല്‍ എന്‍ജിനീയര്‍, ഹെല്‍ത്ത് ഓഫിസര്‍, തെരുവു കച്ചവടക്കാരുടെ പ്രതിനിധികള്‍ അഞ്ചു പേര്‍, എന്‍ജിഒ, സിബിഒയില്‍ നിന്നുള്ള പ്രതിനിധികള്‍ രണ്ടു പേര്‍, റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍, റസിഡന്റ് അസോസിയേഷന്‍ പ്രതിനിധി രണ്ടു പേര്‍, നഗരത്തിലെ ലീഡ് ബാങ്കിന്റെ പ്രതിനിധി, കച്ചവട മേഖലയില്‍ നിന്നുള്ള പ്രതിനിധി, തൊഴിലാളി സംഘടനയില്‍ നിന്നുള്ള പ്രതിനിധി എന്നിവര്‍ ആയിരിക്കും കച്ചവട സമിതിയിലെ അംഗങ്ങള്‍. കച്ചവട സമിതിയില്‍ പങ്കെടുക്കേണ്ട കൗണ്‍സിലര്‍മാരായി എല്‍ഡിഎഫ് കൗണ്‍സിലര്‍ ആര്‍.ഹരിയെയും വൈസ് ചെയര്‍മാന്‍ യുഡിഎഫിന്റെ ടി.കെസുധാകരന്‍ നായരെയും ഇന്നലെ ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ തിരഞ്ഞെടുത്തു.നഗരസഭാ പരിധിയില്‍ സോഷ്യല്‍ വര്‍ക്ക് ചെയ്യുന്ന വിദ്യാര്‍ത്ഥികളെ സര്‍വേ നടപടികള്‍ക്കായി നിയോഗിക്കും. സമിതി ചേര്‍ന്ന് നഗരസഭയെ മൂന്ന് മേഖലകളായി തിരിക്കും. ഇതില്‍ വഴിയോരക്കച്ചവടങ്ങള്‍ അനുവദനീയമായ മേഖലകളും അല്ലാത്ത മേഖലകളും ഉണ്ടായിരിക്കും. സര്‍വേ പ്രകാരം കണ്ടെത്തുന്നവര്‍ക്ക് ഈ മേഖലയിലേക്ക് പുനരധിവാസം നല്‍കും. ഇവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡും രജിസ്‌ട്രേഷനും നല്‍കും. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ കേന്ദ്ര ഫണ്ടായ 4.23 കോടി രൂപാ അനുവദിച്ചതായും സെക്രട്ടറി കൗണ്‍സിലിനെ അറിയിച്ചു. കുടുംബശ്രീ മിഷന്റെ പക്കലാണ് ഇപ്പോള്‍ തുകയുള്ളത്. ഈ മാസം അവസാനത്തോടെ നഗരസഭയ്ക്ക് തുക ലഭ്യമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ നഗരസഭയുടെ വിഹിതമായ 1.41 കോടി രൂപായില്‍ 50 ലക്ഷം രൂപാ മാത്രമാണ് മാറ്റി വെച്ചിരിക്കുന്നത്. ടെന്‍ഡര്‍ നടപടികളിലൂടെ ലാഭിച്ച 80 ലക്ഷം രൂപാ ഇപ്പോള്‍ നഗരസഭയുടെ പക്കലുണ്ട്. അതും പിഎംഎ വൈക്കായി മാറ്റിവയ്ക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. പ്രാരംഭഘട്ടമായി ഓരോ വാര്‍ഡില്‍ നിന്നു ചുരുങ്ങിയത് മൂന്നു പേര്‍ക്കെങ്കിലും തുക അനുവദിക്കാനും തീരുമാനമായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss