|    Jul 26 Wed, 2017 8:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തൊടുപുഴയിലെ ബാലവിവാഹം: പെണ്‍കുട്ടി ശിശുസംരക്ഷണ സമിതി കസ്റ്റഡിയില്‍

Published : 19th August 2016 | Posted By: SMR

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതായ പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയെ കസ്റ്റഡിയിലെടുത്തു. വിവാഹം കഴിച്ചയാളുടെ വീട്ടില്‍ നിന്നു രക്ഷപ്പെട്ട പെണ്‍കുട്ടി കൂട്ടുകാരിയുടെ വീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പതിനാലുകാരിയായ പെണ്‍കുട്ടി തന്നെയാണ് വനിതാ സെല്‍ എസ്‌ഐക്കും സിഡബ്ല്യൂസി അംഗത്തിനു മുന്നിലും മൊഴി നല്‍കിയത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് വനിതാ സെല്ലിലേക്ക് പെണ്‍കുട്ടിയുടെ ഫോണ്‍കോള്‍ വരുന്നത്. ഉടന്‍ തന്നെ വനിതാ സെല്‍ എസ്‌ഐ സുശീലയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ കൊണ്ടുവരുകയും സിഡബ്ല്യൂസിക്കു മുമ്പാകെ ഹാജരാക്കുകയും ചെയ്തു.
തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചുപോയതാണ്. ഇതിനെ തുടര്‍ന്ന് അമ്മ രണ്ടാമത് വിവാഹം കഴിച്ചു.
ഒരു മാസം മുമ്പാണ് രണ്ടാനച്ഛന്റെ ബന്ധുവുമായി വിവാഹം നടത്തുന്നത്. അമ്മ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് വിവാഹത്തിനു സമ്മതിച്ചതെന്ന് പെണ്‍കുട്ടി പോലിസിനു മൊഴി നല്‍കി. മദ്യപിച്ച ശേഷം ഭര്‍ത്താവ് പെണ്‍കുട്ടിയുമായി നിരന്തരം വഴക്കിടുമായിരുന്നു. പഠനം നിര്‍ത്തിയതിനാലും പുറംലോകവുമായി ബന്ധമില്ലാത്തതിനാലും പെണ്‍കുട്ടിക്ക് രക്ഷപ്പെടാനും കഴിഞ്ഞില്ല. എന്നാല്‍, കഴിഞ്ഞ ദിവസം അമ്മയോടൊപ്പം താമസിച്ചിരുന്ന വാടകവീട്ടില്‍ ഇയാളുമായി എത്തിയ സമയത്താണ് പെണ്‍കുട്ടി രക്ഷപ്പെടുന്നത്.
ഒപ്പം പഠിച്ചിരുന്ന കുട്ടിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടി വിവരങ്ങള്‍ ധരിപ്പിച്ചു. വെള്ളിയാഴ്ച പെണ്‍കുട്ടിയില്‍ നിന്നു കൂടുതല്‍ മൊഴിയെടുക്കും. സംഭവത്തില്‍ ആര്‍ക്കെതിരേയും ഇതുവരെ കേസെടുത്തിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക