|    Aug 19 Sat, 2017 4:49 pm
FLASH NEWS

തൊടുകാപ്പ് ഇക്കോ ടൂറിസം കേന്ദ്രംഈ മാസം തുറന്നുകൊടുക്കും

Published : 4th November 2016 | Posted By: SMR

പെരിന്തല്‍മണ്ണ: ദേശീയപാതക്കരികില്‍ ഇനി വിശ്രമകേന്ദ്രവും. കാറ്റിലാടുന്ന ഇല്ലിമുളം കാടിന്റെ മാസ്മരിക സംഗീതവും അനുഭൂതിയും ഓരോ യാത്രികനും പകര്‍ന്നു നല്‍കാന്‍ തൊടുകാപ്പ് ഇക്കോ ടൂറിസം പദ്ധതി തയ്യാറാവുന്നു. പെരിന്തല്‍മണ്ണ -പാലക്കാട് ദേശീയപാതയോരത്ത് നിര്‍മിക്കുന്ന തൊടുകാപ്പ് ഇക്കോ ടൂറിസം പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. പെരിന്തല്‍മണ്ണ-പാലക്കാട് ദേശീയപാതയോരത്ത് കരികല്ലത്താണിയില്‍ സംസ്ഥാന വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് മുളം കാടുകളാല്‍ മനോഹരമായ ഈ പ്രദേശം ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റാനുള്ള നടപടികള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ 10ലക്ഷം രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിരുന്നു. സംസ്ഥാനപാതയിലെ സ്ഥിരം മാലിന്യം തള്ളല്‍ കേന്ദ്രമായ ഈ പ്രദേശത്തെ മലിനജലം ഒഴുക്കുന്നതിന് വനത്തിനോട് ചേര്‍ന്ന അഴുക്കുചാല്‍, ഓവുചാല്‍ എന്നിവയുടെ പ്രവൃത്തികള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. റോഡില്‍നിന്ന് 40 മീറ്റര്‍ വനത്തിനുള്ളില്‍ നിര്‍മിക്കുന്ന ബാംബൂ കോട്ടേജിന്റെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള കേന്ദ്രവും മുളംകൂട്ടങ്ങള്‍ക്കിടയില്‍ ഇരിപ്പിടങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. വനത്തിനുള്ളില്‍ സമീപത്തുള്ള മൈലാടി പാറയിലേക്ക് ട്രക്കിങ്ങിനുള്ള സൗകര്യമൊരുക്കാനും പാറക്കുമുകളില്‍ സഞ്ചാരികളുടെ സുരക്ഷയ്ക്കായി കൈവരികളൊരുക്കാനും പദ്ധതിയുണ്ട്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പാറകളിലേക്കും വനത്തിനുള്ളിലേക്കും ട്രക്കിങ് ഒരുക്കാനാണ് പദ്ധതി. റോഡിനോട് ചേര്‍ന്ന വനത്തിന്റെ ഭാഗത്ത് വേലി സ്ഥാപിക്കുന്ന ജോലിയും പൂര്‍ത്തിയായിട്ടുണ്ട്. വനത്തോട് ചേര്‍ന്ന് റീഫ്രഷ്‌മെന്റ് ഷോപ്പും തുടങ്ങി കേന്ദ്രം ഈ മാസം അവസാനത്തോടെ സഞ്ചാരികള്‍ക്കായി തുറക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക