|    Jul 17 Tue, 2018 10:56 pm
FLASH NEWS

തേവര- പേരണ്ടൂര്‍ കനാല്‍ മൂന്നുമാസത്തിനകം വൃത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Published : 26th September 2017 | Posted By: fsq

 

കൊച്ചി: തേവര-പേരണ്ടൂര്‍ കനാല്‍ പൂര്‍ണമായി വൃത്തിയാക്കുന്ന ജോലികള്‍ മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കനാലിലൂടെ വെള്ളം ഒഴുകുന്നതിന് തടസ്സങ്ങളുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് കൊച്ചി നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ജലഗതാഗത വകുപ്പ് അധികൃതരുമായി ആലോചിച്ച് കനാലിലൂടെ ജലഗതാഗതം സാധ്യമാണോ എന്ന് പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. വൃത്തിയാക്കിയ ശേഷം മല്‍സ്യം വളര്‍ത്തുന്ന—തിനും ജലസേചനത്തിനും കനാല്‍ ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കണമെന്നും നഗരസഭാ സെക്രട്ടറിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ലിങ്ക് റവന്യു റസിഡന്‍സ് അസോസിയേഷന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.  കനാല്‍ മാലിന്യകൂമ്പാരമാണെന്നും രോഗവാഹിനിയായി മാറികഴിഞ്ഞെന്നും പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് സ്ഥലം നേരിട്ട് പരിശോധിച്ചു. കെഎംആര്‍എല്‍, നഗരസഭാ, റവന്യൂ ഉദേ്യാഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. കനാലിനു കുറുകെ പാലം നിര്‍മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് കനാലിലെ ഒഴുക്ക് അടച്ചതായി കമ്മീഷന്‍ കണ്ടെത്തി.  പരിസരം തീര്‍ത്തും വൃത്തിഹീനവും ദുര്‍ഗന്ധ പൂരിതവുമായിരുന്നു. തുടര്‍ന്ന് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും നഗരസഭാ സെക്രട്ടറിക്കും കമ്മീഷന്‍ നോട്ടീസയച്ചു. കനാലില്‍ നിന്നും മാലിന്യങ്ങള്‍ നീക്കാന്‍ 1,17,51,125 രൂപയുടെ ടെണ്ടര്‍ നല്‍കി കഴിഞ്ഞതായി നഗരസഭ കമ്മീഷനെ അറിയിച്ചു. ഡങ്കു, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടുപിടിക്കുന്ന സാഹചര്യമാണ് സ്ഥലത്തുള്ളതെന്നും കമ്മീഷന്‍ വിലയിരുത്തി. ഇവിടെ ജലമലിനീകരണത്തിന് പുറമേ വായുമലിനീകരണവുമുണ്ട്.  ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കില്‍ പ്രദേശവാസികള്‍ അതിവേഗം രോഗബാധിതരാകുമെന്നും കമ്മീഷന്‍ വിലയിരുത്തി. കനാല്‍ പൂര്‍ണമായും സമയബന്ധിതമായി വൃത്തിയാക്കിയ ശേഷം നഗരസഭാ സെക്രട്ടറി മൂന്നുമാസത്തിനകം നടപടി റിപോര്‍ട്ട്് ഫയല്‍ ചെയ്യണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss