|    May 24 Wed, 2017 11:24 am
FLASH NEWS

തേര് തെളിച്ച് ചാംപ്യന്‍മാര്‍

Published : 6th December 2015 | Posted By: SMR

എം എം സലാം

കോഴിക്കോട്: പ്രതിഭകളുടെ പുത്തന്‍ താരോദയങ്ങളെ കണ്ടെത്താനുള്ള 59ാമതു കൗമാര കായിക മേളയ്ക്കു സാമൂതിരി മണ്ണില്‍ വര്‍ണാഭതുടക്കം. സ്റ്റാര്‍ട്ടിങ് വിസില്‍ മുഴങ്ങിയതോടെ എറണാകുളത്തിന്റെ കൗമാര പ്രതിഭകളുടെ കുതിപ്പിനാണ് ആദ്യ ദിനം ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. ദീര്‍ഘദൂര ട്രാക്കിലും ഫീല്‍ഡിലും പുതു പ്രതീക്ഷകളുമായി പ്രതിഭകള്‍ കുതിച്ചുയരുമ്പോള്‍ സംസ്ഥാനത്തെ കായിക പ്രേമികളും കോഴിക്കോട്ടേക്കു മനസ്സര്‍പ്പിച്ചിരിക്കുകയാണ്.
ആദ്യയിനം തന്നെ ആഘോഷം
കായിക പ്രേമികളെ ആവേശത്തിലാഴ്ത്തി ആദ്യയിനത്തില്‍ തന്നെ റെക്കോഡ് നേട്ടത്തോടെയാണ് കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിന്റെ ബിബിന്‍ തുടക്കമിട്ടത്. 5000 മീറ്ററിലാണ് മീറ്റിലെ ആദ്യ റെക്കോഡ് ബിബിന്‍ സ്വന്തം പേരിലെഴുതിയത്.
15:08 സെക്കന്റില്‍ ഫിനിഷ് ചെയ്ത് 21 വര്‍ഷം മുമ്പ് ഇടുക്കി കാല്‍വരിമൗണ്ട് സിഎച്ച്എസിന്റെ താരമായിരുന്ന ഷാജി ടിഎന്‍ സ്ഥാപിച്ച 15:16 സെക്കന്റ് സമയമാണ് ബിബിന്‍ തിരുത്തിയത്. ഈ ഇനത്തില്‍ വെള്ളി നേടിയ കട്ടപ്പന ഇരട്ടയാര്‍ എസ്ടിഎച്ച്എസ്എസിന്റെ ഷെറിന്‍ ജോസും നിലവിലെ റെക്കോഡിനെ മറികടക്കുന്ന പ്രകടനം (15:11) നടത്തി.
ദീര്‍ഘദൂരത്തില്‍ കുത്തക തകര്‍ന്നു
ദീര്‍ഘദൂര ട്രാക്കിന്റെ അവകാശികളായിരുന്ന കരിമ്പനയുടെ നാട്ടുകാരായ പാലക്കാടിനെ പിന്തള്ളിയതാണ് ആദ്യ ദിനം വ്യവസായ നഗരിക്കു വന്‍ കുതിപ്പ് നടത്താന്‍ സഹായകരമായത്. ആറ് സ്വര്‍ണവും 7 വെള്ളിയും മൂന്ന് വെങ്കലവുമടക്കം 54 പോയിന്റാണ് ഇന്നലെ എറണാകുളം നേടിയത്. നാല് വീതം സ്വര്‍ണവും വെങ്കലവും അഞ്ച് വെള്ളിയുമടക്കം 39 പോയിന്റുമായി പാലക്കാട് രണ്ടാംസ്ഥാനത്തും നാലു സ്വര്‍ണവും രണ്ട് വെള്ളിയുമടക്കം 26 പോയിന്റുമായി ആതിഥേയ ജില്ലയായ കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്.
സ്‌കൂളുകളില്‍ മാര്‍ബേസില്‍…
അയല്‍ക്കാരും നിലവിലെ ചാംപ്യന്‍മാരുമായ കോതമംഗലം സെന്റ് ജോര്‍ജിനെ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളി മാര്‍ബേസില്‍ തിരിച്ചു വരവ് നടത്തുകയായിരുന്നു ആദ്യ ദിനം. നാല് സ്വര്‍ണവും രണ്ട് വീതം വെള്ളിയും വെങ്കലവുമടക്കം 28 പോയിന്റാണ് മാര്‍ബേസില്‍ നേടിയത്. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമടക്കം 15 പോയിന്റുമായി പാലക്കാടിന്റെ പറളി സ്‌കൂള്‍ രണ്ടാം സ്ഥാനത്തും. ഒരു സ്വര്‍ണവും മൂന്ന് വെള്ളിയുമടക്കം 14 പോയിന്റുമായി കല്ലടി സ്‌കൂള്‍ മൂന്നാം സ്ഥാനത്തുമാണ്. ഉഷ സ്‌കൂളിന്റെ കരുത്തില്‍ ട്രാക്കിലിറങ്ങിയ പൂവമ്പായി എഎംഎച്ച്എസ്എസ് രണ്ട് സ്വര്‍ണവും ഒരു വെള്ളിയുമടക്കം 13 പോയിന്റുമായി നാലാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ നാല് വെള്ളിയടക്കം 12 പോയിന്റുമായാണ് സെന്റ് ജോര്‍ജ് അഞ്ചാംസ്ഥാനം നേടിയത്.
ലോങ്ജംപില്‍ റെക്കോഡ് സ്വര്‍ണം നേടിയ എം കെ ശ്രീനാഥ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററിലും സ്വര്‍ണം നേടി ഇന്നലത്തെ ഏക ഇരട്ട സ്വര്‍ണനേട്ടത്തി നും അവകാശിയായി. മീറ്റിന്റെ രണ്ടാം ദിവസമായ ഇന്ന് 22 ഫൈനലു ക ള്‍ അരങ്ങേറും.
മീറ്റിലെ വേഗതയേ റിയ പുരുഷ-വനിതാ താരങ്ങളെ തീരുമാനിക്കുന്ന 100 മീറ്റര്‍ ഫൈനലുകളും ഇന്നു നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day