|    Oct 15 Mon, 2018 4:49 pm
FLASH NEWS

തേയിലയ്ക്ക് ടീ ബോര്‍ഡ് തറവില പ്രഖ്യാപിച്ചു

Published : 21st September 2017 | Posted By: fsq

 

കട്ടപ്പന: കര്‍ഷകരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ടീ ബോര്‍ഡ് തേയിലയ്ക്ക് തറവില പ്രഖ്യാപിച്ചു. ഇതോടെ നാളുകളായി തുടരുന്ന കര്‍ഷകരുടെ പ്രതിഷേധത്തിനു ഫലം കണ്ടിരിക്കുകയാണ്. ജൂണ്‍ മുതല്‍ പച്ചക്കൊളുന്തിന് തറവില പ്രഖ്യാപിക്കാന്‍ ടീ ബോര്‍ഡ് നിര്‍ബന്ധിതമാവുകയായിരുന്നു. ചെറുകിട തേയില ഫെഡറേഷന്റെ നിരവധി സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് പച്ചക്കൊളുന്തിന് തറ വില പ്രഖ്യാപിക്കാന്‍ ടീ ബോര്‍ഡ് തീരുമാനിച്ചത്. എന്നാല്‍  തേയില പച്ചകൊളുന്തിന് എല്ലാ മാസവും തറവില പ്രഖ്യാപിക്കണമെന്ന തീരുമാനം സപ്തംബറില്‍ ടീ ബോര്‍ഡ് അട്ടിമറിച്ചു. എല്ലാ മാസവും മൂന്നാം തീയ്യതിക്ക് മുന്‍പ് തറവില പ്രഖ്യാപിക്കുന്ന ടീ ബോര്‍ഡ് സപ്തംബര്‍ ആദ്യവാരം തറവില പ്രഖ്യാപിക്കാഞ്ഞത് കര്‍ഷകരെ ആശങ്കയിലാക്കി. തുടര്‍ന്ന് ടീ ബോര്‍ഡിന്റെ നിസ്സംഗത ഫാക്ടറി ഉടമകളെ സഹായിക്കാനാണെന്ന ആരോപിച്ച് ചെറുകിട തേയില കര്‍ഷക ഫെഡറേഷന്‍ രംഗത്തെത്തി. ചെറുകിട തേയില കര്‍ഷക ഫെഡറേഷന്റെ നേതൃത്വത്തില്‍ ടീ ബോര്‍ഡ് ഡയറക്ടര്‍ക്ക് പരാതിയും നല്‍കി. തുടര്‍ന്ന് തിങ്കളാഴ്ച്ചയോടുകൂടി ടീ ബോര്‍ഡ് സപ്തംബര്‍ മാസത്തെ തറവില പ്രഖ്യാപിക്കുകയായിരുന്നു. 10.46 രൂപയാണ് പച്ചക്കൊളുന്തിന് തറവിലയായി പ്രഖ്യാപിച്ചത്. ആഗസ്തില്‍  10.40 രൂപയായിരുന്നു പച്ചക്കൊളുന്തിന് തറ വില. അതിന് മുന്‍പ് ഉള്ള മാസങ്ങളില്‍ യഥാക്രമം 12.40 രൂപ, 12.60 രപ എന്നിങ്ങനെയായിരുന്നു തറവില. തറവില പ്രഖ്യാപിച്ച ശേഷം കഴിഞ്ഞ ജൂണില്‍ പച്ചക്കൊളുന്തിന് 20 രൂപ വരെ വില ഉയര്‍ന്നിരുന്നു. അന്ന് ടീ ബോര്‍ഡ് പ്രഖ്യാപിച്ച തറവില 12.60 രുപയായിരുന്നു. അതിന് ശേഷം തറവില കുറയുകയും അതനുസരിച്ച് ഫാക്ടറികള്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന കൊളുന്ത് വിലയിലും കുറവ് വരുത്താന്‍ തുടങ്ങി. തറവില ക്രമമായി താഴ്ത്തി ഫാക്ടറി ഉടമകളെ സഹായിക്കുന്ന സമീപനമാണ് ടീ ബോര്‍ഡ് കഴിഞ്ഞ മുന്ന് മാസമായി തുടര്‍ന്നു വന്നിരുന്നത്. ഇതിന് പിന്നാലെ ഈ മാസം തറവില പ്രഖ്യാപിക്കാതെ ടീ ബോര്‍ഡ് മൗനം പാലിച്ചപ്പോള്‍ അതിന്റെ പ്രയോജനവും ഫാക്ടറി ഉടമകള്‍ക്ക് തന്നെയാണ് ലഭിക്കുന്നത്. തറവിലയില്ലാത്തതിനാല്‍ ഫാക്ടറി ഉടമകള്‍ക്ക് അവര്‍ നിര്‍ദ്ദേശിക്കുന്ന വിലക്ക് കര്‍ഷകര്‍ കൊളുത്ത് വില്‍ക്കാന്‍ നിര്‍ബന്ധിതരാകും. തറവില പ്രഖ്യാപിച്ച ശേഷം പീരുമേട്ടിലെ ചില ഫാക്ടറികള്‍ കൊളുന്ത് ശേഖരിക്കാന്‍ വിസമ്മതിച്ചതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതേസമയം, തേയിലയ്ക്ക് എല്ലാമാസവും തറവില നിശ്ചയിക്കാന്‍ കൃത്യമായ സംവിധാനം ഒരുക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. ടീ ബോര്‍ഡ് അധികൃതരുടെ തന്നിഷ്ടം നടപ്പാക്കുന്നത് അവസാനിപ്പിച്ച് കൃത്യമായ നടപടിക്രമങ്ങളിലൂടെ തറവില നിശ്ചയിക്കാനുള്ള സംവിധാനം വേണമെന്നാണ് ഇവരുടെ ആവശ്യം. ഓരോമാസവും തറവില നിശ്ചയിക്കാന്‍ സമരം നടത്തേണ്ട ഗതികേട് ഇതുമൂലം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് കര്‍ഷകരുടെ അഭിപ്രായം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss