|    Oct 17 Tue, 2017 11:31 am
Home   >  Todays Paper  >  page 12  >  

തേയിലത്തോട്ടത്തില്‍ കരിമ്പുലിയും: ‘ബോണസ് അല്ല; ഞങ്ങള്‍ക്ക് ജീവനാണു വേണ്ടത്’ പെരുന്തട്ടയിലെ പൊമ്പിളൈകള്‍

Published : 24th November 2015 | Posted By: SMR

ജംഷീര്‍ കൂളിവയല്‍

കല്‍പ്പറ്റ: ‘എപ്പൊ വേണേലും പുലിയോ കുറുനരിയോ ഞങ്ങടെ മേല്‍ ചാടിവീഴാം. അയിനെടേല് എന്തു ബോണസ്. എന്നെങ്കിലുമൊരീസം ഈ ചപ്പിനുള്ളില്‍ തളര്‍ന്നു വീഴുമെന്നറിയാം. അത് നരിയും പുലിയും പുടിച്ചിട്ടാകരുതെന്നൊരു ദുആ മാത്രേ ഇപ്പൊ ഉള്ളൂ.’ പതിനെട്ടാം വയസ്സില്‍ ഉമ്മയോടൊപ്പം കല്‍പ്പറ്റയ്ക്കടുത്ത പെരുന്തട്ടയിലെ പഡൂര്‍ പ്ലാന്റേഷന്‍ എസ്റ്റേറ്റില്‍ ചപ്പുനുള്ളല്‍ തുടങ്ങിയ 56കാരിയായ കുഞ്ഞായിഷ ഭീതിയോടെയാണ് തങ്ങളുടെ ദുരിതം വിവരിക്കുന്നത്.
ഇവര്‍ താമസിക്കുന്ന സ്ഥലത്തു നിന്ന് ഏതാനും മീറ്ററുകള്‍ക്കകലെ നിന്നാണ് കഴിഞ്ഞ ദിവസം വനംവകുപ്പു സ്ഥാപിച്ച കെണിയില്‍ പുലി കുടുങ്ങിയത്. ഇതിനിടെ 12 ആടുകളെ പുലി ഭക്ഷണമാക്കിയിരുന്നു. പ്രതിഷേധമുയരാന്‍ തുടങ്ങിയതോടെയാണ് വനംവകുപ്പ് കൂടു വച്ചത്. ഒരു കരിമ്പുലിയെയും മറ്റു രണ്ടു പുലികളെയും തങ്ങള്‍ നേരിട്ടു കണ്ടിട്ടുണ്ടെന്ന് തൊഴിലാളികളിലൊരാളായ ലിസി പറയുന്നു.
ഇടുങ്ങിയ സൗകര്യങ്ങളില്‍ ശ്രമകരമായി ജീവിതം മുന്നോട്ടുനീക്കുമ്പോഴും അരക്ഷിതത്വത്തിന്റെ ആശങ്കയാണ് ഇവര്‍ക്കുമേല്‍ വട്ടമിട്ടുനില്‍ക്കുന്നത്. ഇതിനൊപ്പമാണ് ഇപ്പോള്‍ ജീവനും അപകടത്തിലായിരിക്കുന്നത്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാത്തതുമാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാടികള്‍. 1950കളിലാണ് മിക്ക എസ്‌റ്റേറ്റ് പാടികളും പണിതത്. കല്ലും മണ്ണും കൊണ്ട് നിര്‍മിച്ച ഈ പാടികള്‍ ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലാണ്. കുടിവെള്ളം, വൈദ്യുതി അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ സൗജന്യ ചികില്‍സയെക്കുറിച്ച് ഇവര്‍ കേട്ടിട്ടു പോലുമില്ല. ആശുപത്രിയിലെത്താന്‍ ദുര്‍ഘട വഴികളിലൂടെ കിലോമീറ്ററുകള്‍ നടക്കണം. പലപ്പോഴും വഴിയില്‍ പ്രസവം നടക്കാത്തത് റബ്ബിന്റെ കാരുണ്യം കൊണ്ടാണെന്ന് ബാനുത്താത്ത പറയുന്നു.
ഇതിനിടെ, നിയമം ലംഘിച്ച് തോട്ടങ്ങള്‍ മുറിച്ചുവില്‍ക്കുന്നത് ജില്ലയില്‍ വ്യാപകമായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക