|    Jan 23 Mon, 2017 6:24 pm
FLASH NEWS

തേജസ് വാര്‍ഷികപ്പതിപ്പ് പ്രകാശനം ചെയ്തു

Published : 11th September 2016 | Posted By: SMR

thejas-700

തേഞ്ഞിപ്പലം: തേജസ് 2016 വാര്‍ഷികപ്പതിപ്പ് കോഴിക്കോട് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പ്രകാശനം ചെയ്തു. വാര്‍ഷികപ്പതിപ്പ് ഉള്ളടക്കവും കെട്ടും മട്ടും ആകര്‍ഷകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ തേജസ് മാനേജിങ് ഡയറക്ടര്‍ ഫായിസ് മുഹമ്മദ്, ഡെപ്യൂട്ടി എഡിറ്റര്‍ പി എ എം ഹാരിസ്, മാഗസിന്‍ എഡിറ്റര്‍ പി എ എം ഹനീഫ്, തേജസ് മാര്‍ക്കറ്റിങ് മാനേജര്‍ വി അസ്‌ലം, പബ്ലിക്കേഷന്‍ മാനേജര്‍ വി എ മജീദ്, സര്‍വകലാശാല തേജസ് പ്രതിനിധി പി വി ഇഖ്ബാല്‍ സംബന്ധിച്ചു.
വിവിധ മേഖലകളിലുള്ള 60ഓളം എഴുത്തുകാര്‍ കഥ, കവിത, നാടകം സംഭാവന ചെയ്തിട്ടുള്ള തേജസ് 2016 വാര്‍ഷികപ്പതിപ്പ് ഒട്ടേറെ പുതുമകളും ഉള്ളടക്കത്തില്‍ വൈവിധ്യതയും നല്‍കി കമനീയമാക്കിയിട്ടുണ്ട്. ഡല്‍ഹി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് പെയിന്റിങ് വിഭാഗം മേധാവി പി ജി അഭിമന്യുവിന്റെ പെയിന്റിങും ആപ്പിള്‍ ടോക് എം മനോഹരന്റെ പേജിനൈസേഷനും വാര്‍ഷികം 2016നെ ഏറെ കമനീയമാക്കുന്നു.
ടി പത്മനാഭന്‍, യു കെ കുമാരന്‍, അംബികാസുതന്‍ മാങ്ങാട്, പി കെ പാറക്കടവ്, സതീഷ്ബാബു പയ്യന്നൂര്‍, എബ്രഹാം മാത്യു തുടങ്ങിയ കഥാകൃത്തുക്കളും എം എന്‍ പാലൂര് മുതല്‍ പുതുതലമുറയിലെ ഷീജ വക്കം, മിലന്‍ തോമസ് എന്നിവരുടെ കവിതകളും ഉള്ളടക്കത്തെ കാമ്പുറ്റതാക്കുന്നു.
പ്രശസ്ത നാടകകൃത്ത് പി എ എം ഹനീഫ് ഏറെ വര്‍ഷങ്ങള്‍ക്കുശേഷം എഴുതിയ നാടകം പുതിയൊരു വായനാനുഭവം കൂടിയാണ്. അഖില്‍ കോമാച്ചി, ഷിയാമി തൊടുപുഴ എന്നിവരുടെ കൗതുകം വിതറുന്ന ഫോട്ടോ ഫീച്ചറും ടോംസ് ഏറ്റവും ഒടുവില്‍ വരച്ച കാര്‍ട്ടൂണ്‍ അടക്കം രേഖാചിത്രരംഗത്തെ പ്രമുഖരായ പി വി കൃഷ്ണന്‍, പോള്‍ കല്ലാനോട്, സഗീര്‍ മുതലായവരുടെ കാര്‍ട്ടൂണുകളും വിഭവസമൃദ്ധിയുടെ നല്ല ഉദാഹരണങ്ങള്‍. പ്രവാസികളുടെ രചനകളും മലബാറിലെ കോണ്‍ഗ്രസ്-മുസ്‌ലിംലീഗ്-കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ പഴയകാല ഗാഥകള്‍ പറയുന്ന എന്‍ പി ഹാഫിസ് മുഹമ്മദ് എഴുതിയ നോവലെറ്റും തേജസ് 2016 വാര്‍ഷികത്തെ ആകര്‍ഷകമാക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 131 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക