|    Mar 22 Thu, 2018 6:15 am
FLASH NEWS
Home   >  Todays Paper  >  page 12  >  

തേജസ് ദശവാര്‍ഷിക ആഘോഷത്തിന് ആവേശോജ്വല സമാപനം

Published : 6th February 2016 | Posted By: SMR

തിരുവനന്തപുരം: ഒരുവര്‍ഷം നീണ്ടുനിന്ന തേജസ് ദശവാര്‍ഷിക ആഘോഷങ്ങള്‍ക്ക് ആവേശോജ്വല സമാപനം. 2015 ജനുവരി 26ന് കോഴിക്കോട്ട് ആരംഭിച്ച പത്താം വര്‍ഷികാഘോഷത്തിനാണ് തലസ്ഥാനത്തു കൊടിയിറങ്ങിയത്. രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സദസ്സ് പ്രതിസന്ധികള്‍ തരണം ചെയ്ത് 11ാം വയസ്സിലേക്കു കടന്ന അക്ഷര പോരാട്ടത്തിനുള്ള പിന്തുണ വെളിവാക്കുന്നതായിരുന്നു.
തിരുവനന്തപുരം വിജെടി ഹാളില്‍ കഴിഞ്ഞദിവസം വൈകീട്ട് 6.30നു നടന്ന സമാപനസമ്മേളനം രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ ചെയ്തു. മാധ്യമങ്ങള്‍ വാ ര്‍ത്തകള്‍ നല്‍കുമ്പോള്‍ അതിന്റെ സാമൂഹിക പരിണതഫലം കൂടി നോക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാര്‍ത്ത കൊടുത്താല്‍ അത് സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന ബോധ്യമുണ്ടാവണം. ജനാധിപത്യത്തെ ധ്വംസിക്കുന്ന യാതൊന്നും നമ്മില്‍നിന്ന് ഉണ്ടാവാന്‍ പാടില്ല. വ്യത്യസ്ത സംസ്‌കാരവും ഭാഷയുമുള്ള ഈ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ അതിന് മത ജാതി സമുദായങ്ങള്‍ തമ്മിലുള്ള സൗഹൃദം ഉണ്ടാവണം. മതസൗഹാര്‍ദ്ദം തകര്‍ക്കപ്പെട്ടാല്‍ വര്‍ഗീയതയുടെ ആധിപത്യം വരും. അത് ജനാധിപത്യത്തിനു ഭീഷണിയാണ്. അതിന്റെ ആത്യന്തിക ദോഷം പാര്‍ശ്വവല്‍കൃതര്‍ക്കായിരിക്കും. മതേതരത്വം സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ ഭരണഘടനയ്ക്കു വിലയില്ലാതാവും. അതിനാല്‍ എന്തു വിലകൊടുത്തും അതിനെ സംരക്ഷിക്കണം.
പലപ്പോഴും മാധ്യമങ്ങള്‍ തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളുടെ വരുംവരായ്കകള്‍ നോക്കുന്നില്ല. അങ്ങനെവരുമ്പോള്‍ അത് ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുകയാണ്. അതോടെ ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. വാര്‍ത്തയുടെ ആനുപാതിക പ്രാധാന്യത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് കാഴ്ചപ്പാട് ഉണ്ടാവണം. മാധ്യമങ്ങള്‍ അതിന്റെ ആത്യന്തിക ലക്ഷ്യത്തില്‍ നിന്ന് വ്യാവസായിക ലാഭത്തിലേക്കു പോവുന്നു. വാര്‍ത്തകള്‍ പുറത്തുവിടുമ്പോ ള്‍ അതുണ്ടാക്കുന്ന പരിക്കുകള്‍ എന്തൊക്കെയെന്നു വിലയിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തേജസ് അടിസ്ഥാന പ്രമാണങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്ന പത്രമാണ്. ജനാധിപത്യത്തില്‍ തേജസിന് ഒരു വലിയ സ്ഥാനമാണുള്ളത്. ദലിത്, ന്യൂനപക്ഷ, പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ പക്ഷത്തുനിന്നാണ് തേജസ് സംസാരിക്കുന്നത്. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാന്‍ തേജസിനു കഴിയുമ്പോള്‍ ഇന്ത്യന്‍ മാധ്യമലോകത്ത് അതിന് വ്യത്യസ്ത സ്ഥാനമാണുള്ളത്. കൃത്യമായ നിലപാടുള്ളതിനാല്‍ തന്നെ മാധ്യമലോകത്ത് തേജസ് ഒരു അനിവാര്യതയാണെന്നും പി ജെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്റര്‍മീഡിയ പബ്ലിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ സി അബ്ദുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. എഴുത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ജമാല്‍ കൊച്ചങ്ങാടിയെ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആദരിച്ചു. വായനക്കാര്‍ക്ക് നന്മയുടെ സന്ദേശം കൊടുക്കുന്ന ദൗത്യമാണ് തേജസ് ചെയ്യുന്നതെന്നും അത് അഭിസംബോധന ചെയ്യുന്ന സമൂഹം ഇന്ത്യയിലെ ഏതു വിഭാഗത്തെയും പോലെ അവകാശങ്ങളുള്ള സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
പല പത്രങ്ങള്‍ പരിശോധിക്കുമ്പോഴാണ് തേജസിന്റെ നിലപാട് എത്രമാത്രം ശരിയാണെന്നു ബോധ്യപ്പെടുന്നതെന്ന് മുന്‍ മന്ത്രി കെ സുരേന്ദ്രന്‍ പിള്ള പറഞ്ഞു. സത്യത്തിനു നേരെ മുഖം തിരിച്ചുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തനം ജനവിരുദ്ധമാണ്. എന്നാല്‍, പുതിയ കാലത്തോടൊപ്പം സാമൂഹികപ്രതിബദ്ധതയുള്ള നിലപടുമായി പത്തു വര്‍ഷം പിന്നിടുന്ന തേജസ് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ബി ആര്‍ പി ഭാസ്‌കര്‍, കെ കെ ചന്ദ്രശേഖരന്‍നായര്‍, ഭാസുരേന്ദ്രബാബു, ടി രാജന്‍ പൊതുവാള്‍, എം എസ് മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, എസ് ആര്‍ ശക്തിധരന്‍ എന്നിവരെ മേയര്‍ അഡ്വ. വി കെ പ്രശാന്ത്, കെ സുരേന്ദ്രന്‍ പിള്ള ആദരിച്ചു. തേജസ് ബുക്‌സ് പ്രസിദ്ധീകരിച്ച വിവിധ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.
പാഠശാല പാസ്പ്ലസ് ക്വിസ് മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനം ഇന്റര്‍മീഡിയ പബ്ലിക്കേഷന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ സാദത്ത് നിര്‍വഹിച്ചു. തേജസ് മാനേജിങ് എഡിറ്റര്‍ പ്രഫ. പി കോയ, കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സി റഹിം, പ്രോഗ്രാം കമ്മിറ്റി ജന. കണ്‍വീനര്‍ നാസറുദ്ദീന്‍ എളമരം സംസാരിച്ചു. മാധ്യമപ്രവര്‍ത്തനം, മാധ്യമവിചാരണ എന്ന വിഷയത്തില്‍ രാവിലെ 10.30ന് നടന്ന സെമിനാറില്‍ ബി ആര്‍ പി ഭാസ്‌കര്‍, ഭാസുരേന്ദ്രബാബു, നമ്പി നാരായണന്‍, എ എസ് അജിത്കുമാര്‍, രേഖാ രാജ്, യഹ്‌യ കമ്മുക്കുട്ടി, പി എ എം ഹാരിസ് വിഷയങ്ങള്‍ അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം 3.30ന് കുടുംബസംഗമവും ഇശല്‍മേളയും അരങ്ങേറി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss