|    Sep 27 Wed, 2017 3:08 am
Home   >  Todays Paper  >  page 7  >  

‘തേജസ്’ ഇനി വ്യോമസേനയ്ക്ക് കരുത്തുപകരും

Published : 2nd July 2016 | Posted By: SMR

ബംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലഘുയുദ്ധവിമാനം ‘തേജസ്’ വ്യോമസേനയ്ക്ക് കൈമാറി. ഫഌയിങ് ഡാഗേര്‍സ് എന്നപേരിലുള്ള രണ്ടു വിമാനങ്ങളാണു വ്യോമസേനയ്ക്കു സ്വന്തമായത്. എയര്‍മാര്‍ഷല്‍ ജസ്ബിര്‍ വാലിയ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൈമാറ്റച്ചടങ്ങില്‍ സംബന്ധിച്ചു. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ തദ്ദേശീയമായി യുദ്ധവിമാനം വികസിപ്പിച്ചെടുത്തത്.
1970ല്‍ യുദ്ധവിമാനം നിര്‍മിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും 1980ലാണു പദ്ധതി ആരംഭിച്ചത്. ആദ്യത്തെ രണ്ടുവര്‍ഷം ബംഗളൂരു ആയിരിക്കും വിമാനങ്ങളുടെ ആസ്ഥാനം. പിന്നീടു തമിഴ്‌നാട്ടിലെ സൊലൂരിലേക്കു മാറ്റും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) 2011 ജനുവരിയിലാണ് തേജസ് നിര്‍മിച്ചത്. പഴയ മിഗ് 21 യുദ്ധവിമാനങ്ങള്‍ക്കു പകരമായാണു തേജസിനെ വ്യോമസേന ഏറ്റെടുത്തത്. മെയ് 17ന് തേജസില്‍ കന്നിയാത്ര നടത്തിയ എയര്‍ചീഫ് മാര്‍ഷല്‍ അരൂപ് റാഹ വിമാനത്തിന്റെ ഗുണമേന്‍മ സാക്ഷ്യപ്പെടുത്തിയിരുന്നു. ആധുനിക സാങ്കേതിക സംവിധാനങ്ങളുള്ള ഈ വിമാനത്തിന് 275-300 കോടിയാണു വില.
തദ്ദേശീയമായി നിര്‍മിച്ച തേജസ് യുദ്ധവിമാനം വ്യോമസേനയ്ക്കു കൈമാറിയ സന്ദര്‍ഭം സമാനതകളില്ലാത്ത അഭിമാനവും സന്തോഷവും നല്‍കുന്നതാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്, ഏയ്‌റോനോട്ടിക്കല്‍ ഡവലപ്‌മെന്റ് ഏജന്‍സി എന്നീ സ്ഥാപനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക