|    Oct 17 Wed, 2018 7:34 pm
FLASH NEWS

തേജസ്വിനി കെട്ടിടത്തിന് മാനദണ്ഡം ലംഘിച്ച് നികുതിയിളവ് നഗരസഭ തിരുത്തി ; വിജിലന്‍സ് അന്വേഷണം തുടരും

Published : 19th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഏറെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കൊടുവില്‍  തേജസ്വിനി കെട്ടിടത്തിന് മാനദണ്ഡങ്ങള്‍ ലംഘിച്ച്  നല്‍കിയ നികുതിയിളവ് നഗരസഭ  തിരുത്തി. പുതുക്കി നിശ്ചയിച്ച കെട്ടിട നികുതിക്ക് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. കൂടാതെ നികുതി അപ്പീല്‍ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അധികാരം കുറയ്ക്കാനും കമ്മിറ്റി തീരുമാനിക്കുന്ന വിഷയങ്ങള്‍ കൗണ്‍സിലില്‍ കൂടി ചര്‍ച്ച ചെയതുമാത്രമേ അന്തിമ തീരുമാനമെടുക്കാവൂ എന്നും യോഗത്തില്‍ തീരുമാനമായി. ഇതോടെ സ്വതന്ത്രമായി തീരുമാനമെടുക്കാമായിരുന്ന ഒരേയൊരു സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിയന്ത്രണം കൈവിട്ടത് ബിജെപിക്ക് തിരിച്ചടിയായി. അതേസമയം തേജസ്വനി വിഷയത്തില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം തുടരും.  ബിജെപി കൗണ്‍സിലര്‍ സിമി ജ്യോതിഷ് അധ്യക്ഷയായ നകുതി അപ്പീല്‍കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി നികുതി ഇളവ് നല്‍കി 4.92 കോടിയുടെ അഴിമതി  നടത്തിയെന്നായിരുന്നു ആരോപണം. 2008 ഒക്‌ടോബര്‍ 23ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം പുതിയ  കെട്ടിടങ്ങള്‍ക്കുള്ള നികുതി 18 ശതമാനം നിരക്കില്‍  ഈടാക്കാന്‍ തീരുമാനിച്ചിരുന്നു.  ഇതനുസരിച്ച് ആറ്റിപ്ര സോണല്‍ ഓഫിസ് പരിധിയിലുള്ള തേജസ്വിനി കെട്ടിടത്തിന് നികുതി  നിര്‍ണയം നടത്തിയത്  കുറവു ചെയ്തു നല്‍കണമെന്ന് കാണിച്ച് അന്നത്തെ  നികുതി  അപ്പീല്‍കാര്യ കമ്മിറ്റിക്ക് അപേക്ഷ ലഭിച്ചു. ഈ അപേക്ഷ  പരിഗണിച്ച്  നികുതി അപ്പീല്‍കാര്യ കമ്മിറ്റിയുടെ 2011 സെപ്തംബര്‍ മൂന്നിന്  ചേര്‍ന്നയോഗം 2007-08 രണ്ടാം അര്‍ധവര്‍ഷം മുതല്‍ 2008-09 ഒന്നാം  വര്‍ഷം വരെ ആറ് ശതമാനം നിരക്കിലും 2008-09 രണ്ടാം അര്‍ധവര്‍ഷം  മുതല്‍ 18 ശതമാനം നിരക്കിലും നികുതി പുനര്‍നിര്‍ണയിക്കുന്നതിന്  തീരുമാനിച്ചു. അപ്രകാരം തേജസ്വിനി കെട്ടിടത്തിന്റെ നികുതി  പ്രതിവര്‍ഷം 86,93,640 രൂപ നിരക്കില്‍ പുനര്‍നിര്‍ണയിച്ചു. സെക്രട്ടറിയുടെ ഈ ഉത്തരവ് സിമി ജ്യോതിഷ് അട്ടിമറിച്ചുവെന്നായിരുന്നു  ആരോപണം. എന്നാല്‍ വിഷയത്തില്‍ വ്യക്തിപരമായി താന്‍ പല തവണ അവഹേളിക്കപ്പെട്ടതായും തന്റെ പേരിനൊപ്പം തേജസ്വിനി എന്ന പേര് വരെ ചേര്‍ത്ത് അറിയപ്പെടുന്ന അവസ്ഥയിലേയ്ക്ക് ഈ വിഷയം മാറിയതായും സിമി ജ്യോതിഷ് പറഞ്ഞു. ബജറ്റ് അവതരണ വേളയില്‍ മാത്രമാണ് ഇതു വിവാദമായത്. അതിനു മുമ്പ് തെറ്റ് ചൂണ്ടിക്കാണിക്കാന്‍ അവസരമുണ്ടായിട്ടും സെക്രട്ടറിയോ മറ്റ് ഉത്തരവാദപ്പെട്ടവരോ അതിന് തയ്യാറായില്ല.  തുടര്‍ന്നാണ് നികുതി തിരുത്തി പുതിയ നോട്ടീസ് കക്ഷിക്ക് നല്‍കുന്ന കാര്യം സംബന്ധിച്ച് സര്‍ക്കാറിനെ അറിയിക്കാമെന്നും നികുതി അപ്പീല്‍കാര്യ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്ന രീതിയുമായി ഇനി മുന്നോട്ടുപോവുമെന്നും മേയര്‍ അറിയിച്ചത്. ജെ ചന്ദ്രയുടേയും ചന്ദ്രികയുടേയും കാലത്ത് ഇത്തരത്തിലുള്ള അഴിമതികളൊന്നും നഗരസഭയില്‍ ഉണ്ടായിട്ടില്ലെന്നും ബിജെപി ആധിപത്യം വര്‍ധിച്ചതാണ് അഴിമതിക്ക് കാരണമായതെന്നും ഐഷാ ബേക്കര്‍ പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമെന്ന് തെറ്റിദ്ധരിപ്പിച്ച് നഗരസഭക്ക് കിട്ടേണ്ട നികുതി നഷ്ടപ്പെടുത്താനാണ് തേജസ്വിനി അധികൃതര്‍ ശ്രമിച്ചതെന്ന് ബീമാപ്പള്ളി റഷീദ് പറഞ്ഞു. ഡിപിസി തിരഞ്ഞെടുപ്പില്‍ രണ്ട് കോണ്‍ഗ്രസുകാര്‍ തിരഞ്ഞെടുക്കപ്പെട്ടത് ബിജെപി വോട്ട് ചെയ്തതുകൊണ്ടായിരുന്നുവെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാര്‍ പറഞ്ഞു. എന്നാല്‍ ഇതു ശരിയല്ലെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാരായ സിനിയും അനില്‍കുമാറും രംഗത്തുവന്നത് ചെറിയ വാക്കേറ്റത്തിനിടയാക്കി. ബിജെപിയുടെ മെഡിക്കല്‍ കോളജ് കോഴ വിവാദം പുറത്തു വന്നതിനു പിന്നാലെയാണ് തേജസ്വിനി അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച് നഗരസഭക്കുള്ളിലും പുറത്തും നിരവധി രാഷ്ട്രീയ കോലാഹലങ്ങള്‍  നടന്നതിനുശേഷമാണ് വിജിലന്‍സ് അന്വേഷണവും ഇപ്പോള്‍ നഗരസഭയുടെ തിരുത്തല്‍ നടപടിയും ഉണ്ടായിരിക്കുന്നത്. എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി ഉറവിടമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ സേവനദാതാവായ ഹരിതഗ്രാമത്തിന് പ്രവര്‍ത്തന നഷ്ടമുണ്ടായതിനാല്‍ ശുചിത്വമിഷനില്‍ നിന്നു നഗരസഭ ഇടപെട്ട് ഒരു വയബിലിറ്റി ഗാപ് ഫണ്ട് അനുവദിച്ച് നല്‍കണമെന്ന ആവശ്യം ബിജെപി കൗണ്‍സിലര്‍ അഡ്വ. ഗിരികുമാര്‍ എതിര്‍ത്തു. ഇവര്‍ ജനങ്ങളില്‍ നിന്ന് നിശ്ചിത തുക ഈടാക്കുന്നുണ്ട്. ഇവര്‍ക്ക് ഫണ്ട് ആവശ്യമെങ്കില്‍ നേരിട്ട് ശുചിത്വമിഷനില്‍ നിന്നും വാങ്ങണമെന്നും നഗരസഭ ഇക്കാര്യത്തില്‍ ഇടപെടണ്ടയെന്നും ഗിരി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഇതു  ചര്‍ച്ച ചെയ്യുന്നത് അടുത്ത കൗണ്‍സിലിലേക്ക് മാറ്റിയതായി മേയര്‍ അറിയിച്ചു. കിച്ചണ്‍ ബിന്‍, എയ്‌റോബിക് ബിന്‍ തുടങ്ങിയ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പരാജയമാണെന്ന കരമന അജിത്തിന്റെ പരാമര്‍ശം ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാറുമായി വാക്കേറ്റത്തിനിടയാക്കി. കിച്ചന്‍- എയ്‌റോബിക് ബിന്നുകളടങ്ങുന്ന ഉറവിടത്തില്‍ മാലിന്യ സംസ്‌കരണവുമായി നഗരസഭ മുന്നോട്ടുപോകുമെന്നും ശ്രീകുമാര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss