|    Dec 15 Sat, 2018 1:25 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

തേജസിന് പരസ്യം പുനസ്ഥാപിക്കണം: കെയുഡബ്ല്യൂജെ

Published : 20th November 2018 | Posted By: kasim kzm

കോഴിക്കോട്: വര്‍ഷങ്ങളായി തേജസ് ദിനപത്രത്തിനു നിഷേധിക്കപ്പെട്ട പിആര്‍ഡി പരസ്യം പുനസ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യൂജെ) 55ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തേജസ് അടച്ചുപൂട്ടാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനം പത്രത്തില്‍ ജോലി ചെയ്യുന്ന 350ഓളം ജീവനക്കാരെയും അനുബന്ധ തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന 500ഓളം പേരെയും ദോഷകരമായി ബാധിക്കും. അതിനാല്‍ തീരുമാനത്തില്‍ നിന്ന്് മാനേജ്‌മെന്റ് പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ശബരിമല സന്ദര്‍ശിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച യുവതികള്‍ വാര്‍ത്താസമ്മേളനം നടത്തുന്നുവെന്നറിഞ്ഞ് എറണാകുളം പ്രസ്‌ക്ലബ്ബിന് മുന്നില്‍ നാമജപസമരം നടത്തിയതില്‍ സമ്മേളനം പ്രതിഷേധിച്ചു.
മാധ്യമസ്ഥാപനങ്ങളില്‍ പുതിയ വേജ് ബോര്‍ഡ് പ്രഖ്യാപിക്കാന്‍ കേന്ദ്രം തയ്യാറാവണം, ദൃശ്യമാധ്യമ പ്രവര്‍ത്തകരെയും വേജ്‌ബോര്‍ഡ് പരിധിയില്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവച്ചു. സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു.
ഡിസംബര്‍ 31നു ശേഷം തേജസ് ദിനപത്രം പൂട്ടുകയാണെന്ന് മാനേജ്‌മെന്റ് വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത് വലിയ ഞെട്ടലോടെയാണു കേട്ടതെന്ന് കമാല്‍ വരദൂര്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയും തൊഴില്‍മന്ത്രിയും ആവശ്യമായതു ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയിലും ഭരണകൂടത്തിലുമാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തേജസ് പൂട്ടാതിരിക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവാന്‍ മുഖ്യമന്ത്രി പിണറായി വിജയനും തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണനും ഇടപെടണമെന്ന് ഇരുവരെയും വേദിയിലിരുത്തി കെയുഡബ്ല്യൂജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായതു ചെയ്യുമെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.
ചടങ്ങില്‍ സംസാരിച്ച നിരവധി മാധ്യമപ്രവര്‍ത്തകര്‍ തേജസ് അടച്ചുപൂട്ടാതിരിക്കാന്‍ ആവശ്യമായ നടപടിയെടുക്കണമെന്നു ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. തേജസ് ദിനപത്രത്തെ പ്രതിനിധീകരിച്ച് കെ പി ഒ റഹ്മത്തുല്ല, കെ സൈനുല്‍ ആബിദീന്‍, റഫീഖ് റമദാന്‍ സംസാരിച്ചു. കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യമന്ത്രിക്ക് ഉപഹാരം സമര്‍പ്പിച്ചു.
മാധ്യമപ്രവര്‍ത്തകരുടെ യാത്രാമാഗസിന്‍ അതിജീവനം സുവനീര്‍ ജേണലോഗ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും കേരള മീഡിയ അക്കാദമിയുടെയും സഹകരണത്തോടെ നടത്തുന്ന ഫോട്ടോ-വീഡിയോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss