|    Nov 16 Fri, 2018 9:33 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

തേജസിന് ആനുകൂല്യം നിഷേധിക്കുന്നതില്‍ ന്യായീകരണമില്ല : പന്ന്യന്‍ രവീന്ദ്രന്‍

Published : 30th June 2017 | Posted By: fsq

 

തിരുവനന്തപുരം: പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന തേജസ് ദിനപത്രത്തിന് പരസ്യം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ ന്യായീകരണമില്ലെന്ന് സിപിഐ കേന്ദ്രകമ്മിറ്റി അംഗം പന്ന്യന്‍ രവീന്ദ്രന്‍. പത്രത്തിന് ആനുകൂല്യം നിഷേധിക്കുന്നതിനെതിരേ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്രം ജനാധിപത്യവിരുദ്ധമായോ നിയമവിരുദ്ധമായോ എന്തെങ്കിലും ചെയ്തുവെങ്കില്‍ നിയമപരമായി നേരിടുകയാണ് വേണ്ടത്. അത്തരമൊരു സാഹചര്യം ഇല്ലാതിരുന്നിട്ടും തേജസിനെ ഇരുട്ടില്‍ കൊണ്ടിടുന്ന സമീപനം നീതിനിഷേധം തന്നെയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായ തെറ്റുകള്‍ തിരുത്തേണ്ട ഉത്തരവാദിത്തം ഈ സര്‍ക്കാരിനുണ്ട്. നമ്മള്‍ ശരിയാക്കാനായി വന്നവരാണ്. പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാനല്ല, അത് തിരുത്താനാണ് നാം മുന്‍കൈയെടുക്കേണ്ടത്. തേജസിന്റെ കാര്യത്തില്‍ എവിടെയോ ഒരു പിശകു വന്നിട്ടുണ്ട്. എല്ലാം ശ്രദ്ധിക്കുന്നയാളായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതില്‍ നീതി നടപ്പാക്കണം. പത്രപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടെ പല കാര്യങ്ങളിലും ഇന്ത്യക്ക് വഴികാട്ടിയായ കേരളത്തില്‍ നീതിക്കുവേണ്ടി പത്രക്കാര്‍ സെക്രട്ടേറിയറ്റ് നടയില്‍ വന്നിരിക്കേണ്ടിവന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പത്രത്തിന്റെ രാഷ്ട്രീയമോ വീക്ഷണമോ നോക്കിയല്ല പരസ്യം കൊടുക്കുന്നത്. ചില പത്രങ്ങള്‍ പിആര്‍ഡി പരസ്യങ്ങള്‍ മാത്രം വച്ച്, ലേഖനങ്ങളോ കാര്യമായ വാര്‍ത്തകളോ ഒന്നുമില്ലാതെ ഇറങ്ങുന്നുണ്ട്. അവ പത്രങ്ങളോ പാത്രങ്ങളോ എന്ന് ആശങ്ക തോന്നും. അത്തരത്തിലൊന്നുമല്ല തേജസ്. പിന്നെ എന്തുകൊണ്ട് തേജസിനെ മാത്രം ഒറ്റപ്പെടുത്തുന്നു. പ്രസ് കൗണ്‍സില്‍ നിയമാവലിക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന പത്രത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. ഉണ്ടെങ്കില്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചല്ല അതിനെ നേരിടേണ്ടത്. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സംരക്ഷണവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇനിയും തേജസിന് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ അമാന്തം കാണിച്ചുകൂടാ. ഉപാധിരഹിതമായി മുന്‍കാലപ്രാബല്യത്തോടെ അവ തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ഇതിനായി താനും തന്റെ പ്രസ്ഥാനവും തേജസിനൊപ്പമുണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഒരു പത്രത്തിനു മാത്രം ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് നെറികേടാണെന്ന് തുടര്‍ന്ന് സംസാരിച്ച തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞു. തേജസിനു വേണ്ടി നടത്തുന്നത് തികച്ചും ന്യായമായ സമരമാണെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളോട് കടപ്പാടുള്ള സര്‍ക്കാര്‍ തേജസിലെ ജീവനക്കാരുടെ നീതി ഉറപ്പാക്കാന്‍ ബാധ്യസ്ഥരാണെന്ന് എഐടിയുസി നേതാവ് പട്ടം ശശിധരന്‍ പറഞ്ഞു. കഴിഞ്ഞ ഏഴുവര്‍ഷമായി തേജസ് അനീതി നേരിടുന്നുവെന്ന് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി പറഞ്ഞു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഭരണകൂടത്തിനു മുന്നില്‍ തുറന്നുകാട്ടാനാണ് തേജസ് ആരംഭിച്ചത്. രാജ്യത്തെയും പുറത്തെയും അനീതി നേരിടുന്ന ഇരകള്‍ക്കൊപ്പം നിന്നതാണ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായത്. നിയമപരമായി തെറ്റു ചെയ്യാത്ത സാഹചര്യത്തില്‍ പത്രത്തിനെതിരായ നിലപാടുകള്‍ സര്‍ക്കാര്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎന്‍ഇഎഫ് ദേശീയ നേതാവ് വി ബാലഗോപാല്‍, ആര്‍എസ്പി കേന്ദ്രകമ്മിറ്റി അംഗം കെ എസ് സനല്‍ കുമാര്‍, നവയുഗം എഡിറ്റര്‍ കെ പ്രഭാകരന്‍, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറി സി നാരായണന്‍, ജില്ലാ പ്രസിഡന്റ് സി റഹീം, സെക്രട്ടറി ബി എസ് പ്രസന്നന്‍ സംസാരിച്ചു.നേരത്തേ കേസരി സ്മാരക ഹാളില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ പങ്കെടുത്തു. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി നാരായണന്‍, ഖജാഞ്ചി എം ഒ വര്‍ഗീസ്, വൈസ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, ജോ. സെക്രട്ടറി മുസാഫിര്‍, ജില്ലാ പ്രസിഡന്റ് സി റഹീം, സെക്രട്ടറി ബി എസ് പ്രസന്നന്‍, സംസ്ഥാന സമിതിയംഗം സമീര്‍ കല്ലായി, കെ പി ഒ റഹ്മത്തുല്ല നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss