|    Nov 21 Wed, 2018 7:32 am
FLASH NEWS
Home   >  Todays Paper  >  page 12  >  

തേജസിനൊപ്പം

Published : 23rd October 2018 | Posted By: kasim kzm

മാധ്യമപ്രവര്‍ത്തനത്തിലെ കറുത്ത ദിവസമാണ് ഇന്ന് എന്ന് മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസ. ജീവനു ഭീഷണി നേരിട്ടതിനെ തുടര്‍ന്ന് ടെലിവിഷന്‍ റിപോര്‍ട്ടര്‍മാര്‍ക്ക് ശബരിമല വിടേണ്ടിവന്നു. സാമ്പത്തിക പ്രതിസന്ധിമൂലം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള തേജസ് ദിനപത്രം അടയ്ക്കുന്നു. പിഎഫ്‌ഐയുമായുള്ള പത്രത്തിന്റെ ബന്ധത്തെ തുടര്‍ന്ന് പിആര്‍ പരസ്യങ്ങള്‍ സര്‍ക്കാര്‍ നിഷേധിച്ചുവരുകയായിരുന്നു. രണ്ടും സംഭവിച്ചത് ഇന്നാണ്.

തേജസ് അടച്ചുപൂട്ടിയതല്ല. പൂട്ടിച്ചതാണെന്ന് ആക്റ്റിവി സ്റ്റ് വി ആര്‍ അനൂപ്. ത്രിപുരയിലെ പാര്‍ട്ടിപത്രത്തെക്കുറിച്ച് പറയുന്നവര്‍, തേജസിനെക്കുറിച്ച് സംസാരിക്കില്ല. ഇനിയും അടിയന്തരാവസ്ഥക്കാലത്ത് മുഖപ്രസംഗത്തില്‍ സ്വന്തം നിലപാടുകള്‍ പറയാന്‍പറ്റാത്തതിന്റെ പേരില്‍, എഡിറ്റോറിയല്‍ എഴുതുന്നത് നിര്‍ത്തിയ ദേശാഭിമാനിയെക്കുറിച്ച് ആരും പറയരുത്. സ്വന്തം രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ (അതെന്തായാലും) പത്രം പ്രസിദ്ധീകരിക്കുന്നതു തന്നെ നിര്‍ത്തിയ തേജസ് തന്നെയാണ് മാസ്.

ധീരവും സത്യസന്ധവുമായി അഭിപ്രായം പ്രകടിപ്പിച്ചിരുന്ന തേജസ് ദിനപത്രം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതും ശ്രദ്ധേയവുമായിരുന്നെന്നും തേജസ് അടച്ചുപൂട്ടുന്നുവെന്ന വാര്‍ത്ത ഏറെ നിരാശാജനകമാണെന്നും മുസ്്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. യു എ ലത്തീഫ്. ജനാധിപത്യത്തിന്റെ നാലാംതൂണായ പത്രങ്ങള്‍ പ്രവര്‍ത്തിക്കാനാവാതെ പൂട്ടേണ്ടിവരുകയെന്നത് ഞെട്ടലുളവാക്കുന്നതാണ്.

തേജസ് പത്രം നിര്‍ത്തിയാല്‍ പരാജയപ്പെടുന്നത് മലയാളികള്‍ മൊത്തമാണെന്ന് സോഷ്യല്‍ മീഡിയ ആ ക്റ്റിവിസ്റ്റ് നവാസ് ജാനെ. പച്ചക്കള്ളങ്ങള്‍ മാത്രം പടച്ചുവിടുന്ന ജന്മഭൂമിയും മാതൃഭൂമിയും മനോരമയും മംഗളവും കൗമുദിയും എല്ലാം ഭരണകൂടങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ നിലനില്‍ക്കുന്ന ഇക്കാലത്ത് സത്യം മാത്രം പറഞ്ഞ ഒരു പത്രം പ്രിന്റിങ് നിര്‍ത്തുമ്പോള്‍ പരാജയപ്പെടുന്നത് നമ്മളോരോരുത്തരുമാണ്. എന്താരോപണങ്ങള്‍ ഉണ്ടായാലും മനപ്പൂര്‍വം കള്ളവാര്‍ത്ത പടച്ചുവിട്ടു എന്നൊരാരോപണം തേജസിനെക്കുറിച്ച് മാത്രം നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധ്യമല്ലെന്നും നവാസ് ജാനെ പറഞ്ഞു.

തേജസിനെതിരേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത് മാധ്യമപീഡനമെന്നും പൊതുസമൂഹം ഇതിനെതിരേ ഉണരണമെന്നും എച്ച്എംഎസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ പത്രപ്രവര്‍ത്തകനുമായ മനോജ് ഗോപി. മാധ്യമലോകത്ത് സ്വതന്ത്ര നിലപാട് സ്വീകരിച്ച് ജനഹൃദയങ്ങളില്‍ വേറിട്ട സ്ഥാനംപിടിച്ച തേജസ് ദിനപത്രത്തിന് മാത്രം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ പരസ്യം നിഷേധിച്ചതിലൂടെ പത്രം കടുത്ത സാമ്പത്തികപ്രതിസന്ധി മൂലം അടച്ചുപൂട്ടലിന്റെ വക്കിലാണ്. സര്‍ക്കാര്‍ പരസ്യം തേജസിനു കൂടി അവകാശപ്പെട്ടതാണെന്ന കോടതിവിധി നടപ്പാക്കാന്‍ അധികാരിവര്‍ഗം തയ്യാറാവാത്തത് അപലപനീയമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss