|    Nov 16 Fri, 2018 11:38 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

തേജസിനൊപ്പം

Published : 26th October 2018 | Posted By: kasim kzm

വയലിത്തറ രവി, ദലിത് ചിന്തകന്‍, എഴുത്തുകാരന്‍ മൈനാഗപ്പള്ളി, കൊല്ലം

ആണധികാര ആള്‍ക്കൂട്ട ഫാഷിസ്റ്റുകള്‍ വിശ്വാസത്തിന്റെ പുകമറ സൃഷ്ടിച്ച് ഇരകളെ വേട്ടക്കാരാക്കി വിജയിച്ചുനില്‍ക്കുന്ന ഒരു സാമൂഹികാന്തരീക്ഷത്തിലാണ്. അരികുജീവിതങ്ങളുടെ അത്താണിയായിക്കൊണ്ട് അവരുടെ നിശ്വാസങ്ങള്‍ പുറംലോകത്ത് എത്തിച്ചുകൊണ്ടിരുന്ന തേജസ് പത്രത്തെ സാമ്പത്തിക ഇല്ലായ്മയുടെ പത്മവ്യൂഹത്തിലിട്ട് തകര്‍ത്തെറിയാന്‍ കോപ്പുകൂട്ടുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിഷേധിക്കുന്നു.
നിസ്വന്റെ ശബ്ദത്തെ ഇല്ലായ്മചെയ്യാന്‍ പരസ്യം നിഷേധിക്കുന്ന നടപടി മൂക്കുമുറിച്ച് ശകുനം മുടക്കുന്നതിന് തുല്യമാണ്. ഇതില്‍ പ്രതിഷേധിക്കുന്നു.
എന്നെപ്പോലെയുള്ള ദലിത് എഴുത്തുകാരുടെ ഇടങ്ങളെ തകര്‍ക്കുകയെന്ന ഒരു ഗൂഢതന്ത്രവും ഇതിലുണ്ടെന്നത് ദലിത്-പിന്നാക്ക ജനവിഭാഗങ്ങള്‍ തിരിച്ചറിയണം. ജനപക്ഷത്തു നിന്നുകൊണ്ട് ജനകീയ ഫണ്ടുകള്‍ സ്വരൂപിച്ച് തേജസ് നിലനിര്‍ത്തുന്നതിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

 

പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, പ്രസിഡന്റ്് കേരള മുസ്്‌ലിം സംയുക്തവേദി

പാര്‍ശ്വവല്‍കൃത ജനതയുടെ അടിസ്ഥാന പ്രശ്‌നങ്ങളെ പക്വവും ധീരവുമായി അവതരിപ്പിച്ച് മതന്യൂനപക്ഷങ്ങളുടെ പ്രതീക്ഷയും പ്രത്യാശയുമായി മാറിയ തേജസ് ദിനപത്രം ഭരണകൂട വേട്ടയാടലിനു വിധേയമായി ഇല്ലാതാവുന്നത് ജനാധിപത്യമൂല്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്. തേജസിന്റെ അണിയറ ശില്‍പികളായ പോപുലര്‍ ഫ്രണ്ടിനെതിരേ ഉന്നയിക്കപ്പെടുന്ന കുറ്റാരോപണങ്ങള്‍ പലതും നിരര്‍ഥകമാണെന്ന് ഹാദിയ വിഷയം അവസാനിപ്പിച്ചുകൊണ്ടുള്ള എന്‍ഐഎയുടെ റിപോര്‍ട്ടിലൂടെ കൂടുതല്‍ വ്യക്തമായിട്ടുള്ളതാണ്. തേജസിനോട് ഭരണകൂടം പുലര്‍ത്തുന്ന എല്ലാവിധ വിവേചനങ്ങളും ഉടന്‍ അവസാനിപ്പിക്കണം. വൈവിധ്യങ്ങളെയും വ്യത്യസ്ത ശബ്ദങ്ങളെയും അവഗണിക്കുന്നതും നിരാകരിക്കുന്നതും ജനാധിപത്യത്തിന്റെ സൗന്ദര്യത്തെ തകര്‍ക്കുകയും ഫാഷിസത്തെയും ഏകാധിപതികളെയും പ്രോല്‍സാഹിപ്പിക്കുകയും മാത്രമേ ചെയ്യുകയുള്ളൂ.

 

ജാസ്മീര്‍ ബി, ശൂരനാട്

നിറങ്ങള്‍ ചാലിച്ച വാക്കുകള്‍ക്കപ്പുറത്ത് സത്യങ്ങള്‍ കോര്‍ത്തിണക്കിയ വാക്കുകള്‍കൊണ്ട് വാര്‍ത്തകള്‍ സൃഷ്ടിച്ച് മറ്റു മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നകന്ന് വേറിട്ടവഴിയിലൂടെ സഞ്ചരിച്ച് ആധുനിക കാലത്തെ മാധ്യമധര്‍മത്തിന് പുത്തന്‍ നിര്‍വചനങ്ങള്‍ എഴുതിച്ചേര്‍ത്ത പത്രം, അതായിരുന്നു തേജസ്.
ഭീഷണിസ്വരങ്ങള്‍ക്കും ഭയവിഹ്വലതകള്‍ക്കും ചെവികൊടുക്കാതെ മുഖംതിരിച്ച് ഭരണകൂടതാല്‍പര്യങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കാതെ നേരോടെ, നിര്‍ഭയം ഒരു ദശാബ്ദത്തിലേറെ പത്രധര്‍മം നടത്തിയിരുന്ന തേജസ് പത്രത്തിന്റെ വായ് ഒരു സുപ്രഭാതത്തില്‍ മൂടിക്കെട്ടുമ്പോള്‍, സ്വതന്ത്രമായ പത്രധര്‍മത്തെ ഭരണകൂടം ചങ്ങലക്കിടുമ്പോള്‍, ഇവിടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുമേല്‍ താഴ് വീഴുകയാണ്. ഒരു ജനതയുടെ അറിയാനുളള അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്.
പിന്നാക്ക, അധസ്ഥിത, കീഴാള ജനവിഭാഗങ്ങളുടെ അവകാശ നിഷേധങ്ങള്‍ക്കെതിരേയും അവകാശ സംരക്ഷണത്തിനുവേണ്ടിയും നിരന്തരം തൂലിക പടവാളാക്കി പോരാടാന്‍ തേജസ് കാണിക്കുന്ന ആര്‍ജവം അഭിനന്ദനാര്‍ഹമാണ്. തേജസ് അച്ചടി നിര്‍ത്തുന്നതോടെ നിലയ്ക്കുന്നത് അടിച്ചമര്‍ത്തപ്പെട്ട ഈ ജനതയുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടമാണ്. അവരുടെ നാവാണ് അരിയപ്പെടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss