|    Oct 22 Mon, 2018 4:42 am
FLASH NEWS

തേക്കിന്‍കാട്ടിലെ ജലസംഭരണിയില്‍ വെള്ളം കയറുന്നില്ല; ജലക്ഷാമം രൂക്ഷം

Published : 3rd December 2015 | Posted By: SMR

തൃശൂര്‍: തേക്കിന്‍കാട്ടിലെ ജലസംഭരണിയില്‍ വെള്ളം കയറുന്നില്ല, പഴയ മുനിസിപ്പല്‍ പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയായി. പറവട്ടാനിയിലും അരണാട്ടുകരയിലും പുതിയ ജലസംഭരണി ഉള്‍പ്പെടെ യുഡിഎഫ് കൗണ്‍സില്‍ എഡിബി പദ്ധതിയില്‍ 24 കോടി മുടക്കി നടപ്പാക്കിയ വിപുലീകരണ പദ്ധതിയാണ് ജലവിതരണ പ്രതിസന്ധിക്ക് കാരണം.
പദ്ധതി അശാസ്ത്രീയമാണെന്നും പദ്ധതി നടപ്പാക്കിയാല്‍ മുനിസിപ്പല്‍ പ്രദേശത്ത് കുടിവെള്ളം മുട്ടുമെന്നും റിട്ട. ജലഅതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി പി അജിത്കുമാര്‍ നേരത്തെ പരസ്യപ്രസ്താവന നടത്തിയതാണെങ്കിലും പരിഗണിക്കാന്‍ യുഡിഎഫ് കൗണ്‍സില്‍ തയ്യാറായില്ല. പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തശേഷം ഏതാനും മാസങ്ങളായി അനുഭവപ്പെടുന്ന ജലക്ഷാമത്തില്‍ ജനരോഷം ശക്തമായിരുന്നുവെങ്കിലും കാരണം പരിശോധിക്കാന്‍പോലും കൗണ്‍സില്‍ നേതൃത്വം തയ്യാറായിരുന്നില്ല. തേക്കിന്‍കാട്ടിലെ ജലസംഭരണിയില്‍ വെള്ളം കയറാത്തതാണ് പ്രശ്‌നമെന്ന് സ്വകാര്യ’ വെളിപ്പെടുത്തല്‍ ചില അതോറിറ്റി ഉദ്യോഗസ്ഥരില്‍നിന്നും ഇപ്പോഴാണുണ്ടാവുന്നത്. പീച്ചിയില്‍നിന്നു തൃശൂരിലേക്ക് 600 എംഎം, 700 എംഎം എന്നീ രണ്ടുപൈപ്പുകളിലൂടെയാണ് ജലം എത്തിക്കുന്നത്. പീച്ചിയില്‍നിന്നും തേക്കിന്‍കാട്ടിലെ ടാങ്കില്‍ ജലമെത്തിക്കുന്ന 600 എംഎം പൈപ്പ് ലൈനില്‍നിന്നും, പറവട്ടാനിയിലേക്ക് വെള്ളം നല്‍കാന്‍ കിഴക്കുമ്പാട്ടുകരയില്‍ എഡിബി പദ്ധതിയില്‍ സ്ഥാപിച്ച ടാങ്കിലേക്ക് ബൈപാസ് ചെയ്തു കണക്ഷന്‍ നല്‍കിയതും, കൂടാതെ പ്രദേശത്തെ പൈപ്പ് ലൈനുകളിലേക്കു നേരിട്ട് വെള്ളം ഒഴുക്കി നല്‍കുന്നതുമാണ് തേക്കിന്‍കാട്ടിലെ ടാങ്കിലേക്ക് വെള്ളം കയറുന്നതിന് തടസ്സമായതത്രെ.
പ്രധാന പൈപ്പ് ലൈനുകളില്‍ നിന്നു വെള്ളം ബൈപാസ് ചെയ്യാന്‍ പാടില്ലെന്നാണ് ശാസ്ത്രീയ രീതി. 600 എംഎം പൈപ്പി ലൈന്‍ 65 വര്‍ഷമായി ബൈപാസ് നടത്താതെ സംരക്ഷിച്ചതാണ്. നഗരം കുന്നിന്‍പുറത്തായതിനാല്‍ എല്ലാവര്‍ക്കും വെള്ളം കിട്ടാന്‍ രാത്രിയില്‍ ടാങ്ക് അടച്ച് വെള്ളം നിറച്ച് പുലര്‍ച്ചെ 4.30ന് തുറന്നുവിടുന്ന സംവിധാനമായിരുന്നു കുറെകാലമായി. മാത്രമല്ല 600 എംഎം കാസ്റ്റ് അയേണ്‍ പൈപ്പ് ലൈനിന്റെ ഉള്‍ഭാഗം തുരുമ്പെടുത്ത് ജലത്തിന്റെ അളവും കുറഞ്ഞിരുന്നു. എങ്കിലും പഴയ മുനിസിപ്പല്‍ പ്രദേശത്ത് ചില ഉയര്‍ന്ന പ്രദേശങ്ങളിലൊഴികെ സമൃദ്ധിയായി കുടിവെള്ളം ലഭിച്ചിരുന്നതാണ്. ലോറിവെള്ളവിതരണവും നടത്തേണ്ടിവന്നിട്ടില്ല.
കിഴക്കുമ്പാട്ടുകര ടാങ്കിലേക്കു ബൈപാസ് കണക്ഷന്‍ നല്‍കുകയും പ്രദേശത്തെ സബ് ലൈനുകളിലേക്കു 600 എംഎം ലൈനില്‍നിന്നും വെള്ളം ഒഴുക്കിവിടുകയും ചെയ്തതോടെ മെയിന്‍ ലൈനില്‍ മര്‍ദ്ദം കുറഞ്ഞതാണ് തേക്കിന്‍കാട് ടാങ്കില്‍ വെള്ളം കയറാതിരിക്കാന്‍ കാരണം. വളരെ പരിമിതമായി മാത്രമേ ഇപ്പോള്‍ വെള്ളം കയറുന്നുള്ളൂ. അതേസമയം കിഴക്കുമ്പാട്ടുകര, പറവട്ടാനി തുടങ്ങി മേഖലകള്‍ ജലസമൃദ്ധമാണ്. മെയിന്‍ ലൈനില്‍ നിന്നു ബൈപാസ് ചെയ്തുകൊണ്ടുളള നടപടി അശാസ്ത്രീയമാണെന്നും തേക്കിന്‍കാട്ടിലെ ടാങ്കില്‍ വെള്ളം കയറാതെ നഗരത്തില്‍ ജലക്ഷാമം ഉണ്ടാക്കുമെന്നും ചില വാട്ടര്‍ അതോറിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതാണെങ്കിലും കോര്‍പറേഷന്‍ സ്വന്തം നിലയില്‍ എഡിബി ഫണ്ടുപയോഗിച്ച് കൊട്ടിയാഘോഷിച്ച് നടപ്പാക്കിയ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ കോര്‍പറേഷന്‍ നേതൃത്വം നടത്തിയ തിരുത്തരവാദപരമായ സമ്മര്‍ദ്ദത്തിന് അതോറിറ്റി വഴങ്ങിയതാണ് മുനിസിപ്പല്‍ പ്രദേശം ഇന്നനുഭവിക്കുന്ന കുടിവെള്ള പ്രതിസന്ധിയെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. 24 കോടിയുടെ കോര്‍പ്പറേഷന്‍ ചിലവില്‍ അതോറിറ്റിയും ചൂഷണം നടത്തി.
അതോറിറ്റിയുടെ ഒളരി ടാങ്കിലേക്കു പുതിയ 500 എംഎം പൈപ്പ് ലൈന്‍ സ്ഥാപിച്ചു. കോര്‍പറേഷനില്‍ ഉപയോഗിച്ചിരുന്ന വെള്ളം ചോര്‍ത്തി അരിമ്പൂര്‍, മണലൂര്‍, പുല്ലഴി എന്നിവിടങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിതീര്‍ത്ത് വെള്ളമില്ലാത്തതിനാല്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയാതിരുന്ന പദ്ധതികള്‍ കമ്മീഷന്‍ ചെയ്തു.
ചേറൂര്‍ ടാങ്കിലേക്കും 500 എംഎം പൈപ്പിട്ട് അധികജലം കൊണ്ടുപോയി. ആയിരക്കണക്കിന് കണക്ഷനുകളാണ് നല്‍കിയതും നല്‍കികൊണ്ടിരിക്കുന്നതും. 35 വര്‍ഷം മുമ്പുള്ള 50.5 ദശലക്ഷം ലിറ്റര്‍ ജലം ഉല്പാദനത്തില്‍ ഒരു ലിറ്റര്‍ പോലും അധികം ഉല്പാദിപ്പിക്കാതെയാണ് 30,000 ല്‍പരം കണക്ഷനുകള്‍ മുനിസിപ്പല്‍ പ്രദേശത്തിന് പുറത്തു അശാസ്ത്രീയമായി നല്‍കി അതോറിറ്റി പണമുണ്ടാക്കുന്നത്.
കോടികള്‍ മുടക്കി നഗരസഭ ലോറിവെള്ളം നല്‍കേണ്ടിവരുന്ന സാഹചര്യത്തിലും കടുത്ത ജലക്ഷാമം നഗരവാസികള്‍ അനുഭവിക്കുമ്പോഴും പ്രതിസന്ധിക്ക് കാരണം പഠിച്ച് പരിഹാരം കാണാതെ തികഞ്ഞ നിസ്സംഗതയിലാണ് യുഡിഎഫ് കൗണ്‍സില്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss