|    Jul 22 Sun, 2018 2:29 pm
FLASH NEWS

തേക്കിന്‍കാടിന്റെ ശുചീകരണ ബാധ്യത; കോര്‍പറേഷന്‍ നീക്കം പൊളിഞ്ഞു

Published : 26th September 2017 | Posted By: fsq

 

തൃശൂര്‍: തേക്കിന്‍കാട് മൈതാനത്തിന്റെ പൊതു സ്വഭാവം ഇല്ലാതാക്കി ശുചീകരണ ബാധ്യതയില്‍ നിന്നും പിന്‍വാങ്ങാനുള്ള കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം എല്‍ റോസിയുടെ ഗൂഡനീക്കം പൊളിഞ്ഞു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലെ റോസി ഒഴികെയുള്ളവരെല്ലാം ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് നീക്കം പൊളിഞ്ഞത്. സിപിഎം കൗണ്‍സിലര്‍മാരായ പ്രേംകുമാര്‍, സതീഷ് ചന്ദ്രന്‍, കോണ്‍ഗ്രസിലെ ജയ മുത്തീപിടിക, കെ വി ബൈജു, ബിജെപിയിലെ കെ മഹേഷ് എന്നിവരാണ് ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയത്. ആരോഗ്യ കമ്മിറ്റി അറിയാതെയും ചര്‍ച്ച ചെയ്യാതേയും ഇത്രയും നയപരമായ പ്രഖ്യാപനം മാധ്യമങ്ങളിലൂടെ നടത്തിയതിനെ കെ മഹേഷ് കമ്മിറ്റി യോഗത്തില്‍ ചോദ്യം ചെയ്തു. കരാറില്‍ നിന്നും പിന്‍വാങ്ങരുതെന് മാത്രമല്ല നഗരഹൃദയമായ തേക്കിന്‍കാട്ടിലെ ശുചീകരണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടു.ടാക്‌സ് ആന്റ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാനായ സിഎംപി കൗണ്‍സിലര്‍ പി സുകുമാരന്‍ തന്റെ എതിര്‍പ്പ് യോഗത്തിന് മുമ്പേ റോസിയെ നേരില്‍ കണ്ടറിയിച്ചിരുന്നു. സിപിഐയും എതിര്‍പ്പ് അറിയിച്ചു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ എ പ്രസാദ്, ഈ പ്രശ്‌നത്തിലുള്ള എതിര്‍പ്പ് അറിയിച്ച് മേയര്‍ക്ക് കത്ത് നല്‍കിയിരുന്നു.ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥാവകാശത്തിലുള്ള സ്ഥലത്ത് മാലിന്യം കെട്ടികിടക്കുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത് കോര്‍പ്പറേഷന് നാണക്കേടുണ്ടാക്കുന്നുവെന്നായിരുന്നു എം എല്‍ റോസിയുടെ നിലപാട്. നാണക്കേടൊഴിവാക്കാനാണ് കരാര്‍ ബാധ്യതയില്‍ നിന്നും പിന്‍വാങ്ങുന്നതത്രെ.തേക്കിന്‍കാട് മൈതാനത്തിന്മേലുള്ള ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥാവകാശം അംഗീകരിച്ചുകൊണ്ടുതന്നെ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയായിരുന്നു. റോഡ്, കാന, ശുചീകരണം, വെള്ളം, വെളിച്ചം എന്നീ ബാധ്യതകള്‍ ഏറ്റെടുത്ത് 20 വര്‍ഷം മുമ്പ് നഗരസഭ ദേവസ്വം ബോര്‍ഡുമായി കരാറുണ്ടാക്കിയത്. തേക്കിന്‍കാടിനെ കച്ചവടവല്‍ക്കരിക്കുന്നതിലും കടുത്ത നിയന്ത്രണങ്ങള്‍ കരാറിലുണ്ട്. ഹൈക്കോടതിയുടെ കൂടി അംഗീകാരം വാങ്ങിയാണ് അന്ന് കരാര്‍ നടപ്പാക്കിയത്. അങ്ങിനെയുള്ള കരാറില്‍ നിന്നും ഏകപക്ഷീയമായി നഗരസഭക്കു പിന്‍വാങ്ങാനാകില്ല. പിന്‍വാങ്ങുന്നതിനുള്ള ചര്‍ച്ച പോലും നഗരത്തിലെ സാമൂഹ്യരംഗത്തു വലിയ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതായിരുന്നു. പക്ഷെ രാഷ്ട്രീയ ഇടപെടല്‍ അതസാധ്യമാക്കി.നഗരമാകേ ചീഞ്ഞുനാറുന്നത് സ്ഥിരം വാര്‍ത്തകളായി മാറുമ്പോള്‍ നഗരത്തില്‍ ഏറ്റവും മികച്ച നിലയില്‍ ശുചീകരണം നടക്കുന്നത് തേക്കിന്‍കാട്ടിലും സ്വരാജ് റൗണ്ടിലുമാണെന്നത് വസ്തുതയാണ്. നഗരസഭ നിയോഗിച്ച 50 കുടുംബശ്രീ പ്രവര്‍ത്തകരാണ് ശുചീകരണം മാതൃകാപരമായി നിര്‍വ്വഹിക്കുന്നത്. അവരെ ഒഴിവാക്കുന്നതിനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ശുചീകരണ ചുമതലയില്‍ നിന്ന് പിന്‍വാങ്ങാനുള്ള ഗൂഢനീക്കത്തിനും പിന്നിലെന്ന് പറയുന്നു. 14 വര്‍ഷം മുമ്പ് ഇവരെ നിയമിച്ചതുമുതല്‍ തന്നെ നിയമനത്തിനെതിരായും അവരെ ഒഴിവാക്കുന്നതിനും നഗരസഭയില്‍ ഗൂഢാലോചന നടന്നുവരികയാണ്. അവര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാതെയും അനാവശ്യ തടസ്സവാദങ്ങള്‍ ഉന്നയിച്ചും പാവപ്പെട്ട കുടുംബശ്രീക്കാരെ ശ്വാസമുട്ടിക്കുക പതിവായിരുന്നു.തേക്കിന്‍കാട്ടിലും സ്വരാജ് റൗണ്ടിലും ശുചീകരണം നടത്തുന്ന 50 കുടുംബശ്രീക്കാര്‍ക്ക് കോര്‍പ്പറേഷന്‍ നല്‍കുന്ന വേതനം തുച്ഛമാണ്. ഒരാള്‍ക്ക് പ്രതിമാസം 1840 രൂപ മാത്രം. പ്രതിമാസം ഒന്നരലക്ഷം രൂപ സംസ്ഥാന ടൂറിസം വകുപ്പും കുടുംബശ്രീക്കാര്‍ക്ക് നല്‍കുന്നുണ്ട്. സ്വയം തൊഴില്‍ എന്ന നിലയില്‍ സ്വരാജ് റൗണ്ടില്‍ നിന്നും 100 മീറ്റര്‍ വരെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന സഹായമാണ് പ്രധാന വരുമാനം. കോര്‍പ്പറേഷനില്‍ പുല്ലുവെട്ടുന്ന ദിവസ വേതനക്കാര്‍ക്ക് പോലും ദിവസം 630 രൂപ നല്‍കുന്നുണ്ട്. ശമ്പളം കൂട്ടി നല്‍കണമെന്ന കുടുംബശ്രീക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തോടും കോര്‍പ്പറേഷന്‍ നേതൃത്വം മുഖംതിരിക്കുകയാണ്. അതിനിടയിലാണ് ഏതോ മാധ്യമത്തില്‍ മാലിന്യത്തിന്റെ പടം കൊടുത്ത് നാണക്കേടുണ്ടാക്കിയയെന്ന പേരില്‍ പാവങ്ങളെ പറഞ്ഞുവിടാനുള്ള നീക്കം. നഗരഹൃദയമായ തേക്കിന്‍കാട് മൈതാനം കൂടുതല്‍ ശുചിത്വത്തോടെ സംരക്ഷിക്കണമെന്ന പത്രവാര്‍ത്തയിലെ സന്ദേശം ഉള്‍ക്കൊള്ളാന്‍ പോലും ആരോഗ്യ കമ്മിറ്റി ചെയര്‍പേഴ്‌സനായില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss