|    Oct 18 Wed, 2017 8:34 pm
FLASH NEWS

തേക്കടി തടാകത്തിലെ ജലനിരപ്പ് താഴ്ന്നു; കെടിഡിസി ബോട്ടിങ് നിര്‍ത്തണമെന്ന് വനം വകുപ്പ്

Published : 20th October 2016 | Posted By: SMR

എ അബ്ദുല്‍സമദ്കുമളി: തേക്കടി തടാകത്തിലെ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ കെടിഡി.സിയുടെ ബോട്ട് സര്‍വീസ് നിര്‍ത്താന്‍ വനം വകുപ്പ് നിര്‍ദേശം. യാത്രക്കാരുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണിത്. കെടിഡിസിയുടെ വലിയ ബോട്ടായ ജലരാജയുടെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തണമെന്ന് കാണിച്ച് പെരിയാര്‍ കടുവാ സങ്കേതം ഡപ്യൂട്ടി ഡയറക്ടര്‍ കൃഷന്‍ കുമാറാണ് കെടിഡിസി അധികൃതര്‍ക്ക് കത്ത് നല്‍കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്നാണ് കത്ത് നല്‍കിയത്.ഇന്നലെ 109 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് താഴ്ന്നതോടെ ജലാശയത്തിലെ ബോട്ട് ചാലുകളില്‍ മരക്കുറ്റികളും മണല്‍ത്തിട്ടകളും ദൃശ്യമായി. ഇതോടെ വലിയ ബോട്ടുകളുടെ യാത്ര അപകടം നിറഞ്ഞതായി. ഇതിനാല്‍ 126 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന കെടിഡിസിയുടെ ജലരാജ ബോട്ടിന് നിലവിലുള്ള ലാന്റിങിലേക്ക് എത്താന്‍ കഴിയില്ല. ഇപ്പോഴുള്ള ലാന്റിങില്‍ നിന്ന് അരകിലോമീറ്റര്‍ അകലെ സുരക്ഷിതമായ സ്ഥലത്ത് ബോട്ട് ജെട്ടി നിര്‍മിക്കണമെന്ന് കാണിച്ച് കെടിഡിസി അധികൃതര്‍ വനം വകുപ്പിനു കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു. ഇതിനു മറുപടിയായാണ് അപകട സാധ്യത മുന്‍ നിര്‍ത്തി ജലരാജയുടെ സര്‍വീസ് നിര്‍ത്താന്‍ വനം വകുപ്പ് നിര്‍ദേശിച്ചത്. വിദഗ്ധരായ ബോട്ട് െ്രെഡവര്‍മാരാണുള്ളതെന്ന് അറിയിച്ചെങ്കിലും അനുകൂല നിലപാട് വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും കെടിഡിസി അധികൃതര്‍ പറയുന്നു. എന്നാല്‍ തേക്കടിയില്‍ വീണ്ടുമൊരു അപകടം കൂടി ക്ഷണിച്ചു വരുത്താന്‍ തയ്യാറല്ലെന്നും ഇതിനാല്‍ ജലനിരപ്പുയരുന്നത് വരെ കാത്തിരിക്കണമെന്നുമാണ് വനം വകുപ്പിന്റെ നിലപാട്. ഇന്നലെ തന്നെ ഇക്കാര്യം ടൂറിസം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു.ജലനിരപ്പ് താഴ്ന്നതോടെ ജലരാജ ബോട്ടില്‍ യാത്ര ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണം 126ല്‍ നിന്നും 90 ആക്കി കുറച്ചിരുന്നു.കൂടാതെ അഞ്ച് സര്‍വീസ് നടത്തിയിരുന്നത് മൂന്നാക്കി കുറയ്ക്കുകയും ചെയ്തിരുന്നു.ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വരുമാനമാണ് പൂജാ അവധി ദിവസങ്ങളില്‍ വനം വകുപ്പിന് ലഭിച്ചത്. ഒരാഴ്ചക്കുള്ളില്‍ ദീപാവലിയുടെ തിരക്ക് ആരംഭിക്കുമെന്നിരിക്കെ ജലരാജയുടെ സര്‍വീസ് നിര്‍ത്തുന്നത് ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ടൂറിസം വികസനത്തിനും തിരിച്ചടിയാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക