|    Mar 26 Sun, 2017 9:11 am
FLASH NEWS

തേക്കടി തടാകത്തിലെ ജലനിരപ്പ് താഴുന്നു; മുന്‍വര്‍ഷത്തേക്കാള്‍ ആറടി വെള്ളം കുറവ്

Published : 10th October 2016 | Posted By: SMR

കുമളി: വെയില്‍ കനത്തതോടെ തേക്കടി തടാകത്തിലെ ജലനിരപ്പ് താഴ്ന്നു. മണല്‍ത്തിട്ടകള്‍ ദൃശ്യമായതിനെ തുടര്‍ന്ന് കെടിഡിസി ബോട്ടുകളിലെ യാത്രക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. കാലവര്‍ഷം ദുര്‍ബലമായതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് താഴുന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആറടിയോളം വെള്ളമാണ് അണക്കെട്ടില്‍ കുറവുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 117.10 അടി വെള്ളമാണ് അണക്കെട്ടിലുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോഴിത് 110.7 അടി മാത്രമാണ്. കഴിഞ്ഞ വര്‍ഷം സെക്കന്റില്‍ 931 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങള്‍ വരണ്ടുണങ്ങിക്കിടക്കുകയാണ്.
ഇതേസമയം തമിഴ്‌നാട്ടിലേക്ക് സെക്കന്റില്‍ 300 ഘനയടി ജലം കൊണ്ടുപോവുന്നുണ്ട്. കഴിഞ്ഞ വര്‍ഷമിത് 515 ഘനയടിയായിരുന്നു. ജലനിരപ്പ് 110 അടിയിലെത്തിയതോടെ തടാകത്തിലെ ബോട്ടുചാലില്‍ പലയിടങ്ങളിലും മണല്‍ത്തിട്ടകളും മരക്കുറ്റികളും ദൃശ്യമായിക്കഴിഞ്ഞു. ബോട്ടിന്റെ ഹള്ള് മരക്കുറ്റിയില്‍ ഉള്‍പ്പെടെ തട്ടി അപകടത്തിന് സാധ്യതയുള്ളതിനാലാണ് കെടിഡിസിയുടെ ഇരുനില ബോട്ടായ ജലരാജയുടെ സീറ്റിങ് കപ്പാസിറ്റി വെട്ടിക്കുറച്ചത്. ഒരേസമയം 126 പേര്‍ക്കാണ് ഈ ബോട്ടില്‍ സവാരിചെയ്യാന്‍ കഴിയുക. എന്നാല്‍, കഴിഞ്ഞ ദിവസം അധികൃതര്‍ ഇത് 80 സീറ്റാക്കി കുറയ്ക്കുകയാണ് ചെയ്തത്. ജലനിരപ്പ് രണ്ടടി കൂടി താഴ്ന്നാല്‍ ബോട്ട് ജെട്ടി ഒരുകിലോമീറ്റര്‍ അകലേക്ക് മാറ്റേണ്ടിവരും. ഇത്രയും ദൂരം നടന്നെത്തിയാല്‍ മാത്രമേ ബോട്ടില്‍ കയറാന്‍ കഴിയുകയുള്ളൂ. ഇത് പ്രായമായവര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കും.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക