|    Feb 21 Wed, 2018 6:49 pm
FLASH NEWS

തേക്കടിയില്‍ വനംവകുപ്പ് അഴിമതിയില്‍ മുങ്ങിയെന്ന്; എഐടിയുസി സമരത്തിന്

Published : 19th January 2017 | Posted By: fsq

 

കുമളി: തേക്കടിയില്‍ വനം വകുപ്പ് നടത്തുന്ന അഴിമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എഐടിയു സിയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ഇന്ന് രാവിലെ പത്തിന് കേരളാ സ്‌റ്റേറ്റ് ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂനിയന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോമന്‍ ഉദ്ഘാടനം ചെയ്യും. തേക്കടിയില്‍ നടപ്പാക്കുന്ന എക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നു. ബോട്ട് ടിക്കറ്റ് ഓണ്‍ലൈന്‍ സംവിധാനത്തിന്റെ കരാര്‍ ആസ്‌പ്രോസ് എന്ന സ്വകാര്യ കമ്പനിക്ക് നല്‍കിയതില്‍ അഴിമതിയുണ്ട്. ഇതിന്റെ കരാര്‍ പൊതുമേഖലാ സ്ഥാപനത്തിന് നല്‍കുക, വിരമിച്ച ഉദ്യോഗസ്ഥരെ ഉന്നത തസ്തികകളില്‍ നിയമിച്ച നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. തേക്കടിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന തൊഴിലാളികളെ കാരണം കൂടാതെ പിരിച്ചു വിട്ടതായും യൂനിയന്‍ നേതാക്കള്‍ ആരോപിച്ചു. മാത്രമല്ല തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ശമ്പളം സാങ്കേതിക കാരണങ്ങളുടെ പേരു പറഞ്ഞ് തടഞ്ഞു വയ്ക്കുകയാണ്. ലഭിക്കേണ്ട തുകയുടെ 70 ശതമാനം മാത്രമാണ് നല്‍കുന്നത്. തേക്കടിയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായ അഴിമതിയാണ് നടക്കുന്നത്. ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണം. തേക്കടിയില്‍ വിനോദ സഞ്ചാരികള്‍ക്കായി നടത്തുന്ന വിവിധ പരിപാടികളില്‍ നിന്നും വര്‍ഷം 12 കോടിയോളം രൂപ വരുമാനമുണ്ട്. എന്നാല്‍ ഇതിന്റെ കണക്കുകള്‍ പെരിയാര്‍ ഫൗണ്ടേഷന്റെ ഗവേണിങ് ബോഡിയിലോ ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തിലോ അവതരിപ്പിക്കാറില്ലെന്നും നേതാക്കളായ പി എന്‍ മോഹനന്‍, വി കെ ബാബുക്കുട്ടി, കെ എസ് വിജയന്‍ എന്നിവര്‍ ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss