|    Dec 18 Mon, 2017 12:41 pm
Home   >  National   >  

തെളിവ് നിയമ പരിഷ്‌കരണത്തിന് വേദങ്ങളെ മാതൃകയാക്കണം:അഭയ് ഭരദ്വാജ്

Published : 15th October 2016 | Posted By: mi.ptk

abhay

ന്യൂഡല്‍ഹി: തെളിവ് നിയമം പരിഷ്‌കരിക്കുന്നതിന് വേദങ്ങളും ഉപനിഷത്തും മാതൃകയാക്കണമെന്ന് നിയമ കമ്മീഷന്‍ അംഗം അഭയ് ഭരദ്വാജ്. 144 വര്‍ഷം പഴക്കമുള്ള തെളിവ് നിയമം (ഇന്ത്യന്‍ എവിഡന്‍സ് ആക്ട്) കാലഹരണപ്പെട്ടതാണെന്നും വേദങ്ങളും ഉപനിഷത്തുകളും അനുസരിച്ച് അത് പരിഷ്‌കരിക്കണമെന്നുമാണ് ഗുജറാത്തില്‍ നിന്നുള്ള അഭിഭാഷകനും നിയമ കമ്മീഷന്‍ അംഗവുമായ അഭയ് ഭരദ്വാജ് പറഞ്ഞത്.
രാജ്യത്ത് നിലവിലുള്ള നിയമങ്ങളുടെ പരിഷ്‌കരണത്തിനുള്ള ഉപദേശം നല്‍കാന്‍ നിയോഗിക്കപ്പെട്ട സമിതിയാണ് നിയമ കമ്മീഷന്‍. കഴിഞ്ഞ വര്‍ഷമാണ് 21-ാം നിയമ കമ്മീഷനില്‍ പാര്‍ട് ടൈം അംഗമായി അഭയ് ഭരദ്വാജ് നിയമിതനായത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അഭയ് ഭരദ്വാജിന്റെ നിയമ കമ്മീഷന്‍ നിയമനം ഗുജറാത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് പൊതു സിവില്‍ കോഡ് ആവശ്യമാണെന്നും ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഭയ് ഭരദ്വാജ് പറഞ്ഞു.വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും അടക്കമുള്ള പൗരാണിക ഗ്രന്ഥങ്ങള്‍ പ്രകാരം തെളിവു നിയമം പരിഷ്‌കരിക്കുന്നത് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ ഗുണപ്രദമായ പുതിയൊരു ഘട്ടത്തിലേയ്ക്ക് നയിക്കും.ഇന്ത്യന്‍ ക്രിമിനല്‍ നിയമ സംവിധാനത്തിന്റെ അടിസ്ഥാനമാണ് തെളിവ് നിയമം. നീതിന്യായ സംവിധാനത്തിന് പുതു ചൈതന്യമുണ്ടാക്കാന്‍ പുരാതന മത ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ തെളിവ് നിയമം പരിഷ്‌കരിക്കണം. തെളിവ് ശേഖരണത്തിന് നിരവധി മാര്‍ഗ്ഗങ്ങള്‍ ഈ പുരാതന ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ജൈന നിയമത്തില്‍ തെളിവുകളെക്കുറിച്ച് ഏഴ് ശ്ലോകങ്ങളുണ്ട്. ഇത് ജഡ്ജിമാര്‍ പ്രയോജനപ്പെടുത്തിയാല്‍ വിചാരണ കോടതി മുതല്‍ സുപ്രീംകോടതി വരെ വിധിപ്രസ്താവത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടാവില്ലെന്നും അഭയ് ഭരദ്വാജ് പറയുന്നു.
2002 ലെ ഗുജറാത്ത് വംശഹത്യ സമയത്ത് നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ കുറ്റാരോപിതര്‍ക്ക് വേണ്ടി ഹാജരായ വ്യക്തിയാണ് ഇദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss