|    Apr 24 Tue, 2018 3:00 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

തെളിവുകള്‍ വയ്ക്കാതെയുള്ള ആരോപണങ്ങള്‍

Published : 7th November 2016 | Posted By: SMR

കരീംലാല

ഒക്ടോബര്‍ 24ാം തിയ്യതി നിയമസഭയില്‍ പി സി ജോര്‍ജിന്റെ ഒരു ചോദ്യത്തിനുത്തരമായി തേജസ് ദിനപത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ കൊടുക്കാത്തതിനു കാരണമായി മുഖ്യമന്ത്രി പറഞ്ഞത് അത് പത്രധര്‍മത്തിനു വിരുദ്ധമായതും തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നതും രാജ്യത്ത് മതവിദ്വേഷം വളര്‍ത്തുന്നതും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതുമായ ഒരു പത്രമാണ് എന്നാണ്.
എന്നാല്‍, പ്രകോപനപരമോ പ്രതിലോമപരമോ ദേശദ്രോഹപരമോ ആയ എന്തു വാര്‍ത്തയാണ്, അല്ലെങ്കില്‍ മുഖപ്രസംഗമാണ് തേജസ് പ്രസിദ്ധീകരിച്ചത് എന്ന് മുഖ്യമന്ത്രി വിശദീകരിച്ചതായി കാണുന്നില്ല. കേരളത്തില്‍ ആദ്യമായി ആഴ്ചയിലൊരിക്കല്‍ എഡിറ്റോറിയല്‍ എഴുതാന്‍ വായനക്കാരനെ അനുവദിച്ചിട്ടുള്ള പത്രമാണ് തേജസ്. കീഴാളവിഭാഗങ്ങള്‍ നേരിടേണ്ടിവരുന്ന പീഡനങ്ങളും അവഗണനകളും തുറന്നുകാണിക്കുന്ന തേജസിന് അതില്‍ ജാതിമതവിവേചനമില്ല.
46 ശതമാനം മുസ്‌ലിം-ക്രിസ്ത്യന്‍ ജനസംഖ്യയുള്ള കേരളത്തില്‍ ഈ വിഭാഗങ്ങളില്‍പ്പെട്ട ഒരു തൂപ്പുകാരന്‍പോലുമില്ലാത്ത രണ്ടു ടെലിവിഷന്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഭരിക്കുന്ന ഗവണ്‍മെന്റിനെ അധികാരത്തിലേറ്റിയത് കമ്മ്യൂണിസ്റ്റുകള്‍ക്കൊപ്പം പരമ്പരാഗത മുസ്‌ലിം വോട്ടില്‍ നിന്നു വ്യത്യചലിച്ച എണ്ണമറ്റ യുവതീയുവാക്കളാണ്. തേജസിന്റെ മൂകമായൊരു പിന്തുണയും അതില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നത് ഒരു സത്യം തന്നെയായിരുന്നു. ഫാഷിസത്തിന് വളംവച്ചുകൊടുത്ത യുഡിഎഫിനോടുള്ള വിരോധം ഇടതുപക്ഷത്തിന്റെ വിജയത്തിന്റെ പിന്നിലുണ്ട്. അതിനാല്‍ തന്നെ ഫാഷിസ്റ്റുകളുടെ പ്രസ്താവനകള്‍ അതേപടി ആവര്‍ത്തിക്കുന്ന മെഗാഫോണ്‍ ആയി മാറുകയല്ല മുഖ്യമന്ത്രി ചെയ്യേണ്ടത്. അദ്ദേഹം കുറ്റപ്പെടുത്തുമ്പോള്‍ അതിന് വ്യക്തമായ തെളിവ് ഹാജരാക്കേണ്ടിയിരുന്നു.
ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ പ്രചാരം വര്‍ധിപ്പിക്കാനും റേറ്റിങ് കൂട്ടാനും നുണക്കോട്ടകള്‍ പടച്ചുവിടുന്ന ഇക്കാലത്ത്, ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം വായന ഒരു സത്യാന്വേഷണ പരീക്ഷയാണ്. അതിനാല്‍ തന്നെ അവന്‍ പരമാവധി കൈയില്‍ കിട്ടുന്ന പത്രങ്ങളെല്ലാം തന്നെ വായിച്ചേ മതിയാകൂ. അതിന് അത് മറ്റവരുടെ പത്രമാണ്, ഇത് മറിച്ചവരുടെ പത്രമാണ്, അത് വായിക്കരുത്, ഇത് വായിക്കരുത് എന്നൊന്നും നിഷ്പക്ഷനായൊരു വായനക്കാരന്‍ ചിന്തിക്കില്ല.
‘ലൗ ജിഹാദ്’ എന്ന വ്യാജ പ്രചാരണകാലത്ത് ദേശാഭിമാനിയടക്കമുള്ള പത്രങ്ങളും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും പെരുംനുണകള്‍ പ്രചരിപ്പിച്ചത് നാം കണ്ടു. വെള്ളാപ്പള്ളി നടേശന്‍ തന്നെ പറഞ്ഞത് കേരളത്തില്‍ നിന്നു കൃത്യം 500 ഹിന്ദു പെണ്‍കുട്ടികളെ പാകിസ്താനിലേക്ക് കടത്തി ഇസ്‌ലാമിലേക്ക് മതംമാറ്റിയെന്നായിരുന്നു (നായര്‍ ക്രിസ്ത്യന്‍ ലോബിയും അന്ന് ഇക്കാര്യത്തില്‍ ഭായി ഭായി ആയിരുന്നു). അത്തരം നുണകളെ അന്ന് പ്രതിരോധിക്കാന്‍ ചരിത്രകാരന്‍ പരേതനായ ഡോ. എം എസ് ജയപ്രകാശ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ ഒരെണ്ണത്തിന്റെ മാത്രം തെളിവു ചോദിച്ചപ്പോള്‍ ‘ജബ ജബ ജബ’യായിരുന്നില്ലേ വെള്ളാപ്പള്ളിയുടെ മറുപടി.
പിന്നീട് ബിജെപി നേതാവ് ഒ രാജഗോപാല്‍ പറഞ്ഞ ന്യായം ‘താന്‍ പത്രവാര്‍ത്തയെ അടിസ്ഥാനമാക്കി പറയുകയായിരുന്നു’വെന്നായിരുന്നു! അവസാനം ലൗ ജിഹാദിന്റെ അന്വേഷണം ഉത്തര്‍പ്രദേശിലെ ഹിന്ദു ജാഗൃതി ഡോട്ട് ഓര്‍ഗിലെത്തിയപ്പോള്‍ പലരും മുങ്ങി. അതേ മാധ്യമനുണകളുടെ ആവര്‍ത്തനം തന്നെയല്ലേ ഇപ്പോള്‍ കേരളത്തിലെ സലഫി സെന്ററുകളെപ്പറ്റിയും നടത്തിക്കൊണ്ടിരിക്കുന്നത്? നിര്‍ബന്ധിച്ച് മതം മാറ്റിച്ചു എന്ന പെരുംനുണ അന്വേഷിക്കാന്‍ കോടതി നിയോഗിച്ച കമ്മീഷന്‍ മതംമാറ്റത്തില്‍ ബലപ്രയോഗമില്ലെന്നും പെണ്‍കുട്ടി സ്വയം മതംമാറിയതാണെന്നും കോടതിയില്‍ ബോധിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ പരസ്യം വാങ്ങുന്ന ഏതു പത്രമാണ് അത് വാര്‍ത്തയാക്കിയത്? തേജസും തേജസിനെപ്പോലുള്ള ന്യൂനപക്ഷ മുസ്‌ലിം മാനേജ്‌മെന്റുകളുടെ കീഴില്‍നിന്നു പ്രസിദ്ധീകരിക്കുന്ന രണ്ടോ മൂന്നോ മാധ്യമങ്ങളും മാത്രമായിരുന്നു അപവാദം.
പീസ് സ്‌കൂളുകള്‍ക്കു നേരെ പോലിസ് ചെയ്യാത്ത കുറ്റത്തിനു കേസെടുത്തപ്പോള്‍ മതവിദ്വേഷം പിഞ്ചുകുട്ടികള്‍ക്ക് സ്‌കൂളുകളില്‍ കൂടി കുത്തിവയ്ക്കുന്ന ഭാരതീയ വിദ്യാനികേതന്‍ പോലുള്ള സ്‌കൂളുകള്‍ക്കുനേരെ അധികൃതര്‍ കണ്ണടയ്ക്കുന്നതു കാണാന്‍ തേജസ് മാത്രം വായിക്കേണ്ടിവന്നു.
തീവ്രവാദി ലുക്കുണ്ടെന്നും പാകിസ്താനിയെന്നും പറഞ്ഞ് നിരപരാധിയായ മുസ്‌ലിം യുവാവിനെ തലശ്ശേരിയില്‍ പോലിസ് മര്‍ദിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത് തേജസും മറ്റൊരു മാധ്യമവും മാത്രം. പരമതവിദ്വേഷ പ്രസംഗത്തിന് സലഫി പണ്ഡിതനെതിരേ കേസെടുത്തു യുഎപിഎ ചുമത്താന്‍ മടിക്കാത്ത കേരള പോലിസ് ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്‌ക്കെതിരേ പരാതി കൊടുത്തിട്ടും സംരക്ഷിച്ചുനിര്‍ത്തിയത് വാര്‍ത്തയാക്കിയതും ഇതേ പത്രം തന്നെ.
ഉനയില്‍ തങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് വിജയദശമി ദിനത്തില്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലുമായി 300ല്‍പരം ദലിതര്‍ ബുദ്ധമതം സ്വീകരിച്ചതും വാര്‍ത്തയായി കൊടുത്തത് തേജസ്.
ഇസ്രായേലിന്റെ നേതൃത്വത്തില്‍ ഫലസ്തീനികള്‍ക്കെതിരേ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന സയണിസ്റ്റ് ഭീകരതയെ എതിര്‍ക്കുന്നതും തേജസിന്റെ വ്യക്തമായ നയം തന്നെയാണ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും മറ്റൊരു മൂന്നാം ശക്തിയുടെയും നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടതെന്ന് എഡ്വേഡ് സ്‌നോഡന്‍ വെളിപ്പെടുത്തിയ ഐഎസിന്റെ കൊടുംക്രൂരകൃത്യങ്ങളും വെളിച്ചത്തുകൊണ്ടുവരുന്നത് തേജസാണ്. അപ്പോള്‍, ഇതൊക്കെയായിരിക്കും പിണറായി വിജയന്‍ വര്‍ഗീയതയായി കാണുന്നത്!

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss