|    Nov 18 Sun, 2018 3:40 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

തെളിവുകള്‍ നശിപ്പിക്കാന്‍ സൗദി വിദഗ്ധ സംഘത്തെ അയച്ചു

Published : 6th November 2018 | Posted By: kasim kzm

ആങ്കറ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജി കൊല്ലപ്പെട്ട ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ഇസ്താംബൂളിലെ കോണ്‍സുലേറ്റിലേക്ക് സൗദി വിദഗ്ധ സംഘത്തെ അയച്ചതായി റിപോര്‍ട്ട്. രസതന്ത്ര-വിഷവൈദ്യ വിദഗ്ധരടങ്ങുന്ന 11 അംഗ സംഘമാണ് കോണ്‍സുലേറ്റിലെത്തിയതെന്നു തുര്‍ക്കിയിലെ സബാഹ് പത്രം റിപോര്‍ട്ട് ചെയ്തു. ഖഷഗ്ജി കൊല്ലപ്പെട്ടിട്ട് ഒമ്പതാം ദിവസമാണ് സംഘം ഇസ്താംബൂളിലെത്തിയത്.
രസതന്ത്ര വിദഗ്ധന്‍ അഹ്മദ് അബ്ദുല്‍ അസീസ് അല്‍ ജനൂബിയും വിഷവൈദ്യ വിദഗ്ധന്‍ ഖാലിദ് യഹ്‌യ അല്‍ സര്‍വാനിയും സംഘത്തില്‍ ഉണ്ടായിരുന്നുവെന്നും ഒക്ടോബര്‍ 17 വരെ എല്ലാ ദിവസവും ഇവര്‍ സൗദി കോണ്‍സുലേറ്റില്‍ എത്തിയിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ 15 വരെ കോണ്‍സുലേറ്റ് പരിശോധിക്കാന്‍ തുര്‍ക്കി പോലിസിനെ സൗദി അറേബ്യ അനുവദിച്ചിരുന്നില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ഖഷഗ്ജി കൊല്ലപ്പെട്ടതാണെന്നു സമ്മതിച്ച സൗദി അറേബ്യ മൃതദേഹം എവിടെയാണെന്നു വ്യക്തമാക്കിയിട്ടില്ല. മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ദ്രവിപ്പിച്ചിട്ടുണ്ടാവാമെന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ഉപദേഷ്ടാവ് യാസീന്‍ അക്തായി അറിയിച്ചു. ഖഷഗ്ജിയെ കൊലപ്പെടുത്താന്‍ സൗദി ഭരണകൂടത്തിന്റെ ഉന്നത തലങ്ങളില്‍ നിന്നു നിര്‍ദേശം നല്‍കിയതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
സൗദി വിമര്‍ശകനും കോളമിസ്റ്റുമായ ജമാല്‍ ഖഷഗ്ജി കഴിഞ്ഞമാസം 2നാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടത്. സൗദി കിരീടാവകാശിക്ക് ഖഷഗ്ജി വധത്തെക്കുറിച്ചു നേരത്തേ അറിയാമായിരുന്നെന്നും ആ രക്തത്തില്‍ അദ്ദേഹത്തിനു പങ്കുണ്ടെന്നും ഉര്‍ദുഗാന്റെ ഉപദേഷ്ടാവ് അഭിപ്രായപ്പെട്ടിരുന്നു. ഖഷഗ്ജി വധക്കേസില്‍ കുറ്റവാളികളെ വിചാരണ ചെയ്യുമെന്ന് യുഎന്നില്‍ സൗദി അറേബ്യ ഉറപ്പു നല്‍കി. അതേസമയം, രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന ആരോപണം നിഷേധിച്ചു. കേസില്‍ രാജ്യത്തെ നിയമമനുസരിച്ച് അന്വേഷണം നടത്താന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയതായും സൗദി പ്രതിനിധി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss