|    Oct 18 Thu, 2018 10:27 am
FLASH NEWS

തെളിനീര്‍ ഒഴുകിപ്പരന്ന തിരൂര്‍ പുഴ മാലിന്യത്തൊട്ടിയായി

Published : 30th March 2018 | Posted By: kasim kzm

ഇ പി അഷ്‌റഫ്
ഇളനീരു പോലെ ശുദ്ധമായ തെളിനീര്‍ ഒഴുകിപ്പരന്ന തിരൂര്‍ പുഴയിന്ന് മാലിന്യത്തൊട്ടിലായി മാറിയിരിക്കുന്നു.നഗരത്തിന്റെ സൗന്ദര്യത്തിന് ആഭരണമാകേണ്ട ഒരു നദി ജനങ്ങളുടെ ശ്വാസം മുട്ടിക്കുന്നു. പുഴയുടെ പരിസരങ്ങളില്‍ നിന്നും തള്ളുന്ന മാലിന്യങ്ങളാണു നദിയെ മലിനമാക്കിയത്.
തിരൂര്‍ നഗരസഭയി ലെ മാര്‍ക്കറ്റുകള്‍ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ പരിസരത്തെ ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഒഴുക്കിവിടുന്ന മാലിന്യവും ടണ്‍ കണക്കിനു കോഴിയവശിഷ്ടവും യാതൊരു നിയന്ത്രണവുമില്ലാതെയാണു തിരൂര്‍ പുഴയിലെത്തുന്നത്. കക്കൂസ് മാലിന്യം വരെ പരിസരവാസികള്‍ പുഴയില്‍ തള്ളുന്നുണ്ട്. പുഴയുടെ ഇരുവശങ്ങളിലും കവറുകളിലും അല്ലാതെയും വലിച്ചെറിഞ്ഞ മാലിന്യം പുഴയില്‍ നിറഞ്ഞിരിക്കുന്നു. പ്ലാസ്റ്റിക് ബോട്ടിലുകള്‍, തെര്‍മോകോള്‍, പാഡുകള്‍ മുതലായവ വെള്ളത്തില്‍ ഒഴുകി നടക്കുകയാണ്. ജൈവ അജൈവ മാലിന്യങ്ങള്‍ തള്ളിയതോടെ തിരൂര്‍ പുഴ ഒരു കുപ്പത്തൊട്ടിലായി മാറിക്കഴിഞ്ഞു.ഇതുമൂലം ജലം വിഷമയമാവുകയും പുഴ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങി നശിക്കുകയും ചെയ്തിരുന്നു.ഇതേ തുടര്‍ന്നു പൊതുപ്രവര്‍ത്തന്‍ ട്രിബ്യൂണലില്‍ പരാതിപ്പെടുകയും തുടര്‍ന്നു തിരൂര്‍ പുഴയിലേക്കു മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് തടഞ്ഞ് ദേശീയ ഹരിതട്രിബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.സംസ്ഥാന പരിസ്ഥിതി സെക്രട്ടറി,ജില്ലാ കലക്ടര്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സെക്രട്ടറി, ജില്ലാകൃഷി ഓഫീസര്‍,തിരൂര്‍ ആര്‍ഡിഒ,തിരൂര്‍ നഗരസഭാ സെക്രട്ടറി, വെട്ടം,തലക്കാട്,നിറമരുതൂര്‍,മംഗലം,ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവരെ പ്രതിചേര്‍ത്തു തിരൂരിലെ പൊതുപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹരജിയിലായിരുന്നു ട്രിബ്യൂണലിന്റെ ഇടപെടല്‍. എന്നിട്ടും വേണ്ടത്ര ഫലമുണ്ടായില്ല.    തിരൂര്‍ നഗരസഭയിലേയും പരിസര പഞ്ചായത്തുകളിലേയും മിക്ക വ്യാപാര സ്ഥാപനങ്ങള്‍ക്കും മാലിന്യം സംസ്‌കരിക്കാന്‍ സൗകര്യങ്ങളില്ല.ലോഡ്ജുകള്‍, ഹോട്ടലുകള്‍,ആശുപത്രികള്‍,കൂള്‍ബാറുകള്‍,മല്‍സ്യ മാംസ മാര്‍ക്കറ്റുകള്‍, കംഫര്‍ട്ട് സ്‌റ്റേഷനുകള്‍ ഉള്‍പ്പടെയുള്ളവയില്‍ നിന്നുള്ള മലിന ജലം വരെ ഓവു ചാലുകള്‍വഴി പുഴയിലേക്കാണ് ഒഴുകിയെത്തുന്നത്. തിരൂര്‍ പുഴ മലിനമായതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മാലിന്യം തള്ളുന്നതു കണ്ടെത്തിയിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. മാലിന്യം ഒഴുകിയെത്തി പുഴയിലെ കറുത്തിരുണ്ട നിറമായിട്ടു കാലമേറെയായി.
മഴക്കാലത്ത് നഗരത്തിലെ കാനകള്‍ വഴിയെത്തുന്ന മാലിന്യത്താലാണു പുഴക്ക് ഈ ദുര്‍ഗതിക്കു പ്രധാന കാരണം.പുഴയിലെ വെള്ളം മലിനമായതോടെ പുഴയോരത്തെ കിണറുകളിലെ വെള്ളവും മലിനമാവുകയും പരിസരവാസികള്‍ ശുദ്ധ ജല ക്ഷാമം നേരിടുകയുമാണ്. തിരൂര്‍ പുഴയിലെ ജലപരിശോധനയില്‍ കോളി ഫോം ബാക്ടീരിയകളുടെ അധിക സാന്നിധ്യവും വിദഗ്ധര്‍ കണ്ടെത്തി.ഇതേ തുടര്‍ന്നു തിരൂര്‍ എംഎല്‍എ, തിരൂര്‍ നഗരസഭ ഇടപെട്ട് പ്രശ്‌ന പരിഹാരത്തിനു പദ്ധതികള്‍ തയ്യാറാക്കി. 75 ലക്ഷത്തോളം രൂപ ചെലവഴിച്ച് എംഎല്‍എ തിരൂര്‍ തലക്കടത്തൂര്‍ മുതല്‍ ഏറ്റീരിക്കടവ് പാലം വരെ അഞ്ചു കിലോമീറ്റര്‍ നീളത്തില്‍ പുഴയുടെ വീതിയില്‍ പ്രത്യേക അളവിലും ആഴത്തിലും മാലിന്യം നീക്കം ചെയ്യുന്ന പദ്ധതി നടപ്പിലാക്കി. എന്നാല്‍ പുഴയില്‍ മാലിന്യം തുടര്‍ന്ന് വന്നു ചേരുന്നത് തടയാന്‍ അധികാരികളുടെ ഭാഗത്തു നിന്നും നടപടികളൊന്നും ഉണ്ടായില്ല. തടയേണ്ടവര്‍ മാലിന്യം നിര്‍ബാധം ഒഴുക്കുന്ന അവസ്ഥ ഇപ്പോഴും തുടരുകയുമാണ്.അതിനിടയില്‍ തിരൂര്‍ സബ് കലക്ടറായിരുന്ന ആദില അബ്ദുള്ള പുഴ സംരക്ഷണ പദ്ധതികള്‍ക്കു തുടക്കമിട്ടെങ്കിലും അവര്‍ സ്ഥലം മാറിപ്പോവുകയും തുടര്‍ന്നു വന്നവര്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാത്തതിനാലും ഈ പദ്ധതിയും അകാല ചരമം പ്രാപിച്ചു. തിരൂരിന്റെ തെളിനീരായിരുന്നു തിരൂര്‍ പുഴയില്‍ നിറഞ്ഞു നിന്നിരുന്നത്. വര്‍ത്തമാന കാലത്തില്‍ പുഴയുടെ കഥ കണ്ണുനീരിന്റേതാണ്. ഇന്നു പുഴ അക്ഷരാര്‍ഥത്തില്‍ മുത്തശ്ശിയായിരിക്കുന്നു, ആതവനാട് കുറ്റിപ്പുറം പഞ്ചായത്തുകളില്‍ നിന്നും നീര്‍ച്ചാലുകളും തോടുകളുമായി ഉല്‍ഭവിച്ചു നാണം കുണുങ്ങിയൊഴുകി ഭാരതപ്പുഴയില്‍ ലയിച്ചു വിനോദ സഞ്ചാരികളുടെ പറുദീസയായ പടിഞ്ഞാറേക്കരയിലൂടെ അറബിക്കടലില്‍ സംഗമിക്കുന്ന തിരൂര്‍ പുഴയുടെ നെടുനെടുങ്കല്‍ ശരീരത്തില്‍ ഒരിടത്തും ജനതയുടെ കരുത്ത ഹൃദയത്താല്‍ തീര്‍ത്ത കളങ്കത്താ ല്‍ക്ഷതമേല്‍പ്പിക്കാതിരുന്നിട്ടില്ല. പുഴ സംരക്ഷണത്തിനായി മുറവിളികളും സമരങ്ങളും കണ്‍വെന്‍ഷനുകളും നടത്തുകയും ഒട്ടേറെ കമ്മറ്റികളും പദ്ധതികളും രൂപീകരിച്ചെങ്കിലും ഒന്നും ഫലവത്തായില്ലെന്നത് തീരാ ദു:ഖമായി അവശേഷിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss