|    Nov 22 Wed, 2017 8:05 pm
FLASH NEWS

തെലുങ്കാന മന്ത്രി ശ്രീമൂലനഗരം പഞ്ചായത്ത് സന്ദര്‍ശിച്ചു

Published : 8th November 2016 | Posted By: SMR

കാലടി: തെലുങ്കാന സംസ്ഥാന പഞ്ചായത്ത് രാജ്, ഗ്രാമവികസന വകുപ്പുമന്ത്രി ജുപല്ലി കൃഷ്ണറാവു ശ്രീമൂലനഗരം ഗ്രാമപ്പഞ്ചായത്ത് സന്ദര്‍ശിച്ചു. കേരളത്തിലെ പഞ്ചായത്തുകളുടെ സംവിധാനങ്ങളെക്കുറിച്ചും വികേന്ദ്രീകൃതാസൂത്രണ സമ്പ്രദായങ്ങളെക്കുറിച്ചും നേരില്‍കണ്ട് പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമായാണ് സന്ദര്‍ശനംനടത്തിയത്. ഗ്രാമപ്പഞ്ചായത്തിലെത്തിയ മന്ത്രി മാലിന്യനിര്‍മാര്‍ജനം, സാനിറ്റേഷന്‍, വൈദ്യുതി ലഭ്യത, ജല ലഭ്യത, ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍, ഇറിഗേഷന്‍ സൗകര്യങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച് ചോദിച്ചറിഞ്ഞു. ഒഡിഎഫ് ഗ്രാമപ്പഞ്ചായത്തായി പ്രഖ്യാപിച്ചതിലും ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചതിനും ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രാമപ്പഞ്ചായത്തിനെയും ഭരണസമിതിയെയും അദ്ദേഹം അഭിനന്ദിച്ചു. തെലുങ്കാന സംസ്ഥാനത്ത് ഈ മേഖലകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിവരിച്ചു. മാലിന്യനിര്‍മാര്‍ജനത്തിനായി ബയോഗ്യാസ് പ്ലാന്റിലെ പ്രവര്‍ത്തനം സംബന്ധിച്ച് മനസ്സിലാക്കി അവ തെലുങ്കാന സംസ്ഥാനത്ത് നടപ്പാക്കുന്നതിനാവശ്യമായ പഠനം നടത്തുന്നതിന് കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥസംഘത്തിന് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ആദ്യമായി ആയൂര്‍വേദ, അലോപ്പതി, ഹോമിയോ ചികില്‍സാ സൗകര്യങ്ങള്‍ ഒരേ കുടക്കീഴിലാക്കി ആശുപത്രി സമുച്ചയം നിര്‍മിച്ചതും അതിന്റെ പ്രവര്‍ത്തനത്തനങ്ങളും ശ്രീമൂലനഗരം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സന്ദര്‍ശിച്ച് മനസ്സിലാക്കി. മന്ത്രിയെ പഞ്ചായത്ത് പ്രസിഡന്റ് അല്‍ഫോന്‍സ വര്‍ഗീസ്, വൈസ് പ്രസിഡന്റ് കെ സി മാര്‍ട്ടിന്‍, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ജി മീന എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. മന്ത്രിയോടൊപ്പം തെലുങ്കാന മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജൂബി ബെഞ്ചമിന്‍, കില ഫാക്കല്‍റ്റി അംഗം രാമകൃഷ്ണന്‍, തെലുങ്കാന പഞ്ചായത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക