|    Jul 22 Sun, 2018 10:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തെലങ്കാനയില്‍ സാരി വിതരണം : പ്രതിഷേധവുമായി പ്രതിപക്ഷം

Published : 20th September 2017 | Posted By: fsq

 

ഹൈദരാബാദ്: ബത്തുകമ്മാ ആഘോഷങ്ങളോടനുബന്ധിച്ച് പാവപ്പെട്ടവര്‍ക്ക് സാരി വിതരണം ചെയ്ത തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) സര്‍ക്കാരിന്റെ നടപടിക്കെതിരേ പ്രതിപക്ഷം. സര്‍ക്കാര്‍ വിതരണം ചെയ്ത സാരി ഗുണനിലവാരം കുറഞ്ഞതാണെന്നും പാവപ്പെട്ടവരെ അവഹേളിക്കുന്നതാണ് നടപടിയെന്നും ആരോപിച്ച് കോണ്‍ഗ്രസ്, തെലുഗുദേശം പാര്‍ട്ടി, ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികളാണ് രംഗത്തെത്തിയത്. ബത്തുകമ്മാ ആഘോഷത്തോടനുബന്ധിച്ച് തിങ്കളാഴ്ചയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു സാരി വിതരണം ചെയ്ത് തുടങ്ങിയത്. 18 വയസ്സിനു മുകളിലുള്ള എല്ലാ നിര്‍ധനരായ സ്ത്രീകള്‍ക്കും സാരി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഈ ആഴ്ച അവസാനത്തോടെ 1.04 കോടി സാരികള്‍ വിതരണം ചെയ്യാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ നിലവാരം കുറഞ്ഞ സാരികളാണിവയെന്ന ആരോപണം ഉയര്‍ന്നതോടെ തിങ്കളാഴ്ച സാരി ലഭിച്ച ചില സ്ത്രീകള്‍ ഇവ കത്തിച്ചിരുന്നു. ഇതോടെയാണ് പ്രശ്‌നം പ്രതിപക്ഷം ഏറ്റെടുത്തത്. സര്‍ക്കാര്‍ പാവപ്പെട്ട സ്ത്രീകളെ അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ ഉത്തംകുമാര്‍ റെഡ്ഡി ആരോപിച്ചു. ദീര്‍ഘനേരം വരിനിര്‍ത്തിയ ശേഷം കേവലം 50 രൂപ വിലവരുന്ന സാരികള്‍ വിതരണം ചെയ്തതിലൂടെ സര്‍ക്കാര്‍ പൊതുമുതല്‍ ദുരുപയോഗം ചെയ്‌തെന്നായിരുന്നു ബിജെപി പ്രതിനിധി കോല്ലി മാധവിയുടെ പ്രതികരണം. സര്‍ക്കാര്‍ സൂക്ഷ്മത പാലിച്ചില്ലെന്നു തെലുഗുദേശം പാര്‍ട്ടി പ്രസിഡന്റ് എ രേവന്ത് റെഡ്ഡി പറഞ്ഞു. അതേസമയം പ്രതിപക്ഷത്തിന്റെ നടപടി തരംതാണ രാഷ്ട്രീയമാണെന്നും സാരി കത്തിക്കല്‍ പ്രതിഷേധത്തിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും മന്ത്രി കെ ടി രാമ റാവു പ്രതികരിച്ചു. സാരി വാങ്ങാനെത്തിയ സ്ത്രീകള്‍ തമ്മില്‍ പലയിടങ്ങളിലും കലഹമുണ്ടായതിന്റെ വീഡിയോകള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss