|    Oct 24 Tue, 2017 2:21 am
FLASH NEWS

തെരുവ് നായ നിയന്ത്രണം: നവീകരിച്ച എബിസി സെന്റര്‍ ഉദ്ഘാടനം 13ന്

Published : 3rd August 2016 | Posted By: SMR

കാസര്‍കോട്: തെരുവ്‌നായ ശല്യം നിയന്ത്രിക്കുന്നതിനായി ജില്ലാ മൃഗസംരക്ഷണ ഓഫിസിന്റെ കീഴില്‍, റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നവീകരിച്ച എബിസി സെന്ററിന്റെ ഉദ്ഘാടനം 13ന് വൈകീട്ട് നാലിന് മൃഗ സംരക്ഷണ-വനം മന്ത്രി അഡ്വ. കെ രാജു നിര്‍വഹിക്കും. സെന്ററിനോടനുബന്ധിച്ച് പണിത ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും.
സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക അനുമതി പ്രകാരം ബംഗളൂരു ആസ്ഥാനമായ എന്‍ജിഒയുടെ സഹകരണത്തോടെ കേരളത്തില്‍ ആദ്യമായാണ് ഇത്തരം കേന്ദ്രം തയ്യാറാക്കുന്നത്. ജില്ലാ പഞ്ചായത്ത്, നഗരസഭകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവര്‍ ചേര്‍ന്ന് സമാഹരിച്ച 1,31,00,000 രൂപയില്‍ നിന്നാണ് ജില്ലയിലെ ആദ്യത്തെ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള അഞ്ച് കേന്ദ്രങ്ങള്‍ കൂടി ജില്ലയില്‍ സജ്ജീകരിക്കുന്നുണ്ട്. പദ്ധതി പ്രകാരം എന്‍ജിഒകള്‍ തെരുവ് നായക്കളെ വിവിധ വാര്‍ഡുകളില്‍ നിന്ന് ശസ്ത്രക്രിയ കേന്ദ്രത്തിലേക്ക് എത്തിക്കുകയും തുടര്‍ന്ന് ശസ്ത്രക്രിയയും തുടര്‍പരിചരണത്തിന് ശേഷം അവയുടെ ആവാസ കേന്ദ്രത്തിലേക്ക് തന്നെ തിരിച്ചുവിടുകയും ചെയ്യും.   ശസ്ത്രക്രിയയ്ക്ക് ശേഷം പേവിഷബാധയ്ക്ക് എതിരായ പ്രതിരോധ കുത്തിവെയ്പും തിരിച്ചറിയുന്നതിനായി ഇടത് ചെവിയില്‍ അടയാളം പതിക്കുന്നതുമാണ്. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്  നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഓപറേഷന്‍ തിയേറ്റര്‍, മുപ്പത് നായ്ക്കളെ പാര്‍പ്പിക്കുന്നതിനാവശ്യമായ സെല്ലുകള്‍, ബയോവെയ്സ്റ്റ് സംസ്‌കരണ യൂനിറ്റുകള്‍ തുടങ്ങിയവ തയ്യാറാക്കിയിട്ടുണ്ട്. ശസ്ത്രക്രിയ കേന്ദ്രത്തിനോട് ചേര്‍ന്ന് പരിശീലന കേന്ദ്രവും സജ്ജമാക്കിയിട്ടുണ്ട്.
എബിസി സെന്ററിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് മീറ്റിങ് ഹാളില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അഡ്വ. എ പി ഉഷ, സുഫൈജ അബൂബക്കര്‍, അംഗങ്ങളായ ഇ പത്മാവതി, പുഷ്പ അമേക്കള, ജോസ് പതാലില്‍, അഡ്വ. കെ ശ്രീകാന്ത്, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണഭട്ട്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി കെ ശോഭ, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. വി ശ്രീനിവാസന്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിനെ ചെയര്‍മാനും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ: വി ശ്രീനിവാസനെ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക