|    Jun 20 Wed, 2018 9:35 am

തെരുവ് കച്ചവടക്കാരുടെ സര്‍വേ പ്രകാരമുള്ള ലിസ്റ്റ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് കോര്‍പറേഷന്‍

Published : 12th November 2016 | Posted By: SMR

കൊല്ലം:നഗരത്തിലെ തെരുവുകച്ചവടക്കാരെ കുറിച്ച് നടത്തിയ സര്‍വേ പ്രകാരമുള്ള ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യസ്ഥിരംസമിതി അധ്യക്ഷന്‍ എസ് ജയന്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.  ഇതില്‍ അര്‍ഹരായിട്ടുള്ളവര്‍ക്ക് ബങ്ക് അനുവദിക്കും. ശുചീകരണ തൊഴിലാളികളെ നിയമിക്കാനും സ്ഥിരപ്പെടുത്താനും അനുവാദം ലഭിക്കാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി സ്ഥിരംസമിതി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. നിലവിലുള്ളവരെ സ്ഥിരപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നത്. അടുത്തമാസം 15 ഓടെ കൊല്ലം നഗരസഭ വെളിയിട വിസര്‍ജ്യമുക്തമായി പ്രഖ്യാപിക്കും. ശുചിമുറികള്‍ നിര്‍മിക്കാന്‍ 2100 അപേക്ഷകള്‍ ലഭിച്ചതില്‍ 1413 പേര്‍ അര്‍ഹരാണെന്ന് കണ്ടെത്തുകയും അവരില്‍ 800 ഓളം പേര്‍ക്ക് ആദ്യഗഡു തുക നല്‍കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ദുര്‍ബല വിഭാഗങ്ങളെയാണ് പദ്ധതിയിലേയ്ക്ക് തിരഞ്ഞെടുത്തിട്ടുള്ളതെന്നും ജയന്‍ പറഞ്ഞു.ജനങ്ങളെ സേവിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് കോര്‍പ്പറേഷന്‍ ഭരണസമിതിയെന്ന് ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് പറഞ്ഞു. തെരുവ് വിളക്കുകള്‍ കത്തിക്കുന്നതിലെ പരാതികള്‍ ഏറെക്കുറെ പരിഹരിക്കാന്‍ കഴിഞ്ഞു. ഇനി സോഡിയംവേപ്പര്‍ ലാമ്പുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ചെറിയ സൗന്ദര്യപ്പിണക്കങ്ങളെല്ലാം മാറ്റിവച്ച് ഒത്തൊരുമയോടെ മുന്നോട്ടുപോകണമെന്നും ഡെപ്യൂട്ടി മേയര്‍ അഭിപ്രായപ്പെട്ടു. അതേസമയം കോര്‍പറേഷന്‍ ഭരണസമിതി നിലവില്‍ വന്ന് ഒരു വര്‍ഷം തികയുമ്പോഴും തെരുവ് വിളക്ക് പ്രശ്‌നം പരിഹരിക്കാനായിട്ടില്ലെന്ന് എസ്ഡിപി ഐ അംഗം എ നിസാര്‍ ആരോപിച്ചു. ചന്ദനത്തോപ്പ് മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് വരെയുള്ള സോഡിയം വേപ്പര്‍ ലാമ്പുകള്‍ കത്തിക്കാന്‍ ഒരു നടപടിയും കോര്‍പറേഷന്‍ സ്വീകരിച്ചില്ല. ഈ അവഗണന തുടര്‍ന്ന് കോര്‍പറേഷന്‍ ഓഫിസില്‍ നിരാഹാരസമരം ആരംഭിക്കുമെന്ന് എ നിസാര്‍ വ്യക്തമാക്കി.ഒരുപാട് നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും നവംബര്‍ 18ന് ഒരു വര്‍ഷം തികയുന്ന ഭരണസമിതിയുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് മേയര്‍ വി രാജേന്ദ്രബാബു പറഞ്ഞു. നിലവിലുള്ള ആറ് കോര്‍പ്പറേഷനുകളില്‍ പദ്ധതി നിര്‍വഹണത്തില്‍ ഏറ്റവും കൂടുതല്‍ ചെലവഴിച്ചത് കൊല്ലമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ “അമൃത്’ മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. കോര്‍പ്പറേഷന്‍ പരിധിയില്‍ എലിവേറ്റര്‍ കോറിഡോറുകളും ആധുനിക അറവുശാലയും സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കും. വരള്‍ച്ച ബാധിച്ച സാഹചര്യത്തില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് ജലഅതോറിറ്റി ഉദ്യോഗസ്ഥരെ കൂടി പങ്കെടുപ്പിച്ച് യോഗം വിളിച്ചുചേര്‍ക്കും. സിഗ്നല്‍ ലൈറ്റുകള്‍ പ്രകാശിക്കാത്ത സാഹചര്യം ട്രാഫിക് ഉപദേശകസമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. കേരളോല്‍സവം സജീവമാക്കണമെന്നും കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികം പ്രമാണിച്ച് വിപുലമായ കലോല്‍സവം സംഘടിപ്പിക്കാന്‍ ആലോചിക്കുന്നതായും മേയര്‍ അറിയിച്ചു. എട്ട് വര്‍ഷം മുമ്പ് പൂട്ടിയ ചിന്നക്കടയിലെ ബസ്‌ബേ തുറന്നത് എല്‍ഡിഎഫ് ഭരണസമിതിയുടെ ഇഛാശക്തിയെയാണ് കാട്ടുന്നതെന്ന് വികസന കാര്യസ്ഥിരംസമിതി അധ്യക്ഷന്‍ എംഎ സത്താര്‍ പറഞ്ഞു.സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍മാരായ ടി ആര്‍ സന്തോഷ്‌കുമാര്‍, എസ് ഗീതാകുമാരി, കൗണ്‍സിലര്‍മാരായ എസ് മീനാകുമാരി, രാജ്‌മോഹനന്‍, പ്രശാന്ത്, ഹണി, ടി ലൈലാകുമാരി, എ കെ ഹഫീസ്, കരുമാലില്‍ ഡോ. ഉദയസുകുമാരന്‍, പ്രേം ഉഷാര്‍ എന്നിവരും പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss