തെരുവ്നായ ആക്രമണം; വയോധികയുള്‍പ്പെടെ അഞ്ച് പേര്‍ക്ക് കടിയേറ്റു
Published : 30th August 2016 | Posted By: SMR
കൊട്ടിയം: വയോധികയായ സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് തെരുവ്നായയുടെ കടിയേറ്റു. ഇത്തിക്കര വളവില്‍ വയലില്‍ പുത്തന്‍വീട്ടില്‍ ഷെരീഫാബീവി (60), വയലില്‍ പുത്തന്‍വീട്ടില്‍ ഷാനവാസ് (36), വിളപ്പുറം മംഗലത്ത് കിഴക്കതില്‍ വീട്ടില്‍ സജി (26) എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് തെരുവ്നായ കടിച്ച് പരിക്കേല്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഷാനവാസിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷെരീഫാബീവി—യും സജി—യും നെടുങ്ങോലം രാമറാവു ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് 12നാണ് തെരുവ്നായ്ക്കളുടെ ആക്രമണം ഉണ്ടായത്.
ചായക്കച്ചവടം ചെയ്ത് ഉപജീവനം കഴിക്കുന്ന ഷെരീഫാബീവി കടയിലേക്ക് പോകുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് വീടിന്റെ അടുക്കളഭാഗത്ത് പതുങ്ങിയിരുന്ന തെരുവ്നായ ആക്രമിച്ചത്. ഷെരീഫാബീവിയുടെ കഴുത്തിലാണ് തെരുവ്നായ കടിച്ചത്. കടിയേറ്റ് നിലത്ത് വീണ ഷെരീഫാബീവിയുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും തെരുവ്നായ ഓടിപ്പോയി.
വീടിന്റെ സമീപത്ത്വച്ചാണ് ഷാനവാസിനെ തെരുവ്നായ കടിച്ചത്. സ്കൂളില്‍നിന്നും കുട്ടികളെ വിളിച്ചുകൊണ്ടുവരുവാനുള്ള ഒരുക്കത്തിനിടയിലാണ് ഷാനവാസിന് കടിയേറ്റത്.
ഇത്തിക്കരയാറിന്റെ തീരപ്രദേശത്ത് നിന്നും കയറിവന്ന തെരുവ്നായ ഷാനവാസിന്റെ കൈകളിലും കാലുകളിലും കടിച്ചു. ഷാനവാസിന്റെ ഇരുകൈകള്‍ക്കും മാരകമായി മുറിവേറ്റു. നാട്ടുകാര്‍ ഓടിയെത്തി ഇരുമ്പ് കുഴലുകള്‍ കൊണ്ട് അടിച്ചാണ് നായയെ ഓടിച്ചത്. ഇത്തിക്കര സര്വീസ്സ്റ്റേഷന് താഴ്വശത്തുള്ള പുരയിടത്തില്‍ കുഴിയെടുക്കുന്നതിനിടയിലാണ് തെരുവ്നായ സജിയെ ആക്രമിച്ചത്.
ദേശീയപാതയില്‍ ഇത്തിക്കര വളവിന് സമീപം കരിക്ക് കുടിക്കുവാനെത്തിയ വഴിയാത്രികര്‍ക്കും കടിയേറ്റു. ഉടന്‍തന്നെ കൊട്ടിയം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ഇവര്‍ക്ക് കാലിനാണ് കടിയേറ്റത്.
ഇത്തിക്കരയാറിന്റെ തീരപ്രദേശത്തെ കുറ്റിക്കാടിനുള്ളിലാണ് തെരുവ്നായ്ക്കള്‍ കൂട്ടത്തോടെ വസിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഭയപ്പാടോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.