|    Jun 27 Tue, 2017 7:25 am
FLASH NEWS

തെരുവു നായ നിയന്ത്രണ പരിപാടി പരാജയത്തിലേക്ക്

Published : 28th October 2016 | Posted By: SMR

കാസര്‍കോട്: പേ വിഷബാധ നിയന്ത്രിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ആവിഷ്‌ക്കരിച്ച സമഗ്ര പേ വിഷബാധ (എബിസി) പദ്ധതി പരാജയത്തിലേക്ക്. കഴിഞ്ഞ ആഗസ്തിലാണ് ജില്ലയില്‍ തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനായി എബിസി പദ്ധതി ആവിഷ്‌ക്കരിച്ചത്. തായലങ്ങാടിയിലെ ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ ഇതിന് സംവിധാനവും ഒരുക്കിയിരുന്നു. ഓരോ ബ്ലോക്ക് അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ത്രിതല പഞ്ചായത്തുകളുടേയും നഗരസഭകളുടേയും സഹകരണത്തോടെ പേ വിഷബാധ മുക്തമാക്കാനുള്ള നടപടിയായിരുന്നു ആവിഷ്‌ക്കരിച്ചിരുന്നത്. കാസര്‍കോട് എബിസി കേന്ദ്രത്തില്‍ ഇതിനകം 350 ഓളം തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് വിട്ടിരുന്നു.  കാസര്‍കോട്ടെ ഓപറേഷന്‍ പൂര്‍ത്തിയായ നിലക്ക് തൊട്ടടുത്ത ബ്ലോക്ക് പഞ്ചായത്തുകളില്‍ പരിപാടി തുടരാനായിരുന്നു തീരുമാനം. എന്നാല്‍ പഞ്ചായത്തുകളും നഗരസഭകളും ബ്ലോക്ക് പഞ്ചായത്തുകളും ഇതിന് വേണ്ടുന്ന സംവിധാനം ഒരുക്കാന്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന് ജില്ലാ വെറ്റിനറി ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. മഹേഷ് തേജസിനോട് പറഞ്ഞു. നീലേശ്വരം നഗരസഭയില്‍ ഒഴിഞ്ഞുകിടക്കുന്ന ഒരു കെട്ടിടം എബിസി പദ്ധതിക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ വെറ്റിനറി വിഭാഗം കത്ത് നല്‍കിയെങ്കിലും പ്രസ്തുത കെട്ടിടം വിട്ടുനല്‍കാന്‍ നഗരസഭാ അധികൃതര്‍ തയ്യാറായിട്ടില്ല. ഈ കെട്ടിടം വൃദ്ധസദനമായി ഉപയോഗിക്കാനാണ് നഗരസഭ തീരുമാനിച്ചതെന്നായിരുന്നു മറുപടി നല്‍കിയത്. മാലിന്യ സംസ്‌കരണത്തിന് ബന്ധപ്പെട്ട ത്രിതല സ്ഥാപനങ്ങള്‍ സംവിധാനം ഒരുക്കാത്തിടത്തോളം കാലം തെരുവ് നായ ശല്യം പരിഹരിക്കാനാവില്ലെന്നും ഡോ. മഹേഷ് പറയുന്നു. വളര്‍ത്തുനായ്ക്കളുടെ ലൈസന്‍സിങ് സമ്പ്രദായം ഫലപ്രദമായ നടപ്പിലാക്കാന്‍ കഴിയാത്തതും പദ്ധതി പരാജയമാകാന്‍ കാരണമാകുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ 40,119 വളര്‍ത്തുനായ്ക്കളും 9331 തെരുവ് നായ്ക്കളും ഉണ്ടെന്നാണ് കണക്ക്. മൃഗസംരക്ഷണ വകുപ്പിന് ജില്ലയിലെ 38 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി 35 ഡിസ്‌പെന്‍സറികളും ആറ് ആശുപത്രികളും ഒരു ജില്ലാ വെറ്റിനറി കേന്ദ്രവുമുണ്ട്. നിലവില്‍ എബിസി പദ്ധതി ചെയ്യാന്‍ ഒരു സ്ഥാപനത്തിലും സൗകര്യമില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക