|    Jul 28 Fri, 2017 12:16 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

തെരുവു നായ്ക്കളുടെ കടിയേറ്റ് വയോധിക മരിച്ച സംഭവം: നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published : 21st August 2016 | Posted By: SMR

തിരുവനന്തപുരം: തെരുവു നായ്ക്കളുടെ കടിയേറ്റ് വയോധിക മരിച്ച സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി.
മരിച്ച പുല്ലുവിള സ്വദേശിനി ശീലുവമ്മയുടെ കുടുംബത്തിന് നല്‍കാന്‍ കഴിയുന്ന നഷ്ട പരിഹാരത്തിന്റെ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറിയും തദ്ദേശ സ്വയംഭരണ സെക്രട്ടറിയും സപ്തംബര്‍ 30ന് രാവിലെ 11ന് കമ്മീഷന്‍ ഓഫിസില്‍ നടക്കുന്ന സിറ്റിങില്‍ ഹാജരാക്കണം. കാഞ്ഞിരംകുളം പഞ്ചായത്തിലും സംസ്ഥാനത്ത് ഒട്ടാകെയും ഡോഗ് റൂള്‍സ് നടപ്പാക്കിയതിന്റെ പുരോഗതിയും അധികൃതര്‍ ഹാജരാക്കണം. മരിച്ച ശീലുവമ്മയുടെ മകന്‍ ശെല്‍വരാജും 30ന് നടക്കുന്ന സിറ്റിങില്‍ ഹാജരാവണം. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ഡോഗ് റൂള്‍സ് ശരിയായി നടപ്പിലാക്കിയിരുന്നെങ്കില്‍ ഇത്തരമൊരു ദാരുണ സംഭവം ഉണ്ടാവുമായിരുന്നില്ലെന്ന് ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു. സര്‍ക്കാരും അനുബന്ധ സ്ഥാപനങ്ങളുമാണ് ഡോഗ് റൂള്‍ നടപ്പിലാക്കേണ്ടത്. അങ്ങനെ ചെയ്യാതിരുന്നാല്‍ കടിയേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.   കുടുംബത്തിനുണ്ടായ മാനസിക വിഷമവും കുടുംബിനി നഷ്ടപ്പെട്ട വിഷമവും കണക്കാക്കി വേണം നഷ്ട പരിഹാരവും കുടുംബത്തിന് നല്‍കേണ്ട മറ്റ് സഹായങ്ങളും തീരുമാനിക്കേണ്ടതെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
ശാശ്വതപരിഹാരം കാണണം: എസ്ഡിപിഐ
തിരുവനന്തപുരം: അക്രമാസക്തരായ തെരുവുനായ്ക്കള്‍ പൊതുസമൂഹത്തിലുയര്‍ത്തുന്ന ഭീഷണിക്ക് ശാശ്വതപരിഹാരം ഉണ്ടാവണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ ആവശ്യപ്പെട്ടു
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് വീട്ടമ്മ തെരുവുനായ്ക്കളുടെ കടിയേറ്റ് മരണപ്പെട്ട സംഭവം ഒറ്റപ്പെട്ടതല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവു നായ്ക്കള്‍ ദിനം തോറും ആളുകളെയും വീട്ടുമൃഗങ്ങളെയും ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചുകൊണ്ടേയിരുന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നുള്ള നിസ്സംഗത അപലപനീയമാണ്. പേ പിടിച്ച നായ്ക്കളുടെ കടിയേറ്റാല്‍ ഫലപ്രദമായ മരുന്നുകള്‍ യഥാസമയം ലഭ്യമാക്കാന്‍ പോലും അധികൃതര്‍ക്ക് കഴിയുന്നില്ല.
തെരുവു നായ്ക്കളെ ഉന്മൂലനം ചെയ്യുന്നത് നിരോധിച്ചുകൊണ്ട് മേനക ഗാന്ധി കേന്ദ്രമാനവശേഷി വികസനവകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ പാസാക്കിയ നിയമത്തിന്റെ പേരു പറഞ്ഞാണ് അധികാരികള്‍ തെരുവു നായ്ക്കളെ യഥേഷ്ടം വിഹരിക്കാന്‍ അനുവദിക്കുന്നത്. മനുഷ്യജീവനേക്കാള്‍ പ്രാധാന്യം നായ്ക്കള്‍ക്ക് നല്‍കണമോ എന്ന് ഇനിയെങ്കിലും അടിയന്തരമായി പുനപ്പരിശോധിക്കണം. തിരുവനന്തപുരത്ത് മരണപ്പെട്ട വീട്ടമ്മയുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക