|    Jan 22 Sun, 2017 5:11 am
FLASH NEWS

തെരുവു നായയുടെ ആക്രമണം; സ്‌കൂള്‍ വിദ്യാര്‍ഥി അടക്കം നാലുപേര്‍ക്ക് പരിക്ക്

Published : 22nd July 2016 | Posted By: SMR

കോട്ടയം: തെരുവു നായയുടെ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥി അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. രണ്ടു പശുക്കള്‍ക്കും കടിയേറ്റു. ഇന്നലെ രാവിലെ കടുത്തുരുത്തി കാപ്പുംതലയിലാണ് തെരുവ് നായയുടെ ആക്രണം നടന്നത്.
കാപ്പുംതല കൊല്ലപ്പള്ളി തോമസ് വര്‍ക്കി (72), കാപ്പുംതല പച്ചിക്കല്‍ ആന്നക്കുട്ടി (85), കാപ്പുംതല മാപ്പിള പറമ്പില്‍ പോള്‍തോമസ് (പൈലി 53) ഉഴവൂര്‍ ഒഎല്‍എല്‍എച്ച്എസ്എസിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ കാപ്പുംതല പുത്തന്‍പുരയ്ക്കല്‍ റോബിന്‍ ബൈജു (16) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
ഇന്നലെ രാവിലെ ഏഴു മുതലാണ് വെളുത്ത നിറത്തോടു കൂടിയ ഒരു തെരുവു നായ നാട്ടില്‍ ഭീതി ഉണര്‍ത്തി കണ്ടില്‍ കണ്ടവരെയെല്ലാം കടിച്ചത്. രാവിലെ പുരയിടത്തിലെ തൊഴുത്തില്‍ നിന്നു പശുവിനെ അഴിച്ചുമാറ്റിക്കെട്ടുന്നതിനിടെയാണ് തോമസ് വര്‍ക്കിക്കു വലതു കൈയില്‍ കടിയേറ്റത്.
ഗുരുതര മുറിവാണ് ഇദ്ദേഹത്തിന് സംഭവിച്ചിരിക്കുന്നത്. ആശുപത്രിയില്‍ എത്തിയിട്ടും ചോരയൊഴുക്ക് നിലച്ചിരുന്നില്ല. ഇദ്ദേഹത്തിന്റെ രണ്ട് പശുക്കള്‍ക്കും കടിയേറ്റു. അന്നക്കുട്ടി രാവിലെ പള്ളിയില്‍ പോവുന്നതിനിടെ പള്ളിക്ക് സമീപത്ത് വച്ച് തെരുവു നായ വലതുകാലില്‍ കടിക്കുകയായിരുന്നു. റോബന്‍ ബൈജു രാവിലെ സ്‌കൂളിലേക്ക് പോവുന്നതിനിടെ വലതുകാലില്‍ കടിയേല്‍ക്കുകയായിരുന്നു.
പോള്‍തോമസിനു വലതു കൈയ്ക്കാണു കടിയേറ്റിരിക്കുന്നത്. തോമസ് വര്‍ക്കിക്കും അന്നക്കൂട്ടിക്കും അതീവ ഗുരുതരമായ മുറിവാണ് സംഭവിച്ചിരിക്കുന്നത്. നാലുപേരും മെഡിക്കല്‍ കോളജ് ആശുപത്രി പ്രിവന്റീവ് ക്ലിനിക്കിലെത്തി പ്രതിരോധ കുത്തിവയ്‌പ്പെടുത്തു. എന്നാല്‍ പ്രിവന്റീവ് ക്ലിനിക്കില്‍ നിലവിലുള്ള മരുന്നു കുത്തിവച്ചാല്‍ പലര്‍ക്കും റിയാക്ഷന്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് 14000നു മുകളില്‍ വിലയുള്ള മരുന്നാണ് കുത്തിവച്ചത്.
ഒരോരുത്തരെയും കടിച്ചശേഷം തെരുവ്ു നായ ഓടിപ്പോവുകയായിരുന്നു. നാലുപേര്‍ക്ക് കടിയേറ്റെന്ന് നാട്ടില്‍ പരന്നതോടെ നാട്ടുകാര്‍ ജാഗ്രതരായി. ആക്രമത്തിനു ശേഷം ഇവിടെ നിന്ന് ഓടിപ്പോയ തെരുവു നായ സമീപത്തെ കുറ്റിക്കാട്ടില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ പിന്തുടര്‍ന്ന് നായയെ പിടികൂടാനുള്ള ശ്രമം നടത്തി. പിന്നാലെ ചെന്നവരെയും നായ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും കടിയേല്‍ക്കാതെ നാട്ടുകാര്‍ രക്ഷപ്പെടുകയായിരുന്നു.
കാപ്പുംതല സ്വദേശികളായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കെ കെ സാബു, ആന്റണി ജോസഫ് എന്നിവര്‍ കടിയേറ്റ എണ്‍പത്തിയഞ്ച് കാരിയായ അന്നക്കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനു സഹായിച്ചു. സംഭവത്തില്‍ പഞ്ചായത്ത് അധികൃതരും ജാഗരൂകരായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക