|    Nov 20 Mon, 2017 7:25 am
FLASH NEWS

തെരുവു നായയുടെ ആക്രമണം; മദ്‌റസാ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

Published : 21st November 2016 | Posted By: SMR

എരുമപ്പെട്ടി: എരുമപ്പെട്ടിയില്‍ വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം. മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടികള്‍കള്‍ക്ക് നേരെയാണ് തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്. നാട്ടുകാര്‍ നായ്ക്കളെ കല്ലെറിഞ്ഞ് ഓടിച്ച് കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെ എരുമപ്പെട്ടി ഫൊറോന പള്ളിക്ക് സമീപമാണ് കുട്ടികള്‍ക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. മദ്രസയിലേക്ക് പോവുകയായിരുന്ന റമീഷ(9), റാഷി(7), അനസ്(11), ഷിഫ്‌ന(9) എന്നിവരെയാണ് തെരുവ് നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചത്. നായ്ക്കള്‍ ചാടി വീണതിനെ തുടര്‍ന്ന് കുട്ടികള്‍ ചിതറിയോടി. റോഡിലൂടെ ഓടിയ റമീഷയുടെ പര്‍ദയില്‍ പുറകിലെത്തിയ നായ കടിച്ചു വലിച്ചു. താഴെവീണ റമീഷയെ കടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഫൊറോന പള്ളിയില്‍ നിന്നു വന്നിരുന്ന നാട്ടുകാര്‍ നായയെ വിരട്ടിയോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഭയപ്പെട്ട റമീഷ അല്‍പ്പ സമയം അബോധാവസ്ഥയിലാവുകയും ചെയതു. കുട്ടിക്ക് നായയുടെ കടിയേറ്റില്ലെങ്കിലും നിലത്ത് വീണതിനെ തുടര്‍ന്ന് സാരമായ പരിക്കേറ്റു. രക്ഷപ്പെടാന്‍ റോഡരുകിലെ കെട്ടിടങ്ങള്‍ക്ക് ഇടയിലൂടെ ഓടിയ അനസിനെ കൂട്ടമായ് പിന്തുടര്‍ന്ന നായ്ക്കള്‍ ആക്രമിക്കാന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ കല്ലെറിഞ്ഞ് ഓടിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. നായ്ക്കളെ ആട്ടിയോടിച്ച് മറ്റുകുട്ടികളേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ദിവസങ്ങള്‍ക്ക് മുമ്പ് കടങ്ങോട് പഞ്ചായത്തിലെ പന്നിത്തടത്തും സമാനമായ സംഭവം നടന്നിരുന്നു. പന്നിത്തടം നീണ്ടൂര്‍ റോഡില്‍ വെച്ച് രാവിലെ മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടികളെ തെരുവ് നായ്ക്കള്‍ കൂട്ടമായി ആക്രമിക്കുകയും  കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ വയോധികന് കടിയേല്‍ക്കുകയും ചെയതു. പന്നിത്തടം പാപ്പാളി വീട്ടില്‍ മൊയ്തീന്‍കുട്ടിക്കാണ് കടിയേറ്റത്. മുഖത്തും ശരീരത്തിലും സാരമായി കടിയേറ്റ മൊയ്തീന്‍കുട്ടി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക