|    Oct 20 Sat, 2018 1:49 pm
FLASH NEWS

തെരുവുവിളക്ക് പരിപാലനം: കരാര്‍ റദ്ദാക്കിയില്ല; ഓണത്തിനുള്ളില്‍ കത്തിക്കാമെന്ന ഉറപ്പില്‍ അനുമതി

Published : 10th August 2016 | Posted By: SMR

കൊല്ലം: കരാര്‍ റദ്ദ്‌ചെയ്യലിന്റെ വക്കത്തോളം എത്തിയെങ്കിലും കര്‍ശന നിബന്ധനകളോടെ തെരുവുവിളക്ക് പരിപാലനം തുടരാന്‍ അഡ്മീഡിയ എന്ന സ്ഥാപനത്തിന് കൗണ്‍സില്‍ യോഗം ഇന്നലെ അനുമതി നല്‍കി. ഓണത്തിനുള്ളില്‍ 55 ഡിവിഷനുകളിലെയും തെരുവുവിളക്കുകള്‍ കത്തിക്കാമെന്ന ഉറപ്പിന്‍മേലാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് മേയര്‍ അഡ്വ. വി രാജേന്ദ്രബാബു അറിയിച്ചു. അഡ്മീഡിയയുമായുള്ള കരാര്‍ ശാശ്വതമല്ലെന്നും വീഴ്ചവരുത്തിയാല്‍ ഏത് നിമിഷവും കരാര്‍ റദ്ദുചെയ്ത് പുതിയ കരാറിലേക്ക് പോകുമെന്നും മേയര്‍ പറഞ്ഞു.
തെരുവുവിളക്ക് പരിപാലനത്തിന് ദിവസവും ഏഴ് വാഹനങ്ങള്‍ സജ്ജീകരിക്കണമെന്ന് കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതില്‍ ഒരു വാഹനം സോഡിയം ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ മാത്രമുള്ളതാവണം. പ്രതിദിനം 180 ട്യൂബ്‌ലൈറ്റുകളും 15 സോഡിയം വേപ്പര്‍ ലാമ്പുകളും ഇടണം. ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ റിപോര്‍ട്ടായി കോര്‍പറേഷന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ക്ക് നല്‍കണം. പ്രവര്‍ത്തനരഹിതമായ ട്യൂബ്‌ലൈറ്റുകള്‍ നീക്കം ചെയ്യുന്നതിന് ക്ലീന്‍ കേരള കമ്പനിയുമായി ചര്‍ച്ച ചെയ്ത് സംവിധാനം ഒരുക്കാന്‍ ആരോഗ്യ സ്ഥിരംസമിതി ചെയര്‍ പേഴ്‌സനെ ചുമതലപ്പെടുത്തി. സര്‍വീസ് ടാക്‌സ്, ഇന്‍കംടാക്‌സ് എന്നിവ സെപ്തംബര്‍ 15നകം ഒടുക്കണം. കോര്‍പറേഷന്‍ നല്‍കാനുള്ള 10 ലക്ഷം രൂപയില്‍ ആദ്യ ഗഡുവായ 2.5 ലക്ഷം രൂപ 15നകം അടയ്ക്കണം.
റയില്‍വേ മേല്‍പ്പാലം, ഇരുമ്പുപാലത്തിന് സമാന്തരപാലം, പുകയില പണ്ടകശാല പാലം എന്നിവിടങ്ങളില്‍ ലൈറ്റുകള്‍ ഓണത്തിനുമുമ്പ് പ്രവര്‍ത്തന ക്ഷമമാക്കണം. പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് മുന്‍പ് അഡ്മീഡിയ കോര്‍പറേഷന്റെ അനുവാദം വാങ്ങിയിരിക്കണം. അനധികൃത ബോര്‍ഡുകള്‍ കോര്‍പറേഷന്‍ നീക്കം ചെയ്യുമെന്നും മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായിട്ടുണ്ട്.
എല്‍ഇഡി ലെറ്റുകള്‍ വാങ്ങിയതില്‍ അഴിമതിയെന്ന് എസ്ഡിപിഐയും ജെഎസ്എസും

കൊല്ലം: നഗരം പ്രകാശമാനമാക്കുന്നതിന് ആയിരം എല്‍ഇഡി ലൈറ്റുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ എസ്ഡിപിഐ, ജെഎസ്എസ് അംഗങ്ങള്‍ ആരോപിച്ചു. പൊതുവിണിയിലേതിനേക്കാള്‍ കൂടിയ വിലക്കാണ് ലൈറ്റുകള്‍ വാങ്ങിയതെന്ന് എസ്ഡിപിഐ കൗണ്‍സിലര്‍ എ നിസാര്‍ ആരോപിച്ചു. എന്നാല്‍ ആരോപണത്തെ മേയറും നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷന്‍ എംഎ സത്താറും നിഷേധിച്ചു.
കെല്‍ട്രോണ്‍, മീറ്റര്‍ കമ്പനി, സിഡ്‌കോ എന്നീ മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നാണ് ടെന്‍ഡറുകള്‍ ക്ഷണിച്ചത്. 60 വാട്‌സിന്റെ എല്‍ഇഡി ലൈറ്റുകള്‍ ഒന്നിന് 8000 രൂപ വീതം, അഞ്ച് വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരന്റിയോടെയുള്ള മീറ്റര്‍കമ്പനിയുടെ ഓഫറാണ് സ്വീകരിച്ചത്. മൂന്ന് സര്‍ക്കാര്‍ അംഗീകൃത കമ്പനികളില്‍ നിന്ന് നെഗോഷ്യേറ്റ് ചെയ്താണ് എല്‍ഇഡി ലൈറ്റുകള്‍ വാങ്ങിയതെന്നും ഇതില്‍ അഴിമതി ഇല്ലെന്നും മേയര്‍ വ്യക്തമാക്കി.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ കൈവശമുള്ള അഞ്ചാലുംമൂട് ഷോപ്പിങ് കോംപ്ലക്‌സ് ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചിട്ടുള്ളതായി ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അറിയിച്ചു. ടൗണ്‍ഹാള്‍ നവീകരിക്കാന്‍ എസ്റ്റിമേറ്റ് എടുക്കാന്‍ ഗവ. ഏജന്‍സിയായ ഹാബിറ്റാറ്റിനെ ചുമതലപ്പെടുത്തിയതായി മേയര്‍ അറിയിച്ചു.
സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍മാരായ ചിന്ത എല്‍ സജിത്, എസ് ഗീതാകുമാരി, ടിആര്‍ സന്തോഷ്‌കുമാര്‍, അഡ്വ. ഷീബ ആന്റണി എന്നിവരും അംഗങ്ങളായ എസ് മീനാകുമാരി, ടിന്റുബാലന്‍, എസ് രാജ്‌മോഹനന്‍, അഡ്വ. എംഎസ് ഗോപകുമാര്‍, പ്രശാന്ത്, എന്‍ മോഹനന്‍, എസ് പ്രസന്നന്‍, എ നിസാര്‍, കെ ബാബു, വി ഗിരിജാകുമാരി, റീനാ സെബാസ്റ്റ്യന്‍, എ കെ ഹഫീസ് എന്നിവരും പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss