|    Aug 17 Thu, 2017 10:43 pm
FLASH NEWS

തെരുവുവിളക്കുകള്‍ തകരാറില്‍; പനമരം ഗ്രാമപ്പഞ്ചായത്ത് ഇരുട്ടില്‍

Published : 15th August 2016 | Posted By: SMR

പനമരം: ഗ്രാമപ്പഞ്ചായത്തിലെ 23 വാര്‍ഡുകളിലും തെരുവുവിളക്കുകള്‍ കത്തുന്നില്ല. ഇതോടെ മോഷണശല്യവും വര്‍ധിച്ചു. കൈതക്കല്‍, പുഞ്ചവയല്‍, മാത്തൂര്‍, അഞ്ഞിണി, നീര്‍വാരം പ്രദേശങ്ങളില്‍ കാട്ടാശല്യം രൂക്ഷമായതിനു പുറമെ തെരുവുനായശല്യം കൂടിയായതോടെ തെരുവുവിളക്കുകള്‍ കത്താത്തത് ദുരിതമായിരിക്കുകയാണ്.
പഞ്ചായത്ത് ഭരണസമിതിയുടെയും കെഎസ്ഇബിയുടെയും അനാസ്ഥയ്‌ക്കെതിരേ പ്രതിഷേധം വ്യാപകമാണ്. നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ടൗണില്‍ തന്നെ ബസ്സ്റ്റാന്റ് പരിസരത്ത് മാത്രമാണ് ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നത്. പഞ്ചായത്ത് ഓഫിസ് മുതല്‍ പാലം ജങ്ഷന്‍ വരെയും പാലം അപ്രോച്ച് റോഡ്-ആര്യന്നൂര്‍ വരെയുള്ള ഭാഗം ഇരുട്ടിലാണ്.
രാത്രികാലങ്ങളില്‍ ചെറുതും വലതുമായ അപകടങ്ങള്‍ ഇവിടെ പതിവാണ്. കാല്‍നടയാത്രക്കാരെ വാഹനങ്ങള്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയ സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. ഇതൊക്കെ ചൂണ്ടിക്കാണിച്ചാണ് പരാതികള്‍ നല്‍കിയത്. എന്നാല്‍, പലവിധ കാരണങ്ങള്‍ പറഞ്ഞ് ബന്ധപ്പെട്ടവര്‍ കൈയൊഴിയുകയായിരുന്നു.
എംപി ഫണ്ട് ഉപയോഗിച്ച് പല ഭാഗത്തും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നു. ടൗണില്‍ ഒന്നൊഴികെ ശേഷിക്കുന്നതെല്ലാം ഉപയോഗശൂന്യമായി. ഇതോടെ ഇരുട്ടിന്റെ മറവില്‍ സാമൂഹികവിരുദ്ധരും അഴിഞ്ഞാട്ടം തുടങ്ങി.
രാത്രികാലങ്ങളില്‍ മാലിന്യ നിക്ഷേപകേന്ദ്രമായി പാതയോരം മാറുന്നു. ഇക്കാര്യങ്ങള്‍ക്ക് പരിഹാരമായി തെരുവുവിളക്കുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക