|    Jan 20 Fri, 2017 11:47 pm
FLASH NEWS

തെരുവുനായ ശല്യം രൂക്ഷം; വീട്ടമ്മയ്ക്ക് കടിയേറ്റു, ആടുകളെ കൊന്നു

Published : 25th August 2016 | Posted By: SMR

തളിപ്പറമ്പ്: ജില്ലയുടെ വിവിധ ഭാഗങ്ങളിലെന്നപോലെ മലയോരത്തും തെരുവുനായ ശല്യം രൂക്ഷം. ഒരു മാസത്തിനിടെ നിരവധി പേര്‍ക്ക് കടിയേല്‍ക്കുകയും വളര്‍ത്തുമൃഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തു.
ആലക്കോട് കഴിഞ്ഞ ദിവസം ഓട്ടോ യാത്രികയെ തെരുവുനായ ആക്രമിച്ചു. രയരോം പത്തായക്കുണ്ടിലെ അമ്പലവയല്‍ ശോഭാ മധു(40)വിനാണ് കടിയേറ്റത്. ഇന്നലെ രാവിലെ 11.30ഓടെ ആലക്കോട് ടൗണില്‍ ന്യൂബസാറിലാണ് സംഭവം.
ആലക്കോട്ടെ ചാമക്കാല പ്രിന്‍സിന്റെ ഓട്ടോയ്ക്കു കുറുകെ തെരുവുനായ ചാടിയതിനെ തുടര്‍ന്ന് ഇടിച്ചു മറിയുകയായിരുന്നു. ഇതിനിടെ ഓട്ടോയില്‍ കയറിയ നായ ശോഭയുടെ കാലില്‍ കടിച്ചുപരിക്കേല്‍പ്പിച്ചു. സമീപവാസികള്‍ സ്ഥലത്തെത്തി ബഹളമുണ്ടാക്കിയതോടെയാണ് നായ സ്ഥലംവിട്ടത്. പരിക്കേറ്റ ശോഭയെ ഒടുവള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പിനു സമീപം കരുവഞ്ചാല്‍ ടൗണിന് സമീപം കണിയഞ്ചാലിലെ കെ പി കമ്മാരന്റെ ആടുകളെയാണ് തെരുവുനായകള്‍ കടിച്ചുകൊന്നത്.
കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് സംഭവം. മേയാനായി പറമ്പില്‍ കെട്ടിയിട്ട ആടുകളുടെ കരച്ചില്‍ കേട്ട് വീട്ടുകാരെത്തി നോക്കിയപ്പോഴാണ് തെരുവുനായ്ക്കളുടെ ആക്രമണം ശ്രദ്ധയില്‍പെട്ടത്. 15ഓളം നായകളാണ് ആടുകളെ അക്രമിച്ചു കൊലപ്പെടുത്തിയത്.
അറവുശാലകളില്‍ നിന്നും കോഴിക്കടകളില്‍ നിന്നും സല്‍ക്കാരത്തിന്റെയും മറ്റും അവശിഷ്ടങ്ങള്‍ മലയോരത്ത് തള്ളുന്നത് പതിവാണ്. ജനവാസം കുറഞ്ഞ പ്രദേശങ്ങളില്‍ വാഹനങ്ങളിലെത്തി തള്ളുന്ന മാലിന്യങ്ങളില്‍ ഭക്ഷണം തേടിയെത്തുന്ന തെരുവുനായകളാണ് പലപ്പോഴും ആക്രമണകാരികളാവുന്നത്. രാത്രികാലങ്ങളില്‍ വരെ അറവുമാലിന്യങ്ങളും മറ്റും തള്ളുകയാണ്. പോലിസ് പട്രോളിങ് പ്രഹസനമായതിനാല്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താനുമാവുന്നില്ല. കാടുകയറിയ റോഡരികില്‍ തള്ളുന്ന കോഴിയുടെയും മറ്റും അവശിഷ്ടങ്ങള്‍ തേടിയാണ് പലപ്പോഴും നായകള്‍ കൂട്ടത്തോടെയെത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ഇത്തരത്തില്‍ മയ്യില്‍, കുറ്റിയാട്ടൂര്‍, മട്ടന്നൂര്‍, തളിപ്പറമ്പ് ഭാഗങ്ങളില്‍ തെരുവുനായകളുടെ ആക്രമണം നടന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക