|    Apr 25 Tue, 2017 9:50 pm
FLASH NEWS

തെരുവുനായ ശല്യം ; പട്ടിക്കുഞ്ഞുങ്ങളെ കാഴ്ചവച്ച് സാമൂഹിക പ്രവര്‍ത്തകയുടെ ഒറ്റയാള്‍ സമരം

Published : 19th November 2016 | Posted By: SMR

കാക്കനാട്: തെരുവുനായ ശല്യം പരിഹരിക്കാത്തതില്‍ നഗരസഭ ഓഫിസില്‍ പട്ടിക്കുഞ്ഞുങ്ങളുമായെത്തി ചെയര്‍പേഴ്‌സണും കൗണ്‍സിലര്‍മാര്‍ക്കും കാഴ്ചവച്ച് സാമൂഹിക പ്രവര്‍ത്തകയുടെ ഒറ്റയാള്‍ സമരം. തൃക്കാക്കര നഗരസഭയിലാണ് വേറിട്ട സമരം അരങ്ങേറിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് സാമൂഹിക പ്രവര്‍ത്തക സില്‍വി സുനില്‍ കുമാറാണ് പതിനഞ്ച് പട്ടിക്കുട്ടികളെ ചാക്കില്‍ കെട്ടി ചെയര്‍പേഴ്‌സണ് കാഴ്ചവച്ച് വേറിട്ട സമര മുറ പരീക്ഷിച്ചത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ കെ നീനുവിന്റെ വാര്‍ഡിലെ പട്ടിക്കുഞ്ഞുങ്ങളെയാണ് നഗരസഭ ഓഫിസില്‍ എത്തിച്ചത്. ചെയര്‍പേഴ്‌സന്റെ ഓഫിസിന് മുന്നിലെ കാര്‍പോര്‍ച്ചില്‍ എത്തിച്ച പട്ടിക്കുഞ്ഞങ്ങളെ കണ്ട് കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ജീവനക്കാരും ചുറ്റും കൂടിയതോടെ തര്‍ക്കവും വാക്കേറ്റവുമായി. വാക്കേറ്റം രൂക്ഷമായതിനെതുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ പോലിസില്‍ വിവരമറിയിച്ചു. എസ്‌ഐയുടെ നേതൃത്വത്തിലത്തെിയ പോലിസ് സംഘം സമരക്കാരിയെയും പട്ടിക്കുഞ്ഞുങ്ങളെയും കസ്റ്റഡിയിലെടുത്തു. പട്ടിക്കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് വന്ന സ്ഥലത്ത് തന്നെ തിരിച്ചുകൊണ്ടുപോയി ആക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിച്ചത്. ചെയര്‍പേഴ്‌സന്റെ വാര്‍ഡില്‍ വാഹനങ്ങള്‍ കുതിച്ചു പായുന്ന ഇന്‍ഫോപാര്‍ക്ക് റോഡരികില്‍ പ്രസവിച്ചുകിടന്ന പട്ടിക്കുഞ്ഞങ്ങളെയാണ് പൊതുപ്രവര്‍ത്തക സമരായുധമാക്കിയത്. സ്‌കൂളിലേക്ക് പോവുന്ന കുട്ടികള്‍ക്ക് നേരെ തെരുവ് പട്ടികള്‍ കുരച്ച് ചാടുന്നത് നിത്യസംഭവമാണ്. നഗരസഭ പ്രദേശത്തെ ഒട്ടുമിക്ക വാര്‍ഡുകളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് പട്ടിക്കുഞ്ഞുങ്ങളുമായെത്തി സമരത്തിന് മുതിര്‍ന്നതെന്നും സില്‍വി സുനില്‍ കുമാര്‍ വ്യക്തമാക്കി. അതെസമയം മുനിസിപ്പല്‍ പ്രദേശത്തെ തെരുവ് നായശല്യം പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പല്‍ സെക്രട്ടറി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ പുത്തന്‍കുരിശിലെ നിര്‍ദിഷ്ട പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ അഞ്ചുലക്ഷം വകയിരുത്തി നഗരസഭ കൈമാറിയിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day