|    Jan 17 Tue, 2017 12:44 am
FLASH NEWS

തെരുവുനായ ശല്യം: നിയമം ലംഘിച്ച് നായ്ക്കളെ കൊല്ലുന്നത് ശാശ്വത പരിഹാരമല്ല; വന്ധ്യംകരണത്തിലൂടെ പ്രശ്‌നം പരിഹരിക്കണം: മേനക ഗാന്ധി

Published : 27th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊന്നൊടുക്കുകയല്ല,  വന്ധ്യംകരണത്തിലൂടെ പ്രശ്‌നം പരിഹരിക്കുകയാണു വേണ്ടതെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. തെരുവുനായ്ക്കളെ കൊന്നൊടുക്കാനുള്ള കേരള സര്‍ക്കാരിന്റെ നിലപാട് സുപ്രിംകോടതി ഉത്തരവുകള്‍ക്കു വിരുദ്ധമാണെന്നും അവര്‍ പറഞ്ഞു.
ആക്രമണകാരികളായ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് സ ര്‍ക്കാര്‍ പിന്മാറുന്നതാണു പ്രശ്‌നകാരണം. വന്ധ്യംകരണത്തിനായി കേന്ദ്രം നല്‍കിയ തുക കേരളം വിനിയോഗിച്ചിട്ടില്ലെന്നും മേനക ഗാന്ധി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വൃദ്ധയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നത് ഇറച്ചിയുമായി സഞ്ചരിക്കുമ്പോഴാണെന്നു പറഞ്ഞിട്ടില്ല. പറയാത്ത കാര്യങ്ങള്‍ പര്‍വതീകരിച്ച് തന്നെ ഭീകരവാദിയായി ചിത്രീകരിക്കാനാണ് ശ്രമം. തെരുവുനായശല്യം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ കേരളത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയ വന്ധ്യംകരണപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ വിജയിപ്പിക്കാനായിട്ടില്ല. നിയമം ലംഘിച്ച്  തെരുവുനായ്ക്കളെ കൊല്ലുന്നത് ശാശ്വതമായ പ്രശ്‌നപരിഹാരമല്ലെന്നും മേനക ഗാന്ധി പറഞ്ഞു. ഡല്‍ഹിയില്‍ നാലുലക്ഷം തെരുവുനായ്ക്കളായിരുന്നു ഉണ്ടായിരുന്നത്. വന്ധ്യംകരണപ്രവര്‍ത്തനങ്ങള്‍ മുന്നേറിയതോടെ തെരുവുനായ്ക്കളുടെ എണ്ണം 70,000 ആയി കുറഞ്ഞു.
തെരുവുനായ്ക്കളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രനിയമം സുപ്രിംകോടതി പലതവണ ശരിവച്ചതാണ്. സമാനമായി ആറ് ഹൈക്കോടതികളുടെയും ഉത്തരവുകളുണ്ട്. കേരളം അക്രമകാരികളായ നായകളെ കൊല്ലാന്‍ തീരുമാനിച്ചാല്‍ അതിന്റെ മറവില്‍ എല്ലാ നായകളെയും കൊല്ലാനുള്ള അവസരമാവുമെന്നും മേനക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
140 പേര്‍ക്ക് ഒരു നായ എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ കണക്ക്. ഇതു രാജ്യത്തെ ഏറ്റവും കുറഞ്ഞ അനുപാതമാണ്. ഇതിനേക്കാള്‍ കൂടിയ അനുപാതമുള്ള സംസ്ഥാനങ്ങളില്‍ തെരുവുനായയുടെ ആക്രമണ കേസുകള്‍ ഇല്ല. അതേസമയം തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ തിരുവനന്തപുരത്ത് വയോധിക മരിച്ചത് ദൗര്‍ഭാഗ്യകരമാണ്. വന്ധ്യംകരണത്തിനായി കേന്ദ്രവും മൃഗസംരക്ഷണബോ ര്‍ഡും നല്‍കിയ ഫണ്ട് കേരളം എന്തുചെയ്‌തെന്ന് അറിയില്ലെന്നും മേനക പറഞ്ഞു.
മനുഷ്യസ്‌നേഹമില്ലാത്തവര്‍ എങ്ങനെ മൃഗസ്‌നേഹികളാവും: മന്ത്രി ജലീല്‍
കാഞ്ഞിരപ്പള്ളി: തെരുവുനായ പ്രശ്‌നത്തില്‍ മേനക ഗാന്ധിക്ക് മന്ത്രി കെ ടി ജലീലിന്റെ മറുപടി. മനുഷ്യസ്‌നേഹമില്ലാത്തവര്‍ എങ്ങനെ മൃഗസ്‌നേഹികളാവുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കാഞ്ഞിരപ്പള്ളിയില്‍ പൊതുപരിപാടിക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടകാരികളായ നായ്ക്കളെ കൈകാര്യം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല. എന്നാല്‍, തെരുവുനായ്ക്കളെ കൊല്ലാന്‍ തന്നെയാണു തീരുമാനം. കേരള സര്‍ക്കാര്‍ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും തന്നെ ഭീകരയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും മേനക ഗാന്ധി ആരോപിച്ചിരുന്നു. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള പണം സംസ്ഥാന സര്‍ക്കാര്‍ മുടക്കിയതില്‍ വീഴ്ചപറ്റിയിട്ടുണ്ട്.  പ്രകൃതിസ്‌നേഹികളുടെയും മനുഷ്യസ്‌നേഹികളുടെയുമൊക്കെ അഭിപ്രായം കണക്കിലെടുത്തു മാത്രമേ വിഷയത്തിന് പരിഹാരം കണ്ടെത്തുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക