തെരുവുനായ വന്ധ്യംകരണ ശാസ്ത്രീയ പരിശീലന പരിപാടിക്ക് തുടക്കം
Published : 5th October 2016 | Posted By: Abbasali tf
നെടുമ്പാശ്ശേരി: തെരുവുനായ്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്നതിനുള്ള ശാസ്ത്രീയ പരിശീലന പരിപാടി കുന്നുകര പഞ്ചായത്തില്‍ തുടങ്ങി. സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായാണ് പരിപാടിക്ക് തുടക്കംകുറിച്ചിരിക്കുന്നത്. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ഉള്‍പെടെ ജില്ലയിലെ നാല് ബ്ലോക്ക് പഞ്ചായത്തുകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നായകളെ പിടികൂടി വന്ധ്യംകരിക്കുന്നതിന് വനിതകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 18 വനിതകളാണ് പങ്കെടുക്കുന്നത്. നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് തിരികെ സ്വതന്ത്രമാക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനമാണ് നല്‍കുന്നത്. പരിശീലനത്തില്‍ നായ പിടിത്തക്കാരുടെ മനോവീര്യം ഉയര്‍ത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഉതകുന്ന തരത്തിലുള്ള വിഷയങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നടപ്പാക്കിവരുന്ന അനിമല്‍ബര്‍ത്ത് കണ്ട്രോള് (എബിസി) പ്രോഗ്രാമിന്റെ ഭാഗമായാണ് പരിശീലന പരിപാടി ആരംഭിച്ചിരിക്കുന്നത്. കുന്നുകര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സീന സന്തോഷ് അധ്യക്ഷയായിരുന്നു. കുടുംബശ്രീ ജില്ലാ കോ-ഓഡിനേറ്റര്‍ ടാനി തോമസ്, വിവിധ പഞ്ചായത്തുകളില്‍നിന്നുള്ള പഞ്ചായത്ത് അംഗങ്ങളായ സി യു ജബ്ബാര്‍, ലിസി ജോര്‍ജ്, പി വി തോമസ്, ടി കെ അജികുമാര്‍, എം പി ജോസ്, ഷീജ ഷാജി, രതി സാബു, ഷാനിബ മജീദ്, ഷീബ പോള്സന്, സിഡിഎസ് ചെയര്പേഴ്സന് പ്രവീണ, സുബൈദ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പേപ്പട്ടി വിഷബാധയെ സംബന്ധിച്ച് അങ്കമാലി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജയയും, തെരുവ് നായകളെ പിടികൂടുന്നതിനും വന്ധീകരണം നടത്തുന്നതിനെ സംബന്ധിച്ചും വെറ്റിനറി സര്ജന് ഡോക്ടര്‍ ലാല്‍ജി മാത്യുവും ക്ലാസെടുത്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.