|    Jan 17 Tue, 2017 6:26 am
FLASH NEWS

തെരുവുനായ വന്ധ്യംകരണം രണ്ടാംഘട്ടം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച്

Published : 18th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: ജില്ലയില്‍ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി നടത്തിവരുന്ന തെരുവുനായ വന്ധ്യംകരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് നവംബര്‍ 15ന് തുടക്കമാവും. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കൃത്യമായ അവലോകനത്തിനുമായി 73 പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ജനകീയ മോണിറ്ററിങ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് വികെ മധു അറിയിച്ചു. തെരുവുനായ വന്ധ്യംകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഹാളി ല്‍ ചേര്‍ന്ന ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വെറ്റിനറി സര്‍ജന്‍മാരുടെയും സന്നദ്ധസംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി ഒന്നിന് സമ്പൂര്‍ണ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ഡ് ജില്ലയായി പ്രഖ്യാപിക്കാനാവുന്ന തരത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് രണ്ടും മൂന്നും ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്നാംഘട്ടം ഡിസംബര്‍ 10ന് തുടങ്ങും. ഇതിന്റെ ഭാഗമായി വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 15 മുതല്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഇതോടനുബന്ധിച്ച് ജില്ലയിലെ 11 ബ്ലോക്കുകളിലും തെരുവുനായ വന്ധ്യംകരണത്തിനുള്ള കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാകും. നിലവിലെ ആറു കേന്ദ്രങ്ങള്‍ക്ക് പുറമേ അഞ്ച് പുതിയ കേന്ദ്രങ്ങളാണ് തുടങ്ങുന്നത്. വിദഗ്ധരായ നായ പിടുത്തക്കാരുടെ അഭാവമായിരുന്നു ഒന്നാംഘട്ടത്തിലെ വെല്ലുവിളി. എന്നാല്‍ പരിശീലനം സിദ്ധിച്ച 18 പേരുടെ സാന്നിധ്യം രണ്ടാംഘട്ടത്തിന് കൂടുതല്‍ ഉണര്‍വ് പകരുമെന്നും ഇനിയും കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കി ബ്ലോക്ക് തല കേന്ദ്രങ്ങളില്‍ അവരുടെ സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാലുപേരടങ്ങിയ ഒരു ടീമായാണ് ഇവര്‍ പ്രവര്‍ത്തിക്കുക. നിലവിലുള്ള വന്ധ്യംകരണ കേന്ദ്രങ്ങളില്‍ ഒരെണ്ണം വിപുലീകരിച്ച് സ്ഥിരം സംവിധാനമായി പ്രവര്‍ത്തിക്കുമെന്നും നായപിടുത്തക്കാരുടെ പരിശീലനത്തിനും വന്ധ്യംകരണ കേന്ദ്രങ്ങളിലെ പശ്ചാത്തല സംവിധാനങ്ങള്‍ ഒരുക്കുന്നതിനുമുള്ള ഫണ്ട് ജില്ലാ പഞ്ചായത്ത് വഹിക്കുമെന്നും വികെ മധു പറഞ്ഞു. നിലവില്‍ ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയും ഗ്രാമപ്പഞ്ചായത്തുകള്‍ ഒരോ ലക്ഷം രൂപ വീതവുമാണ് ഈ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും. അല്ലാത്തവയെ തെരുവുനായ്ക്കളായി കണ്ട് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപടിയെടുക്കുമെന്നും ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ വളര്‍ത്തുനായകള്‍ക്ക് പ്രത്യേക ടാഗ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എഡിഎം ജോണ്‍ വി സാമുവല്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ചന്ദ്രശേഖരന്‍ നായര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക