|    Jan 17 Tue, 2017 2:26 pm
FLASH NEWS

തെരുവുനായ പ്രശ്‌നം: ജനം നിയമം കൈയിലെടുക്കുമെന്ന് കമ്മീഷന്‍

Published : 10th October 2016 | Posted By: SMR

കൊച്ചി: തെരുവുനായകളുടെ എണ്ണം സംസ്ഥാനത്ത് ഉടനടി കുറച്ചില്ലെങ്കില്‍ പൊതുജനം നിയമം കൈയിലെടുക്കുമെന്ന് ജസ്റ്റിസ് സിരിജഗന്‍ കമ്മീഷന്‍. അടുത്തിടെ നടത്തിയ ഒരു സര്‍വേപ്രകാരം 85 ശതമാനം പേരും അടിയന്തരമായി നായ്ക്കളെ കൊല്ലണമെന്ന അഭിപ്രായക്കാരാണ്. 2001 വരെ സംസ്ഥാനത്ത് തെരുവുനായകളുടെ എണ്ണവും ശല്യവും നിയന്ത്രണവിധേയമായിരുന്നു. എന്നാല്‍, നായകളുടെ ജനനനിയന്ത്രണച്ചട്ടം നിലവില്‍ വന്നതോടെ തെരുവുനായകളെ കൊല്ലുന്നത് തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ത്തി. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ തെരുവു നായകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണുണ്ടായതെന്നും തെരുവുനായകളെക്കുറിച്ച് പഠനം നടത്താന്‍ നിയോഗിച്ച കമ്മീഷന്‍ സുപ്രിംകോടതിക്ക് കൈമാറാന്‍ തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 2015-16ല്‍ കേരളത്തില്‍ 9,23,359 നായകളുണ്ട്. ഇതില്‍ 2,68,994 എണ്ണം തെരുവുനായകളാണ്. നായകളുടെ ജനനനിയന്ത്രണം അടിയന്തര പരിഹാരമാര്‍ഗമല്ല. ഈ രീതി അവലംബിച്ചാല്‍ ചുരുങ്ങിയത് നാലുവര്‍ഷമെങ്കിലും എടുക്കും. പിടികൂടുന്ന നായ്ക്കളെ അതേ സ്ഥലത്ത്  തിരിച്ചുവിട്ടാല്‍ അത്യന്തം അപകടകരമായ സ്ഥിതിവിശേഷം ഉണ്ടാവും. മനുഷ്യനെ മാത്രമല്ല, വളര്‍ത്തുമൃഗങ്ങളായ കോഴി, ആട്, പശു, കാള, പട്ടി എന്നിവയെയും തെരുവു നായകള്‍ ആക്രമിക്കുന്നു. തെരുവുനായകളുടെ ആക്രമണം വര്‍ധിച്ചതോടെ അവയെ പരസ്യമായി കൊല്ലുന്നതിനു ജനങ്ങള്‍ തയ്യാറാവുന്നു. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോവും. അതിനാല്‍ ഇക്കാര്യത്തില്‍ ശാശ്വത പരിഹാരമുണ്ടാവണമെന്നും ജസ്റ്റിസ് സിരിജഗന്റെ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ നഷ്ടപരിഹാരം തേടി നായകടിയേറ്റ 60 പേരുടെ അപേക്ഷ കമ്മീഷന് ലഭിച്ചു. ഇത്തരം അപേക്ഷകളില്‍ വിശദാംശങ്ങള്‍ ആരാഞ്ഞ് സര്‍ക്കാരിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് അയച്ചു. ജില്ലാ ആസ്ഥാനങ്ങളില്‍ സിറ്റിങ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ചവറ്റുകുട്ടകള്‍ നീക്കിയതോടെ ജനങ്ങള്‍ മാലിന്യം തെരുവില്‍ വലിച്ചെറിയാന്‍ തുടങ്ങി. ഇതും  അനധികൃതമായി പ്രവര്‍ത്തിക്കുന്ന കശാപ്പുശാലകളില്‍നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങളും തെരുവുനായകള്‍ക്ക് ഭക്ഷണമാവുന്നുണ്ട്.
70 ശതമാനം നായ്ക്കളെയെങ്കിലും വന്ധ്യംകരിച്ചാലേ എണ്ണം കുറയ്ക്കാനാവൂ. നായചട്ടപ്രകാരമുള്ള വന്ധ്യംകരണ പരിപാടി സംസ്ഥാനത്ത് തുടങ്ങിയിട്ടില്ല. ജനനനിയന്ത്രണത്തെക്കാള്‍ നായ്ക്കളുമായി ബന്ധപ്പെട്ട ചട്ടത്തില്‍ നിര്‍ദേശിക്കുന്ന മറ്റു നടപടികളിലൂടെ നായ്ക്കളുടെ എണ്ണം കുറയ്ക്കുകയാണു വേണ്ടത്. എങ്കിലേ ജനങ്ങള്‍ സുരക്ഷിതരാണെന്ന ബോധം ഉറപ്പാക്കാനാവൂ. സ്വകാര്യ ആശുപത്രികളില്‍  20,000 രൂപയും സര്‍ക്കാര്‍ ആശുപത്രിയില്‍ 6,500 രൂപയുമാണ് പേവിഷബാധയ്‌ക്കെതിരായ സുരക്ഷിതമായ വാക്‌സിന്റെ വില. വില കൂടുതല്‍ കാരണം കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ അവശ്യമരുന്ന്   പട്ടികയില്‍നിന്ന് നീക്കിയ ഈ വാക്‌സിന്‍ പുനസ്ഥാപിക്കണം. പേവിഷ പ്രതിരോധ മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാക്കണമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
നിരവധി തവണ ആവശ്യപ്പെട്ടെങ്കിലൂം സംസ്ഥാന സര്‍ക്കാര്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിനുള്ള അടിസ്ഥാന സൗകര്യം നല്‍കാന്‍ താമസിച്ചു. തപാല്‍ അയക്കുന്നതിനുള്‍പ്പെടെയുള്ള ചെലവുകള്‍ സ്വന്തം പോക്കറ്റില്‍നിന്നാണ് വഹിക്കുന്നത്. ചെയര്‍മാന്‍ എന്ന നിലയില്‍ ലഭിക്കേണ്ട ഓണറേറിയം പതിവായി ലഭിക്കാറില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ കമ്മീഷന് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാവാന്‍ സാധിച്ചിട്ടില്ല. 2001 മുതല്‍ ഓരോ വര്‍ഷവും തെരുവുനായകളുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധന പരിശോധിക്കാന്‍ കമ്മീഷന്‍ ശ്രമിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കണക്കു നല്‍കിയില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക