|    May 26 Fri, 2017 11:15 am
FLASH NEWS

തെരുവുനായ കേസ്; വ്യക്തതയില്ലാതെ കേരളം സുപ്രിംകോടതിയില്‍

Published : 7th September 2016 | Posted By: SMR

ന്യൂഡല്‍ഹി: തെരുവുനായകള്‍ കേരളത്തിലുണ്ടാക്കുന്ന ദാരുണ സംഭവങ്ങള്‍ ഒന്നും പരാമര്‍ശിക്കാതെ കേരളം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആക്രമണകാരികളായ നായകളെ വന്ധ്യംകരിക്കുമെന്നും പ്രത്യേക കേന്ദ്രത്തിലാക്കുമെന്നും അഡീഷനല്‍ ലോ സെക്രട്ടറി മുഖേന നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദമാക്കുന്നുണ്ട്. കേരളത്തില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്ന് ആരോപിച്ച് അനുപം ത്രിപാഠി നല്‍കിയ ഹരജിയിലാണ് കേരള സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
ആക്രമണകാരികളായ നായകളെ കൊല്ലുമോയെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. മനുഷ്യജീവനു ഭീഷണിയാവുന്ന തെരുവ് നായ്ക്കളെ കൊല്ലാനും മറ്റുള്ളവയെ വന്ധ്യംകരിക്കാനും സുപ്രിംകോടതി നേരത്തേ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഒരു വിശദാംശങ്ങളും നല്‍കാതെയാണ് സംസ്ഥാനം സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
തെരുവുനായകളെ വന്ധ്യംകരിക്കുന്നതിനു പഞ്ചായത്ത് തലത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ചും ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിനെ കുറിച്ചും മൂന്ന് പേജുള്ള സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ബ്ലോക്ക് തലത്തിലുള്ള ഇമ്യൂണൈസേഷന്‍ ക്യാംപിലേക്ക് തെരുവുനായകളെ കൊണ്ടുവരുന്നതിനാണ് ആദ്യഘട്ടത്തില്‍ ശ്രമിക്കുന്നതെന്നും അവിടെ വന്ധ്യംകരണത്തിന് വിധേയമാക്കുന്നവയെ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിച്ച് അവിടേക്ക് മാറ്റുമെന്നും അവ തെരുവുനായകളുടെ പുനരധിവാസ കേന്ദ്രമാക്കുമെന്നും സര്‍ക്കാര്‍ വിശദമാക്കുന്നുണ്ട്.
ആക്രമണകാരികളായ തെരുവ് നായ്ക്കളെ മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തുമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ നേരത്തേ വ്യക്തമാക്കിയിരുന്നത്. ഇതിനുശേഷവും തെരുവ്‌നായ ശല്യം വലിയ പ്രശ്‌നമായി തുടരുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ അക്കാര്യങ്ങളൊന്നും പരാമര്‍ശിക്കാതെ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day