|    Apr 28 Fri, 2017 2:05 am
FLASH NEWS

തെരുവുനായ ആക്രമണം വര്‍ധിച്ചു

Published : 9th November 2016 | Posted By: SMR

ആലപ്പുഴ: ജില്ലയില്‍ തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ തെരുവുനായ ആക്രമണത്തിനിരയായി. രണ്ടു ദിവസങ്ങളിലായി ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി 20ഓളം പേര്‍ക്ക് കടിയേറ്റു. കടിയേല്‍ക്കുന്നവരില്‍ കൂടുതല്‍പ്പേരും കുട്ടികളാണ്. വിദ്യാലയങ്ങളുടെ സമീപ പ്രദേശങ്ങളിലെ നിരത്തുകളിലാണ് തെരുവുനായകള്‍ കൂടുതലായും ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസം വള്ളികുന്നത്ത് വീട്ടുമുറ്റത്തു കളിക്കുകയായിരുന്നു അഞ്ചു വയസ്സുകാരനെ തെരുവുനായ് ആക്രമിച്ചു. ഇലിപ്പക്കുളം ചൂനാട് വിളയില്‍ പുത്തന്‍ വീട്ടില്‍ പ്രദീപിന്റെ മകന്‍ അഭിരാമിനാണ് ഇടതു കണ്ണിനു താഴെയും തലയിലും തെരുവു നായയുടെ കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെ അഭിരാം മുറ്റത്തിരുന്നു കളിക്കുമ്പോള്‍ ദൂരെ നിന്ന് ഓടിയെത്തിയ തെരുവു നായ് കുട്ടിയെ മറിച്ചിട്ട് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ടു വീട്ടുകാര്‍ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. അഭിരാമിനെ കായംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളികുന്നത്ത് കഴിഞ്ഞ ദിവസങ്ങളിലും ഒട്ടേറെ പേരെ തെരുവുനായ്ക്കള്‍ ആക്രമിച്ചിരുന്നു.കഴിഞ്ഞ ദിവസം ആദിക്കാട്ടുകുളങ്ങരയില്‍ രണ്ടു പേരെ തെരുവുനായ ആക്രമിച്ചു. വികലാംഗനായ മേട്ടുംപുറം മണ്ണമ്പുറത്ത് കിഴക്ക് ഷാജഹാന്‍ (51), ആദിക്കാട്ടുകുളങ്ങര കിഴക്കേവിളയില്‍ ഹനീഫയുടെ മകന്‍ ഫൈസല്‍ (ഏഴ്) എന്നിവരാണു തെരുവുനായയുടെ ആക്രമണത്തിനിരയായത്. പരിക്കേറ്റ ഇരുവരെയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ നാലുമണിയോടെയാണ് ഉറങ്ങിക്കിടക്കുമ്പോള്‍ ഷാജഹാനു കടിയേല്‍ക്കുന്നത്. ഇരു കാലുകള്‍ക്കും മുറിവേറ്റ നിലയിലാണ്. അതേസമയം തെരുവുനായ ആക്രമണത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ട തദ്ധേശസ്വയം ഭരണ സ്ഥാപനങ്ങളോ ജില്ല ഭരണകൂടമോ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. തെരുവുനായ നിയന്ത്രണത്തിന് ജില്ലയില്‍ ചുരുക്കം ചില തദ്ധേശസ്ഥാപനങ്ങള്‍ മാത്രമാണ് നടപടി സ്വീകരിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day