|    Jan 24 Tue, 2017 4:46 am

തെരുവുനായ ആക്രമണം: ദിനംപ്രതി കടിയേല്‍ക്കുന്നത് 2,000 പേര്‍ക്ക്; മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി മെഡിക്കല്‍സംഘം

Published : 26th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ തെരുവുനായ ഭീഷണിയുള്ള സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രത്യേക മെഡിക്കല്‍സംഘം തയ്യാറാവുന്നു. മുന്‍കരുതല്‍ നിര്‍ദേശങ്ങളും പ്രഥമ ചികില്‍സയും എങ്ങനെ കൈക്കൊള്ളാമെന്ന പ്രചാരണത്തിനായി മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗമാണ് ഇടപെടല്‍ നടത്തുന്നത്.
എല്ലാ പ്രതിരോധ കുത്തിവയ്പുകളും എടുക്കുന്ന വളര്‍ത്തുനായ്ക്കള്‍ കടിച്ചാല്‍ പോലും ചികില്‍സ തേടണം. പട്ടികടിക്കുകയോ അവയുടെ നഖംകൊണ്ട് മുറിവേല്‍ക്കുകയോ ചെയ്താലും ചികില്‍സിക്കണം. മുറിവ് എത്ര ചെറുതാണെങ്കിലും പേവിഷം ശരീരത്തില്‍ കലരാന്‍ സാധ്യതയുണ്ട്. ചെറിയ മുറിവുകള്‍ കാര്യമാക്കാതിരിക്കുന്നവര്‍ മാസങ്ങള്‍ കഴിഞ്ഞ് പേ ബാധിച്ച് മരിച്ച സംഭവം അടുത്തിടെപോലും റിപോര്‍ട്ട് ചെയ്തിരുന്നു. അതിനാല്‍ തന്നെ വളര്‍ത്തുനായ ആണെങ്കില്‍ കൂടി കടിച്ചാല്‍ ചികില്‍സതേടണം.
പട്ടികടിയേറ്റാല്‍ ആദ്യമായി കടിച്ച ഭാഗം സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. പേവിഷബാധയുടെ അണുക്കളില്‍ കൊഴുപ്പ് അധികമുണ്ട്. ഇങ്ങനെ സോപ്പുപയോഗിച്ച് കഴുകിയാ ല്‍ 99 ശതമാനം അണുക്കളും ഇല്ലാതാവും. തുടര്‍ന്ന് ഒട്ടും വൈകാതെ തൊട്ടടുത്തുള്ള സര്‍ക്കാ ര്‍ ആശുപത്രിയില്‍ എത്തുക. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമേ പേവിഷത്തിനുള്ള മരുന്നുകള്‍ സൗജന്യമായി ലഭിക്കുകയുള്ളൂ. സാധാരണ ആഴത്തി ല്‍ മുറിവുണ്ടെങ്കില്‍ അത് പേപ്പട്ടിയുടെ കടിയാവുമെന്നാണു നിഗമനം. എങ്കിലും ഏതുതരം പട്ടി കടിച്ചാലും പേവിഷബാധയ്ക്കുള്ള ഇന്‍ജക്ഷനാണ് എടുക്കുക. ആധുനിക രീതിയില്‍ വികസിപ്പിച്ചെടുത്ത ആന്റി റാബിസ് വാക്‌സിന്‍, ആന്റി റാബിസ് സിറം എന്നീ കുത്തിവയ്പുകളാണ് ഇപ്പോള്‍ എടുക്കുന്നത്. ഒരുമാസത്തിനിടെ നാല് ഡോസ് കുത്തിവയ്പുകള്‍ നടത്തും. പട്ടിയുടെ കടിയേറ്റാല്‍ 90 ദിവസത്തിനുള്ളില്‍ പേവിഷം ഏല്‍ക്കുമെന്നാണു കണക്കാക്കിയിരുന്നത്. എന്നാല്‍, പട്ടി കടിച്ച് നാലുവര്‍ഷത്തിനു ശേഷവും പേവിഷബാധ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് ദിനംപ്രതി 2,000 പേര്‍ക്ക് പട്ടികടിയേല്‍ക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ച് ബോധവല്‍കരണം നല്‍കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതര്‍ തീരുമാനിച്ചത്.
കേരളത്തില്‍ ദിവസംതോറും രണ്ടായിരത്തോളം പേരെ പട്ടികടിക്കുന്നു എന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. ലോകത്തില്‍ ഒരോ വര്‍ഷവും ശരാശരി 59,000 പേര്‍ പേവിഷബാധയേറ്റു മരിക്കുന്നു. അതായത് 10 മിനിറ്റില്‍ ഒരാള്‍. ഇതില്‍ 25,000 പേരും ഇന്ത്യയിലാണ്. അതായത്, ലോകത്ത് പേവിഷബാധയേറ്റ് മരിക്കുന്നവരില്‍ 40 മുതല്‍ 50 ശതമാനം വരെ ഇന്ത്യക്കാരാണ്. എന്നാല്‍, ഇരുപത്തിയഞ്ചോ അതിനു താഴെയോ ആള്‍ക്കാര്‍ മാത്രമേ കേരളത്തില്‍ പ്രതിവര്‍ഷം പേവിഷബാധയേറ്റ് മരിക്കുന്നുള്ളു എന്നത് ആശ്വാസകരമാണ്. ഇതിന് പ്രധാന കാരണം പേവിഷബാധയെപ്പറ്റി സാധാരണ ജനങ്ങള്‍ക്കുപോലും വ്യക്തമായ ധാരണയുണ്ട് എന്നതാണ്.
ആരോഗ്യരംഗത്ത് വലിയ മുന്നേറ്റങ്ങളുള്ള കേരളത്തില്‍ പേവിഷബാധയ്‌ക്കെതിരേയുള്ള മരുന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ തികച്ചും സൗജന്യമാണ്. ഒരുവര്‍ഷത്തില്‍ 12 കോടി രൂപയുടെ റാബിസ് മരുന്നുകളാണ് സര്‍ക്കാര്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍നിന്നു വാങ്ങുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക