|    May 24 Wed, 2017 3:16 pm
FLASH NEWS

തെരുവുനായ അക്രമം: മരിച്ച ശിലുവമ്മയുടെ കുടുംബത്തിന് അഞ്ചുലക്ഷം നഷ്ടപരിഹാരം

Published : 26th August 2016 | Posted By: SMR

തിരുവനന്തപുരം: പൂവാര്‍ നെയ്യാറ്റിന്‍കര പുല്ലുവിളയില്‍ തെരുവുനായയുടെ കടിയേറ്റ് മരിച്ച ശിലുവമ്മയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇവരുടെ രണ്ടു മക്കള്‍ക്കും രണ്ടരലക്ഷം രൂപവീതമായിരിക്കും നല്‍കുക.
നേരത്തെ 10,000 രൂപ മാത്രമാണ് ഇവര്‍ക്കു സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഇന്നലെ മന്ത്രിസഭായോഗത്തില്‍ തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീലാണു ധനസഹായം ഉയര്‍ത്തുന്ന കാര്യം ഉന്നയിച്ചത്. തുടര്‍ന്ന് അഞ്ചുലക്ഷം രൂപ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. നെയ്യാറ്റിന്‍കരയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന പുല്ലുവിള വടക്കേതോട്ടം പുരയിടത്തില്‍ ഡെയ്‌സിക്ക് 50,000 രൂപ ചികില്‍സാ സഹായം നല്‍കും.
കൂടാതെ ഇവരുടെ മുഴുവന്‍ ചികില്‍സാ ചെലവും സര്‍ക്കാര്‍ വഹിക്കും. ഇതിനായി തിരുവനന്തപുരം ജില്ലാ കലക്ടറെ മന്ത്രിസഭ ചുമതലപ്പെടുത്തി. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന നടപടികള്‍ വീഴ്ചയില്ലാതെ നടപ്പാക്കുമെന്നു മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
നിയമപ്രശ്‌നങ്ങളുണ്ടെങ്കിലും സമയബന്ധിതമായി വന്ധ്യംകരണം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, നായ്ക്കളെ കൊല്ലരുതെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശം അംഗീകരിക്കേണ്ടതില്ലെന്നു സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. ആക്രമണകാരികളായ നായ്ക്കളെ കുത്തിവച്ച് കൊല്ലാമെന്ന മുന്‍നിലപാടാണ് സര്‍ക്കാരിനുള്ളത്. ആക്രമണകാരികളായ നായ്ക്കളുടെ കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു നിയമപരമായി ഉചിതമായ തീരുമാനമെടുക്കാമെന്നാണു മന്ത്രിസഭായോഗത്തിലുണ്ടായ തീരുമാനം.
ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നകാര്യത്തില്‍ അതത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. സുപ്രിംകോടതി വിധിയനുസരിച്ച് ഇക്കാര്യത്തില്‍ നിയമപരമായ തടസ്സങ്ങളില്ലെന്നാണു മന്ത്രിസഭായോഗം വിലയിരുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day